News - 2024

പുതുവര്‍ഷത്തില്‍ പരിശുദ്ധ അമ്മയുടെ സ്നേഹവും സഹായവും സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 04-01-2019 - Friday

വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുമ്പോള്‍ പരിശുദ്ധ കന്യകാ മാതാവിലേക്ക് തിരിയണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ പുതുവത്സര സന്ദേശം. നവവത്സരത്തില്‍ പരിശുദ്ധ അമ്മയുടെ സ്നേഹവും സഹായവും സ്വീകരിക്കണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. പുതുവത്സരദിനത്തില്‍ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയില്‍ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്കിടയിലാണ് പാപ്പ തന്റെ പുതുവത്സര സന്ദേശം നല്‍കിയത്. ആത്മവിശ്വാസവും, വിശ്വസ്തതയുള്ളവരായി വിശ്വാസജീവിതത്തില്‍ മുന്നേറുവാന്‍ സഹായിക്കുന്ന മാതാവിന്റെ കൃപ പതിയുവാന്‍ നാം നമ്മളെത്തന്നെ അനുവദിക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

നമ്മുടെ വിശ്വാസ ജീവിതത്തില്‍ പരിശുദ്ധ കന്യകാമാതാവിന് സ്ഥാനം ലഭിക്കുമ്പോള്‍ നമുക്ക് നമ്മുടെ കണ്ണുകളെ യേശുവില്‍ ഉറപ്പിക്കുവാന്‍ കഴിയും. കാരണം കന്യകാമറിയം ഒരിക്കലും തന്നെത്തന്നെ ഉയര്‍ത്തിപ്പിടിച്ചിട്ടില്ല, മറിച്ച് യേശുവിനെ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തിട്ടുള്ളത്. ദൈവത്തിന് തന്നെ ഒരമ്മയെ ആവശ്യമായി വന്നു. അപ്പോള്‍ മനുഷ്യരായ നമുക്ക് അമ്മയെ എന്തുമാത്രം ആവശ്യമുണ്ടായിരിക്കും. നമ്മള്‍ ഓരോരുത്തരും “പരിശുദ്ധ കന്യകാ മാതാവേ ഞങ്ങളെ കൈപിടിച്ചു നടത്തണമേ!” എന്ന് പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

വിശുദ്ധ കുര്‍ബാനക്ക് ശേഷം പാപ്പ നയിച്ച ത്രികാല പ്രാര്‍ത്ഥനയില്‍ നാല്‍പ്പതിനായിരത്തോളം വിശ്വാസികളാണ് പങ്കെടുത്തത്. നാം കൈമാറുന്ന ക്രിസ്തുമസ്സ്, പുതുവത്സര ആശംസകളെ അര്‍ത്ഥവത്താക്കുന്നത് ദൈവാനുഗ്രഹമാണെന്ന് പാപ്പ പ്രാര്‍ത്ഥനാ സന്ദേശത്തില്‍ പറഞ്ഞു. 52-മത് ലോക സമാധാന ദിനത്തെക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ടാണ് മാര്‍പാപ്പ പ്രാര്‍ത്ഥനാ സന്ദേശം അവസാനിപ്പിച്ചത്.


Related Articles »