News - 2024

ഖത്തറിന്റെ സഹായത്തിൽ ലെബനോനില്‍ ക്രൈസ്തവ ദേവാലയം ഉയര്‍ന്നു

സ്വന്തം ലേഖകന്‍ 07-01-2019 - Monday

ബെയ്റൂട്ട്: ഖത്തറിന്റെ സാമ്പത്തിക സഹായത്തിൽ ലെബനോനിലെ സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് മാരോണൈറ്റ് ദേവാലയത്തിന്റെ ഉദ്ഘാടനം നടന്നു. മാരോണൈറ്റ് സഭയുടെ തലവൻ പാത്രിയര്‍ക്കീസ്‌ ബെച്ചാര ബൗട്രോസ് അൽ റാഹിയാണ് ദേവാലയത്തിന്റെ കൂദാശ കര്‍മ്മം നിർവ്വഹിച്ചത്. സെന്റ് സേവ്യർ ഓഫ് ദി ലെബനീസ് മിഷ്ണറി ഓർഡർ സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പുതിയ ദേവാലയം നിർമ്മിക്കപ്പെട്ടത്. ഖത്തർ അമീർ തമീം ബിൻ ഹമീദ് അൽതാനിയുടെ പ്രതിനിധിയായി ലെബനോനിലെ ഖത്തർ അംബാസഡറായ മുഹമ്മദ് ഹസൻ ജാബിർ അൽ ജാബിർ ചടങ്ങിൽ പങ്കെടുത്തു.

ഖത്തർ അമീർ ക്രൈസ്തവ ദേവാലയത്തിന്റെ നിർമ്മാണത്തിനായി വ്യക്തിപരമായാണ് പണം മുടക്കിയതെന്നത് ശ്രദ്ധേയമാണ്. ഗൾഫിലെ നൂറുകണക്കിന് ക്രൈസ്തവ ദേവാലയങ്ങളുടെ നിർമ്മാണത്തെ പറ്റിയും, ദോഹയിൽ മാത്രമായി രണ്ടുലക്ഷത്തോളം ക്രൈസ്തവർ ജീവിക്കുന്നുണ്ടെന്ന കാര്യവും ഖത്തർ അംബാസഡർ ചടങ്ങില്‍ ഓര്‍മ്മിപ്പിച്ചു.

രാജ്യത്തു ക്രൈസ്തവ-മുസ്ലീം ബന്ധം ശക്തിപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെങ്കിലും തീവ്ര ചിന്താഗതിക്കാരായ ഇസ്ലാം മതവിശ്വാസികൾ ഇതിനെതിരെ രംഗത്തുണ്ട്. പുതുവത്സര ദിനത്തില്‍ ലെബനോനിലെ പാർലമെന്റ് അംഗവും സുന്നി മുസ്ലിം വിഭാഗത്തിൽപ്പെട്ട വനിതയുമായ റൗള ജറൗഡ് വിശുദ്ധ കുർബാനയിൽ പങ്കെടുത്തു വൈദികനിൽ നിന്നും അനുഗ്രഹം വാങ്ങിയതിന് വലിയ ആക്രമണമാണ് സാമൂഹ്യ മാധ്യമങ്ങളിൽ റൗളയ്ക്കു നേരെ ഉണ്ടായത്.

അന്തേലിയ നഗരത്തിലെ സെന്റ് ഏലിയ ദേവാലയത്തിലാണ് പാർലമെന്‍റ് അംഗം വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനായി എത്തിയത്. ദിവ്യബലിക്ക് ഒടുവിൽ വിശുദ്ധ കുർബാന ഉൾക്കൊള്ളുന്ന ഒരു പാത്രം വൈദികൻ റൗളയുടെ തലയിൽ വയ്ക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. ഇത് തീവ്ര ചിന്താഗതിക്കാരായ ഇസ്ലാം മതവിശ്വാസികളെ ചൊടിപ്പിക്കുകയായിരിന്നു. ക്രൈസ്തവ ദേവാലയത്തിൽ പ്രവേശിച്ച ആദ്യ മുസ്ലിം താനല്ലെന്നും, അവസാനത്തെ മുസ്ലിം താൻ ആയിരിക്കുകയില്ലായെന്നും സാമൂഹ്യ മാധ്യമങ്ങളിലെ ആക്രമണങ്ങളോട് പ്രതികരിക്കവേ റൗള പറഞ്ഞു.


Related Articles »