India - 2024

ദൈവത്തില്‍ ആശ്രയിച്ചു തിന്മയെ എതിര്‍ക്കണം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 30-12-2018 - Sunday

തിരുവനന്തപുരം: മദ്യസംസ്‌കാരത്തെ തുടച്ചു നീക്കാനും അദ്ഭുതം പ്രവര്‍ത്തിക്കാനും യുവാക്കള്‍ വിചാരിച്ചാല്‍ സാധിക്കുമെന്നും നമ്മുടെ ബുദ്ധിയും ശക്തിയുംകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന ഓര്‍മയോടെ ദൈവത്തില്‍ ആശ്രയിച്ചു തിന്മയെ എതിര്‍ക്കണമെന്നും കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പുമായ ഡോ.എം.സൂസപാക്യം. കെസിവൈഎം റൂബി ജൂബിലി സമാപനം സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിരൂപതാ പ്രദേശങ്ങളില്‍ വ്യാജവാറ്റും മദ്യവില്പനയും തടയാന്‍ സര്‍ക്കാര്‍ പോലും അറച്ചുനിന്നപ്പോഴാണ് താന്‍ ഇറങ്ങിത്തിരിച്ചത്. ആ സമയം ഒരു കൂട്ടം യുവാക്കളാണു തന്നോടൊപ്പമുണ്ടായിരുന്നതെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു. കേസില്‍പെട്ടപ്പോള്‍ പോലും പിന്മാറാതെയും ത്യാഗം സഹിച്ചും കൂടെനിന്ന യുവാക്കളാണ് വ്യാജവാറ്റും വില്പനയും തുടച്ചു നീക്കുന്ന അദ്ഭുതത്തിനായി അന്നു പ്രവര്‍ത്തിച്ചത്. ഇപ്പോഴത്തെ മദ്യസംസ്‌കാരത്തെ തുടച്ചു നീക്കാനും അദ്ഭുതം പ്രവര്‍ത്തിക്കാനും യുവാക്കള്‍ വിചാരിച്ചാല്‍ സാധിക്കും. മദ്യശക്തികള്‍ രാക്ഷസീയമായി ഉയര്‍ന്നു നില്‍ക്കുന്‌പോള്‍ പടപൊരുതാന്‍ പ്രയാസമാണ്. തിന്മയുടെ ശക്തികളെ സംഘടിതമായി എതിര്‍ത്താല്‍ സമൂഹത്തില്‍ അദ്ഭുതങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

32 കത്തോലിക്കാ രൂപതകളിലെ 20 ലക്ഷം പേരടങ്ങുന്ന കെസിവൈഎം യുവജന പ്രസ്ഥാനം സഭയുടെ ഉത്തമ ഭടന്മാരാണെന്നു കെസിബിസി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. പ്രളയകാലത്തുണ്ടായ സൗഹൃദം മറന്ന് രാഷ്ട്രീയത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ചിലര്‍ ഇറങ്ങിയിട്ടുള്ളതായി ശശി തരൂര്‍ എംപി പറഞ്ഞു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കിള്‍ അധ്യക്ഷതവഹിച്ചു.

എം. വിന്‍സന്റ് എംഎല്‍എ, കെസിവൈഎം തിരുവനന്തപുരം ലത്തീന്‍ അതിരൂപത ഡയറക്ടര്‍ ഫാ. ലെനിന്‍ ഫെര്‍ണാണ്ടസ്, കെസിവൈഎം തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്രസിഡന്റ് എം.എ. ജോണി, കെസിവൈഎം സംസ്ഥാന ജോയിന്റ് ഡയറക്ടര്‍ ഫാ. പോള്‍ സണ്ണി എന്നിവര്‍ പ്രസംഗിച്ചു. ബിസിനസ് എക്‌സലന്‍സി അവാര്‍ഡ് സ്മാര്‍ട്ട് വേ കന്പനി ചെയര്‍മാന്‍ അശോക് ബാബുവിനു ശശി തരൂര്‍ എംപി സമ്മാനിച്ചു. യൗവനം സ്മരണിക പ്രകാശനം കെസിബിസി യുവജന കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ് ജോസഫ് മാര്‍ തോമസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോമോള്‍ക്ക് നല്‍കി നിര്‍വഹിച്ചു. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.


Related Articles »