News - 2024

ഇറാഖില്‍ ക്രൈസ്തവ ദേവാലയം പൊളിക്കുന്നതിനെതിരെ അണിചേര്‍ന്ന് ഇസ്ലാം മതസ്ഥരും

സ്വന്തം ലേഖകന്‍ 03-01-2019 - Thursday

ബാഗ്ദാദ്: ഇറാഖിലെ കല്‍ദായ കത്തോലിക്ക ദേവാലയം പൊളിക്കുന്നതിനെതിരെ ക്രൈസ്തവ വിശ്വാസികളോടൊപ്പം അണിചേര്‍ന്ന് ഇസ്ലാം മതവിശ്വാസികളും. ബാഗ്ദാദിലെ അതാമിയ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഡിവൈൻ വിസ്ഡം എന്ന ദേവാലയവും സമീപത്തുള്ള ഏതാനും കെട്ടിടങ്ങളുമാണ് നഗര പുനരുദ്ധാരണത്തിന് എന്ന പേരിൽ പ്രാദേശിക ഭരണകൂടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. 2003-ലെ യുദ്ധത്തിനുശേഷം നഗരത്തിനു വലിയ നാശം സംഭവിച്ചിരുന്നു. എന്നാൽ വാണിജ്യ, രാഷ്ട്രീയ താൽപര്യമുള്ളവരാണ് ദേവാലയം തകര്‍ക്കുന്നതിന് പിന്നിലെന്നാണ് പ്രദേശത്തെ ജനങ്ങൾ പറയുന്നത്.

ക്രൈസ്തവ ദേവാലയം വിവിധ മത വിശ്വാസങ്ങൾ തമ്മിലുള്ള ഒത്തൊരുമയുടെ അടയാളമാണെന്നും ദേവാലയത്തിന്റെ പ്രാധാന്യം സർക്കാർ കണക്കിലെടുക്കുന്നില്ലെന്നും വിശ്വാസികള്‍ ആരോപിച്ചു. ബ്രിട്ടീഷ് വാസ്തു ശിൽപ്പിയായ ജയിംസ് മെള്ളിസൺ വിൽസണാണ് 1929- ൽ ഹോളി വിസ്ഡം ദേവാലയം പണികഴിപ്പിച്ചത്. സുന്നി മുസ്ലിം മതവിശ്വാസികളും, ഷിയാ മുസ്ലിം മതവിശ്വാസികളും അധിവസിക്കുന്ന പ്രദേശങ്ങളുടെ മധ്യ ഭാഗത്തായാണ് ദേവാലയം തലയുയർത്തി നിൽക്കുന്നത്. ദേവാലയം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധം സംഘടിപ്പിക്കുവാനാണ് ക്രൈസ്തവരുടെയും ഇസ്ലാം മതസ്ഥരുടെയും തീരുമാനം.


Related Articles »