India - 2024

'അവിശുദ്ധ രാഷ്ട്രീയവും കടുത്ത വര്‍ഗീയതയും നാടിനെ കുട്ടിച്ചോറാക്കുന്നു'

സ്വന്തം ലേഖകന്‍ 06-01-2019 - Sunday

പാലാ: അവിശുദ്ധ രാഷ്ട്രീയവും കടുത്ത വര്‍ഗീയതയും നാടിനെ കുട്ടിച്ചോറാക്കുകയാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള പ്രസ്താവിച്ചു. മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലായില്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവിശുദ്ധ രാഷ്ട്രീയത്തിന്റെയും വര്‍ഗീയതയുടെയും ഉത്പ്പന്നങ്ങളാണ് ഹര്‍ത്താലുകളും പണിമുടക്കുകളും. സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയെ തകര്‍ത്തുകൊണ്ടിരിക്കുന്നതും ഈ പണിമുടക്കുകളും ഹര്‍ത്താലുകളുമാണ്. മുന്‍സര്‍ക്കാരിന്റെ കാലത്തെ ഭാഗിക മദ്യനിരോധനമാണ് വിനോദസഞ്ചാരമേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന ടൂറിസംഎക്‌സൈസ് മന്ത്രിമാരുടെ പ്രതികരണങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതായിരുന്നു.

2018ല്‍ കേരളം നേരിട്ടത് നൂറ് ഹര്‍ത്താലുകളും നോട്ടുനിരോധനം, പ്രളയം, ജിഎസ്ടി മുതലായവയുമാണ്. 2019 ല്‍ ആദ്യ ആഴ്ചയില്‍ തന്നെ ഹര്‍ത്താലും നിരോധനാജ്ഞകളും പണിമുടക്കുകളും കൊണ്ട് സജീവമായിരിക്കുകയാണ്. സര്‍ക്കാരിന്റെ മദ്യനയം ജനദ്രോഹപരമാക്കാന്‍ അണിയറയില്‍ ബന്ധപ്പെട്ടവര്‍ തകൃതിയായി കാര്യങ്ങള്‍ നീക്കുകയാണ്. ഏപ്രിലില്‍ തുടങ്ങുന്ന പുതിയ അബ്കാരി വര്‍ഷത്തിലേക്ക് അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ തക്കവിധം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഭരണക്കാരുടെ ഒത്താശയോടുകൂടി നടന്നുവരുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.

വൈസ് പ്രസിഡന്റ് ആകാശ് ആന്റണി അധ്യക്ഷത വഹിച്ചു. ഫാ. മാത്യു പുതിയിടത്ത്, സിസ്റ്റര്‍ റെനി മേക്കലാത്ത് എഫ്‌സിസി, ജോസ് കവിയില്‍, ബെന്നി കൊള്ളിമാക്കിയില്‍, ഡെയ്‌സമ്മ ചൊവ്വാറ്റുകുന്നേല്‍, അലക്‌സ് കെ. ഇമ്മാനുവല്‍, എബ്രാഹം ഫ്രഞ്ചി, ഡെയ്‌സി മാത്യു എന്നിവര്‍ പ്രസംഗിച്ചു.


Related Articles »