News - 2024
ബ്രിട്ടനെ മഹത്തായ രാജ്യമാക്കി മാറ്റിയത് ക്രൈസ്തവ വിശ്വാസം: ഇംഗ്ലീഷ് ബിഷപ്പ്
സ്വന്തം ലേഖകന് 31-12-2018 - Monday
ഷ്രൂസ്ബെറി: ബ്രിട്ടനെ മഹത്തായ രാജ്യമാക്കി മാറ്റിയത് ക്രൈസ്തവ വിശ്വാസമാണെന്ന് ബ്രിട്ടനിലെ ഷ്രൂസ്ബെറി രൂപതയുടെ മെത്രാനായ മാർക്ക് ഡേവിസ്. ക്രിസ്തുമസ് ദിനത്തിലെ പാതിരാ കുർബാനമധ്യേയാണ് ആധുനിക ബ്രിട്ടനെ വളർത്തിയെടുത്തതിൽ ക്രൈസ്തവ വിശ്വാസത്തിനുള്ള പങ്കിനെപ്പറ്റി ബിഷപ്പ് സൂചിപ്പിച്ചത്. ഷ്രൂസ്ബെറി കത്തീഡ്രലിലാണ് ബിഷപ്പ് ഡേവിസ് പാതിരാ കുർബാന അർപ്പിച്ചത്. ബ്രിട്ടൺ എന്ന രാജ്യം ക്രൈസ്തവ വ്യക്തിത്വം വിസ്മരിക്കുന്നതിനെ മറവി രോഗത്തോടാണ് ബിഷപ്പ് ഡേവിസ് ഉപമിച്ചത്. കടന്നുപോകുന്ന നേതാക്കന്മാരിലും, രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ക്രമാതീതമായ ആത്മവിശ്വാസം വെയ്ക്കുന്നതിൽ നിന്നും ക്രൈസ്തവ വിശ്വാസമാണ് നാളിതുവരെ തങ്ങളെ സംരക്ഷിച്ചതെന്നും ബിഷപ്പ് വിശ്വാസി സമൂഹത്തോട് പറഞ്ഞു. എല്ലാ ഏകാധിപതികളും ഭൗതിക അധികാരങ്ങളും നമുക്കായി ജനിച്ച ശിശുവിന്റെ മുൻപിൽ മുട്ടുമടക്കേണ്ടി വരും.
ബ്രിട്ടനു മറ്റൊരു വ്യക്തിത്വം ആവശ്യമില്ലെന്നും, കൃപയാലും, ചരിത്രത്താലും രൂപീകൃതമായ ഒരു സമ്പന്നമായ ക്രൈസ്തവ വ്യക്തിത്വം ഇപ്പോൾ തന്നെയുണ്ടെന്നും ബിഷപ്പ് വിശദീകരിച്ചു. ക്രിസ്തുമസ് പകർന്നുനൽകുന്ന വെളിച്ചത്തിൽ ഈ ക്ലേശങ്ങളെല്ലാം കടന്നു പോകുമെന്ന് നാം മനസ്സിലാക്കണമെന്നും, രാഷ്ട്രീയപരമായി രക്ഷനേടാം എന്നുളള തെറ്റായ അവകാശവാദത്തിൽ വീണു പോകരുതെന്നും ബിഷപ്പ് മാർക്ക് ഡേവിസ് വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.