News - 2024

അബുദാബിയിലെ മാര്‍പാപ്പയുടെ ബലിയര്‍പ്പണം: നിര്‍ദ്ദേശങ്ങളുമായി സഭാനേതൃത്വം

സ്വന്തം ലേഖകന്‍ 03-01-2019 - Thursday

അബുദാബി: ഫെബ്രുവരി അഞ്ചിന് യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലെ സയിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍വെച്ച് ഫ്രാന്‍സിസ് പാപ്പ അര്‍പ്പിക്കുന്ന ചരിത്രപരമായ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് വിശ്വാസികള്‍ക്ക് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളുമായി സഭാനേതൃത്വം. വ്യാജ ടിക്കറ്റുകളാല്‍ വഞ്ചിതരാകരുതെന്നും ടിക്കറ്റിനായി മത്സര ബുദ്ധിയോടെ നീങ്ങരുതെന്നുമുള്ള മുന്നറിയിപ്പാണ് സഭാനേതൃത്വം നല്‍കിയിരിക്കുന്നത്. യുഎഇ ഗവണ്‍മെന്റിന്റേയും, യുഎഇ പേപ്പല്‍ വിസിറ്റ് ഓഫീസിന്റേയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കണമെന്ന് സഭ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള പരസ്പര മത്സരങ്ങളും, സ്വയം പ്രചാരണങ്ങളും ഒഴിവാക്കണമെന്ന് തെക്കന്‍ അറേബ്യയുടെ കത്തോലിക്കാ മെത്രാനായ പോള്‍ ഹിന്‍ഡര്‍ തുറന്ന കത്തിലൂടെ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പായുടെ യു.എ.ഇ സന്ദര്‍ശനം പ്രഖ്യാപിച്ച ഉടന്‍ തന്നെ സഭാ നേതൃത്വം കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി ടിക്കറ്റുകള്‍ വിശ്വാസികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സ്റ്റേഡിയത്തിലെ മിക്ക സ്ഥലങ്ങളും കത്തോലിക്കര്‍ക്കായി സംവരണം ചെയ്തിട്ടുണ്ടെങ്കിലും, സര്‍ക്കാര്‍ പ്രതിനിധികളുടെ വന്‍ സംഘവും, നിരവധി മുസ്ലീം നേതാക്കളും കുര്‍ബാനയില്‍ പങ്കെടുക്കുന്നുണ്ട്.

ഏതാണ്ട് 1,20,000-ത്തോളം പേര്‍ക്ക് മാര്‍പാപ്പയുടെ ചരിത്ര ബലിക്ക് സാക്ഷികളാകുവാനുള്ള ഭാഗ്യം ലഭിക്കുമെങ്കിലും ഇതിന്റെ പത്തിരട്ടി കത്തോലിക്ക വിശ്വാസികള്‍ എമിറേറ്റ്സിലുണ്ട്. എല്ലാവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ദേവാലയങ്ങളിലൂടെയും, വെബ്സൈറ്റിലൂടെയും നടത്തുന്ന തല്‍സമയ സംപ്രേഷണം വഴി വിശുദ്ധ കുര്‍ബാന കാണുവാനുള്ള സൗകര്യം ഒരുക്കും.

ലോകം ഉറ്റുനോക്കുന്ന പാപ്പയുടെ സന്ദര്‍ശനം ഉറച്ച വിശ്വാസത്തിന്റേയും, സഭാ സ്നേഹത്തിന്റേയും ആത്മീയ സാക്ഷ്യമാക്കി മാറ്റണമെന്നും മെത്രാന്റെ കത്തില്‍ പറയുന്നു. ഫെബ്രുവരി 3 മുതല്‍ 5 വരെയാണ് പാപ്പായുടെ യു.എ.ഇ. സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ മേല്‍നോട്ടത്തിനായി നിരവധി കമ്മിറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു. ടിക്കറ്റുകളുടെ ഭൂരിഭാഗവും ദേവാലയങ്ങളിലേക്കു ഉടനെ അയക്കുമെന്നാണ് സൂചന.


Related Articles »