News - 2024

മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രല്‍: ഈജിപ്തിന് ട്രംപിന്റെ അഭിനന്ദനം

സ്വന്തം ലേഖകന്‍ 09-01-2019 - Wednesday

വാഷിംഗ്ടണ്‍ ഡിസി: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രൽ ദേവാലയം തുറന്നതില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍-സിസിക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിനന്ദനം. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അല്‍-സിസിയെ അഭിനന്ദിച്ചുകൊണ്ട് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തത്. “ഈജിപ്തിലെ നമ്മുടെ സുഹൃത്തുക്കള്‍ മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ കത്തീഡ്രല്‍ തുറന്നതില്‍ സന്തോഷമുണ്ട്. പ്രസിഡന്റ് അല്‍-സിസി തന്റെ രാജ്യത്തെ ശോഭനമായ ഒരു ഭാവിയിലേക്കാണ് നയിക്കുന്നത്” എന്നാണ് ട്രംപിന്റെ ട്വീറ്റില്‍ പറയുന്നത്.

കോപ്റ്റിക് ക്രൈസ്തവരുടെ ക്രിസ്തുമസ്സ് ആഘോഷരാവില്‍ അർപ്പിച്ച ദിവ്യബലിയോടാണ് കത്തീഡ്രൽ ദേവാലയത്തിൽ ശുശ്രൂഷകൾ ആരംഭിച്ചത്. 'കത്തീഡ്രൽ ഓഫ് നേറ്റിവിറ്റി' എന്ന പേരുളള ദേവാലയത്തിന്റെ ഉദ്ഘാടനം കർമ്മത്തിൽ പങ്കെടുക്കാൻ പ്രസിഡന്റ് അടക്കമുള്ള സർക്കാർ പ്രതിനിധികളും എത്തിയിരുന്നു. തലസ്ഥാന നഗരമായ കെയ്റോയുടെ കിഴക്ക് ഭാഗത്തായി 28 മൈല്‍ അകലെയാണ് നേറ്റിവിറ്റി കത്തീഡ്രൽ പണികഴിപ്പിച്ചിരിക്കുന്നത്. പുതിയ ദേവാലയം മതസഹിഷ്ണുതയുടെ സന്ദേശം പരത്തുന്നുണ്ടെങ്കിലും, തീവ്രവാദികളുടെ ലക്ഷ്യകേന്ദ്രമാകുമോ എന്ന ആശങ്കയും കുറവല്ല. നൂറോളം കോപ്റ്റിക് ക്രൈസ്തവരാണ് കഴിഞ്ഞ വര്‍ഷം മാത്രം തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഈജിപ്തിന്റെ ജനസംഖ്യയില്‍ പത്തു ശതമാനത്തോളം കോപ്റ്റിക് ക്രൈസ്തവരാണ്.


Related Articles »