Social Media

ചരിത്ര പ്രസിദ്ധമായ അര്‍ത്തുങ്കല്‍ ദേവാലയവും തിരുനാളും

ജിനു സെബാസ്റ്റ്യന്‍ 22-01-2020 - Wednesday

ആലപ്പുഴ ജില്ലയിലെ അർത്തുങ്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയമാണ് അർത്തുങ്കൽ പള്ളി എന്നറിയപ്പെടുന്ന സെന്റ് ആൻഡ്രൂസ് ബസിലിക്ക. പോർട്ടുഗീസുകാർ പണിത പുരാതനമായ ഈ ദേവാലയം വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള കേരളത്തിലെ ഒരു പ്രമുഖ തീർത്ഥാടനകേന്ദ്രവുമാണ്. അർത്തുങ്കൽ വെളുത്തച്ചൻ എന്നറിയപ്പെടുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇവിടെ ആഘോഷപൂർവ്വം കൊണ്ടാടാറുണ്ട്. ശബരിമല ദർശനം കഴിഞ്ഞെത്തുന്ന ഈ ഭാഗത്തുള്ള അയ്യപ്പഭക്തർ അർത്തുങ്കൽ പള്ളിയിൽ വെളുത്തച്ചന്റെ സവിധത്തിലെത്തി നേർച്ചകൾ സമർപ്പിച്ച് മാലയൂരുന്ന ഒരു പതിവും ഉണ്ട് കേരളത്തിലെ നാട്ടുരാജ്യങ്ങളിലൊന്നായിരുന്ന മൂത്തേടത്ത് രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു അർത്തുങ്കൽ. വ്യവസായിക കേന്ദ്രം കൂടിയായിരുന്ന ഈ പ്രദേശത്ത് ധാരാളം ക്രൈസ്തവരുണ്ടായിരുന്നു.

പക്ഷേ, ദേവാലയത്തിന്റെയും വൈദികരുടെയും അഭാവം മൂലം മാമോദീസ അടക്കമുള്ള കൂദാശകൾ സ്വീകരിക്കുവാൻ ഇവർക്ക് മാർഗ്ഗമുണ്ടായിരുന്നില്ല. വാസ്കോ ഡ ഗാമയുടെ കേരളസന്ദർശനത്തിന് ശേഷം ഇവിടെയെത്തിയ പോർട്ടുഗീസ് മിഷണറിമാരിൽ ചിലർ മൂത്തേടവും സന്ദർശിച്ചു. തദ്ദേശവാശികളായ ക്രൈസ്തവർ ഇവരെ ഏറെ സന്തോഷത്തോടെ സ്വീകരിച്ചു. 1560 മുതൽ മിഷണറിമാരും നാട്ടുകാരായ ക്രൈസ്തവരും ഒരു ദേവാലയം പണിയുന്നതിനായി മൂത്തേടത്ത് രാജാവിന്റെ അനുവാദം തേടിയെങ്കിലും അദ്ദേഹം ആദ്യം സമ്മതം നൽകിയില്ല. എന്നാൽ നിരന്തര അഭ്യർത്ഥനയും മിഷണറിമാരിൽ നിന്ന് തനിക്ക് ലഭിച്ച സഹായങ്ങളും പരിഗണിച്ച് രാജാവ് ദേവാലയ നിർമ്മാണത്തിന് അനുമതി നൽകുകയും തടിയുടെ ആവശ്യത്തിലേക്കായി തന്റെ ഉദ്യാനത്തിൽ നിന്ന് മരങ്ങൾ നൽകി സഹായിക്കുകയും ചെയ്തു.

ഇപ്രകാരം 1581-ൽ അർത്തുങ്കലിൽ വിശുദ്ധ അന്ത്രയോസിന്റെ നാമധേയത്തിൽ തടിയിലും തെങ്ങോലയിലും പണികഴിപ്പിച്ച ദേവാലയത്തിന്റെ പ്രതിഷ്ഠാ കർമ്മം നടന്നത് വി.അന്ത്രയോസിന്റെ തിരുനാൾ ദിനമായ നവംബർ 30-നായിരുന്നു. ഫാദർ ഗാസ്പർ പയസ് ആയിരുന്നു ആദ്യവികാരി. 1584-ൽ പള്ളിയുടെ വികാരിയായി ചുമതലയേറ്റ ഫാ. ഫെനിഷ്യോ പള്ളിയുടെ നവീകരണത്തിൽ താല്പര്യമെടുക്കുകയും കല്ലിലും കുമ്മായത്തിലും പുതുക്കി നിർമ്മിക്കുകയും ചെയ്തു. ഫെനിഷ്യോയെ സാധാരണക്കാരായ ജനങ്ങളും ഭരണാധികാരികളും വളരെയധികം ഇഷ്ടപ്പെടുകയും ഒരു വിശുദ്ധനായി കരുതി ബഹുമാനിക്കുകയും ചെയ്തു. ജനങ്ങൾ യൂറോപ്യൻ പുരോഹിതനായിരുന്ന അദ്ദേഹത്തെ "വെളുത്ത അച്ചൻ" എന്നു ആദരപൂർവ്വം വിളിച്ചിരുന്നു.

'വെളുത്തച്ചൻ' എന്നത് പിന്നീട് വിശുദ്ധ സെബസ്ത്യാനോസിന്റെ മറ്റൊരു പേരായി മാറുകയാണ് ഉണ്ടായത്. 1632-ൽ ഫാദർ ഫെനോഷ്യ മരണമടയുകയും വലിയൊരു ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പള്ളിയുടെ ഉള്ളിൽ തന്നെ സംസ്കരിക്കുകയും ചെയ്തു. 1640-ൽ പള്ളി പടിഞ്ഞാറോട്ട് അഭിമുഖമായി വിപുലവും മനോഹരവുമായി പുനർനിർമ്മിച്ചു. ഗതാഗതസൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് നിർമ്മാണാവശ്യത്തിനുള്ള കരിങ്കല്ലുകൾ വള്ളങ്ങളിലായിരുന്നു അർത്തുങ്കലിൽ എത്തിച്ചത്. ഇക്കാലയളവിലാണ് ഇറ്റലിയിലെ മിലാനിൽ നിന്നുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം പള്ളിയിൽ പ്രതിഷ്ഠിക്കുന്നത്. എല്ലാ വർഷവും ജനുവരി 10-ന് ആരംഭിക്കുന്ന ചരിത്രപ്രസിദ്ധമായ അർത്തുങ്കൽ തിരുനാൾ ജനുവരി 27നാണ് സമാപിക്കുന്നത്. ഈ തിരുനാളിനാരംഭമായി ഉയർത്തുവാനുള്ള കൊടി പാലായിൽ നിന്നുമാണ് എത്തിക്കുക.

ഈ കൊടി ആദ്യം ആലപ്പുഴ കത്തീഡ്രൽ പള്ളിയിലും തുടർന്ന് ആഘോഷമായ പ്രദക്ഷിണത്തോടൊപ്പം അന്നേ ദിവസം വൈകിട്ട് അർത്തുങ്കൽ പള്ളിയിൽ എത്തിക്കും. ഈ പെരുന്നാൾക്കാലത്ത് എല്ലാ മത വിഭാഗങ്ങളിലുമുള്ള ധാരാളം ഭക്തജനങ്ങൾ അർത്തുങ്കൽ പള്ളിയിൽ എത്തിച്ചേരുന്നു. കൊടിയ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷപെട്ടവരുമാണ് വിശുദ്ധ സെബസ്ത്യാനോസിന് നന്ദി പ്രകാശിപ്പിക്കുവാൻ പെരുന്നാളിന് എത്തുന്നത്. അവർ അടുത്തുള്ള കടൽത്തീരത്തുനിന്ന് പള്ളി വരെ മുട്ടിൽ ഇഴഞ്ഞും ഉരുളുനേർച്ച നടത്തിയും വിശുദ്ധനോടുള്ള കൃതജ്ഞത കാണിക്കുന്നു. സ്വർണ്ണം, വെള്ളി, എന്നിവയിൽ തീർത്ത മനുഷ്യാവയവങ്ങളുടെയും അമ്പ്, വില്ല് എന്നിവയുടെയും രൂപങ്ങളും വിശ്വാസികൾ ഇവിടെ കാണിക്കയായി അർപ്പിക്കുന്നു. ജനുവരി 20-നാണ് പ്രധാന തിരുനാൾ. പ്രസിദ്ധമായ നാലു മണിക്കൂർ പ്രദക്ഷിണം അന്നാണ്.



ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 8