News - 2024

മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രല്‍ ദേവാലയം ഈജിപ്തില്‍ തുറന്നു

സ്വന്തം ലേഖകന്‍ 03-01-2019 - Thursday

കെയ്റോ: മദ്ധ്യപൂർവേഷ്യയിലെ കോപ്റ്റിക് സഭയുടെ ഏറ്റവും വലിയ കത്തീഡ്രല്‍ ദേവാലയം ഈജിപ്തിലെ കെയ്റോയില്‍ തുറന്നു. ഏഴായിരത്തിഅഞ്ഞൂറോളം പേരെ ഉള്‍ക്കൊള്ളാവുന്ന ദേവാലയം ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദല്‍ ഫത്ത അല്‍ സിസിയുടെ സാന്നിധ്യത്തില്‍വെച്ചാണ് തുറന്നത്. ശുശ്രൂഷകള്‍ക്ക് കോപ്റ്റിക്ക് സഭാതലവന്‍ പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ മുഖ്യകാര്‍മ്മികത്വം വഹിച്ചു. നൂറുകണക്കിന് വിശ്വാസികളുടേയും കോപ്റ്റിക്ക് മെത്രാന്‍മാരുടെയും വൈദികരുടെയും സാന്നിധ്യത്തിലായിരിന്നു കൂദാശകര്‍മ്മം. ദേവാലയം തുറന്നതിന് ശേഷമുള്ള ആദ്യ ബലിയര്‍പ്പണം കോപ്റ്റിക് സഭ ക്രിസ്തുമസ് ആഘോഷിക്കുന്ന ജനുവരി ഏഴിനാകും നടക്കുക.

സാധാരണഗതിയില്‍ ലോകമെമ്പാടും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25നു ക്രിസ്തുമസ് കൊണ്ടാടുമ്പോള്‍ ആഗോള കോപ്റ്റിക് ഓര്‍ത്തഡോക്സ് സമൂഹം ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7നാണ് ക്രിസ്തുമസ് ആചരിക്കുക. പ്രഥമ ദിവ്യബലിയര്‍പ്പണത്തിലേക്ക് ഈജിപ്ഷ്യന്‍ പ്രസിഡണ്ടും കോപ്റ്റിക്ക് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമനും എല്ലാ വിശ്വാസികളെയും ക്ഷണിച്ചിട്ടുണ്ട്. ശക്തമായ ക്രൈസ്തവ പീഡനം നടക്കുന്ന ഈജിപ്തിലെ വിശ്വാസികള്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നതാണ് ദേവാലയത്തിന്റെ പൂര്‍ത്തീകരണം. ഇതിനിടെ ദേവാലയത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോ കോപ്റ്റിക് സഭ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

Posted by Pravachaka Sabdam on 

Related Articles »