News - 2024

വത്തിക്കാന്‍ പ്രസ്സ് ഓഫിസിന് പുതിയ തലവന്‍

സ്വന്തം ലേഖകന്‍ 01-01-2019 - Tuesday

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ വാര്‍ത്താവിതരണ വിഭാഗമായ പ്രസ് ഓഫീസിന്റെ ആക്ടിംഗ് ഡയറക്ടറായി ഇറ്റലിക്കാരനായ അലസാന്ദ്രോ ജിസോട്ടിയെ നിയമിച്ചു. ഡയറക്ടര്‍ ഗ്രെഗ് ബര്‍ക്കിന്റെയും വത്തിക്കാൻ മാധ്യമ ഓഫീസിലെ ആദ്യ വനിത വൈസ് ഡയറക്ടര്‍ ഗാര്‍സ്യ ഒവെഹെറോയുടെയും രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. വത്തിക്കാന്‍ വാര്‍ത്താവിഭാഗം സമൂഹ്യമാധ്യമശൃംഖല വിഭാഗത്തിന്‍റെ കോഡിനേറ്ററായി സേവനം ചെയ്തു വരികെയാണ് അലസാന്ദ്രോ ജിസോട്ടിക്കു പുതിയ ദൌത്യം ലഭിക്കുന്നത്.

യുഎന്നിന്‍റെ വാര്‍ത്താകാര്യാലയത്തില്‍ ജോലി ചെയ്തു വരികെ 2000-ല്‍ ആണ് വത്തിക്കാന്‍ റേഡിയോയില്‍ അദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ചത്. 2011-മുതല്‍ 2016-വരെ വത്തിക്കാന്‍ റേഡിയോ ഇറ്റാലിയന്‍ വിഭാഗത്തില്‍ ജിസോട്ടി പേപ്പല്‍ പരിപാടികളുടെ മുഖ്യപത്രാധിപരായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍ പാപ്പ എന്നിവരുടെ കാലഘട്ടങ്ങളില്‍ സേവനംചെയ്തിട്ടുള്ള ജിസോത്തി വിവിധ അപ്പസ്തോലിക യാത്രകളുടെയും അജപാലന സന്ദര്‍ശനങ്ങളുടെയും മാധ്യമപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളും ആദാങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബം റോമിലാണ് താമസിക്കുന്നത്.

വത്തിക്കാന്‍ പ്രസിന്‍റെ മേധാവിയായി പ്രവര്‍ത്തിച്ച ഗ്രെഗ് ബെര്‍ക്കും, ഡപ്യൂട്ടി ഡയറക്ടറായിരുന്ന ഗാര്‍സ്യ ഒവെഹെറോയും വത്തിക്കാന്‍റെ വാര്‍ത്താവിഭാഗത്തിനും പരിശുദ്ധ സിംഹാസനത്തിനും നല്കിയിട്ടുള്ള സേവനങ്ങള്‍ ഏറെ സ്തുത്യര്‍ഹമാണെന്ന് മാധ്യമ വകുപ്പിന്‍റെ പ്രീഫെക്ട്, ഡോ. പാവുളോ റുഫീനി പ്രസ്താവനയില്‍ കുറിച്ചു.


Related Articles »