India - 2024

മറ്റുള്ളവരെ സഹായിക്കുവാന്‍ രക്തസാക്ഷികളുടെ ചരിത്രം ഓര്‍മിപ്പിക്കുന്നുവെന്ന് ഡോ.പോള്‍ ആന്റണി മുല്ലശേരി

സ്വന്തം ലേഖകന്‍ 30-12-2018 - Sunday

കൊല്ലം: നന്മയില്‍ ഉറച്ചു നിന്ന് മറ്റുള്ളവരെ സഹായിക്കണം എന്നാണ് രക്തസാക്ഷികളുടെ ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നതെന്ന് ബിഷപ്പ് ഡോ.പോള്‍ ആന്റണി മുല്ലശേരി. രൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കൊല്ലം ക്രിസ്മസ് 2018 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. ചുവപ്പും വെള്ളയുമാണ് ക്രിസ്മസിന്റെ നിറം. ക്രിസ്തുവിന്റെ ജനനത്തിലുള്ള സന്തോഷം കാണിക്കുവാന്‍ വെള്ളയെ ഉപയോഗിക്കുന്നു. ഈശോ തന്നെ കുരിശില്‍ തറച്ചവരോട് ക്ഷമിച്ചതുപോലെ തന്നെ കല്ലെറിയുന്നവരോട് ക്ഷമിച്ച വിശുദ്ധ സ്റ്റീഫന്റെ രക്തസാക്ഷിത്വമാണ് അടുത്ത ദിവസം. രക്തസാക്ഷിത്വത്തിന്റെ തീവ്രതയാണ് ചുവപ്പിലുള്ളത്.

നിനക്ക് ഉള്ളത് ദരിദ്രര്‍ക്ക് കൊടുത്തു എന്നെ അനുഗമിക്കുക എന്ന സുവിശേഷ വാക്യമാണ് ഇന്ന് നാം സാന്താക്‌ളോസ് എന്ന് വിളിക്കുന്ന മിറയിലെ ബിഷപ് ആയിരുന്ന വിശുദ്ധ നിക്കോളാസ് ബാരി ദൈവ വിളിയായി ഏറ്റെടുത്തത്. ക്രിസ്മസിന്റെ യഥാര്‍ഥസന്ദേശം അവിടെയാണുള്‍ക്കൊള്ളുന്നത്. പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിനെ സന്തോഷിപ്പിക്കണമെങ്കില്‍ ദാരിദ്ര്യത്തിലും രോഗത്തിലുമായിരിക്കുന്ന കുട്ടികളെ സന്തോഷിപ്പിക്കണം എന്നുള്ള സത്യമായിരുന്നു അദ്ദേഹത്തെ നയിച്ചത്. നന്മയില്‍ ഉറച്ചുനിന്നതില്‍ അദ്ദേഹം രക്തസാക്ഷിയായി മാറി.

അതുപോലെ ലഹരിമാഫിയക്ക് തീറെഴുതിക്കൊടുക്കത്തക്ക വിധത്തില്‍ നമ്മുടെ സമൂഹത്തെ നശിപ്പിക്കത്തക്ക ഒത്തിരി പദ്ധതികളുണ്ട്. മദ്യനയം ഉദാരമാക്കുന്നത് മാത്രമല്ല, സ്‌കൂളുകളിലും പരിസരങ്ങളിലുമായി ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന രീതികളും കുഞ്ഞുങ്ങളെ അടിമകളാക്കിത്തീര്‍ക്കുന്ന പദ്ധതികളും അതിലുള്‍പ്പെടുന്നുണ്ട്. വലിയൊരു മാഫിയയാണ് ഇതിന്റെ പിറകില്‍. ലഹരിക്കെതിരെ വലിയൊരു യുദ്ധം നാം പ്രഖ്യാപിക്കണം. പാപം മൂലം പ്രകൃതിപോലും മനുഷ്യന് എതിരായി തിരിയത്തക്കവിധത്തില്‍ മനുഷ്യന്‍ പ്രകൃതിയോട് കൊടും ക്രൂരതകള്‍ ചെയ്തപ്പോള്‍ പ്രകൃതിയും മനുഷ്യനും മനുഷ്യര്‍ തമ്മിലും അകന്ന സാഹചര്യത്തില്‍ അനുരഞ്ജിപ്പിക്കുവാനാണ് നമ്മുടെ സമാധാനമായി കര്‍ത്താവ് വന്നത്.

ആ മനുഷ്യാവതാരത്തെയാണ് നമ്മള്‍ ഹൃദയത്തില്‍ പേറുന്നത്. ലോകത്തിലുള്ള തിന്മകളെ പൂര്‍ണമായി നശിപ്പിക്കുവാന്‍ നമുക്ക് സാധിക്കണം. തിന്മകള്‍ക്ക് ഒത്താശ ചെയ്യുന്ന കക്ഷികളെ നമ്മുടെ കൈയിലുള്ള ആയുധമായ സമ്മതിദാനാവകാശം കൊണ്ട് തോല്‍പിക്കണം. വര്‍ഗീയതയും അക്രമവും പെരുപ്പിക്കത്തക്കവിധത്തില്‍ വിഭാഗീയതകള്‍ സൃഷ്ടിക്കുന്നവരെ പൂര്‍ണമായി മാറ്റി നിര്‍ത്തണം. മനുഷ്യനെ തമ്മിലടിപ്പിക്കാനുള്ള ബോധപൂര്‍വമായ ചലനങ്ങള്‍ പല ഭാഗത്തുനിന്നുമുണ്ട്. ജലപ്രളയസമയത്ത് മാവേലിക്കര ഫെറോന പോലെയുള്ളിടങ്ങളിലെ നമ്മുടെ സമൂഹത്തിനുണ്ടായ പ്രശ്‌നങ്ങള്‍ ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല എന്നുള്ളതും ഓര്‍ക്കപ്പെടേണ്ടതാണ്.

സര്ക്കാ്രിന്റെ വാഗ്ദാനങ്ങള്‍ വെറും വാഗ്ദാനങ്ങളാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അത് പിടിച്ചുവാങ്ങേണ്ടതാണ്. പക്ഷെ അതിനേക്കാള്‍ ഉപരിയായി നമ്മുടെ സഹോദരങ്ങളെ പിടിച്ചുയര്‍ത്താന്‍ നമ്മളാല്‍ കഴിയുന്നത് ചെയ്യണം. പെരുന്നാളുകള്‍ ദരിദ്രര്‍ക്ക് സഹായകരമായി മാറ്റാന്‍ നമുക്ക് കഴിയണം. ദരിദ്രര്‍ക്കുവേണ്ടിയുള്ള ഭവനനിര്‍മ്മാണത്തിനും വിദ്യാഭാസത്തിനും പണം നീക്കിവെക്കണം. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പരസ്പരം പങ്കുവെക്കുമ്പോഴാണ് ക്രിസ്തുമസിന്റെ സന്ദേശവും സന്തോഷവും പൂര്‍ണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.


Related Articles »