India - 2024

മാര്‍ നെസ്‌തോറിയസിന്റെ അനാഫൊറ പ്രകാശനം ചെയ്തു

സ്വന്തം ലേഖകന്‍ 10-01-2019 - Thursday

കൊച്ചി: സീറോ മലബാര്‍ സഭയുടെ ആരാധനക്രമ കമ്മീഷന്‍ തയാറാക്കിയ ദിവ്യബലിയിലെ മൂന്നാമത്തെ കൂദാശക്രമ ഗ്രന്ഥം (മാര്‍ നെസ്‌തോറിയസിന്റെ അനാഫൊറ) കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡില്‍ പ്രകാശനം ചെയ്തു. തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന് ആദ്യപ്രതി നല്‍കി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രകാശനം നിര്‍വഹിച്ചത്. സീറോ മലബാര്‍ സിനഡിന്റെയും പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെയും അംഗീകാരത്തോടു കൂടിയാണു മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമം സഭയുടെ ഉപയോഗത്തിനായി നല്‍കിയിരിക്കുന്നത്.

പൗരസ്ത്യസുറിയാനി കുര്‍ബാനക്രമത്തിലെ മൂന്നു കൂദാശക്രമങ്ങളില്‍ മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും കൂദാശ, മാര്‍ തെയദോറിന്റെ കൂദാശ എന്നിവയാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. ആഘോഷപൂര്‍വകമായ മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമം ആരാധനക്രമ വത്സരത്തിലെ ദനഹാ, വിശുദ്ധ യോഹന്നാന്‍ മാംദാനായുടെ വെള്ളിയാഴ്ച, ഗ്രീക്ക് മല്പാന്മാരുടെ ഓര്‍മ, മൂന്നുനോന്പിലെ ബുധനാഴ്ച, പെസഹാ വ്യാഴാഴ്ച എന്നീ അഞ്ചു ദിവസങ്ങളിലാണ് ഉപയോഗിച്ചിരുന്നത്. പൗരസ്ത്യ സുറിയാനി ആരാധനക്രമ ദൈവശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ഉദാഹരണമായി മാര്‍ നെസ്‌തോറിയസിന്റെ കൂദാശയെ മനസിലാക്കാമെന്ന് ആരാധനക്രമ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ പറഞ്ഞു.

സീറോ മലബാര്‍ സിനഡ് സെക്രട്ടറി ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, ആരാധനക്രമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ തോമസ് ഇലവനാല്‍, കമ്മീഷന്‍ അംഗങ്ങളായ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, റവ. ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്നാമത്തെ കൂദാശക്രമ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രന്ഥങ്ങള്‍ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ആരാധനക്രമ കമ്മീഷന്‍ ഓഫീസില്‍ ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9446477924.


Related Articles »