News - 2024

അഫ്ഗാനിൽ മിഷൻ ദൗത്യവുമായി ഇന്ത്യൻ സന്യാസിനി

സ്വന്തം ലേഖകന്‍ 08-01-2019 - Tuesday

കാബൂൾ: യുദ്ധഭീതി നിലനിൽക്കുന്ന ഇസ്ലാമിക രാഷ്ട്രമായ അഫ്ഗാനിസ്ഥാനിൽ മിഷ്ണറി ദൗത്യവുമായി ഇന്ത്യൻ സന്യാസിനി. വിശുദ്ധ മദർ തെരേസയുടെ മിഷ്ണറീസ് ഓഫ് ചാരിറ്റി സഭാംഗമായ സി. തേരെസിയ ക്രസ്റ്റയാണ് അഫ്ഗാൻ മിഷൻ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തെ സ്വതന്ത്ര മിഷ്ണറി പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വമുള്ള ബാർണബൈറ്റ് വൈദികൻ ഫാ. ജിയോവാനി സ്കാലസേയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മാംഗ്ലൂരിൽ പുനരധിവാസ കേന്ദ്രത്തിൽ പതിനാലു വർഷമായി അദ്ധ്യാപികയായും നേഴ്സായും സേവനമനുഷ്ഠിച്ചു വരികയായിരുന്ന സിസ്റ്റര്‍ ത്രേസ്യ കാബുൾ പ്രോ ബാംബിനി അസോസിയേഷന്റെ കീഴിലുള്ള ചിൽഡ്രൻസ് സെന്ററിലായിരിക്കും സേവനം ചെയ്യുക.

2006 ൽ ഗുണേലിയൻ മിഷ്ണറി ഫാ. ജിയൻകാർലോ പ്രാവട്ടോനിയാണ് പ്രോ ബാംബിനി ഓഫ് കാബൂൾ എന്ന സംഘടനക്ക് രൂപം നല്കിയത്. 2001-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നടത്തിയ ക്രിസ്തുമസ് സന്ദേശമനുസരിച്ച് അഫ്ഗാൻ കുട്ടികളുടെ സംരക്ഷണാർത്ഥം പ്രവർത്തിക്കുന്ന സ്ഥാപനമാണ് പ്രോ ബാംബിനി ഓഫ് കാബൂൾ. നിരാലംബരും അനാഥരുമായ നാല്പതോളം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസമാണ് സംഘടന ഏറ്റെടുത്തിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കു പുറമേ, മിഷ്ണറി സന്യസ്തരുടെ അഭാവവും സ്ഥാപനത്തിന്റെ നടത്തിപ്പിനെ ബാധിച്ചിരുന്നു. യുദ്ധഭീതിയും അരക്ഷിതാവസ്ഥയും അഫ്ഗാനിലെ മിഷ്ണറി പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാണെങ്കിലും അതെല്ലാം അതിജീവിച്ചു ശുശ്രൂഷ ചെയ്യുവാനാണ് സിസ്റ്റര്‍ തേരെസിയയുടെ തീരുമാനം.


Related Articles »