News - 2024

ക്രിസ്തുവിന്റെ ശിഷ്യരാകുവാന്‍ പരിശ്രമിക്കണമെന്ന് ജസ്റ്റിസ് ജോസഫ് കുര്യൻ

സ്വന്തം ലേഖകന്‍ 10-01-2019 - Thursday

തൃശ്ശൂർ: ക്രിസ്തുവിനെ ആരാധിക്കുന്നവർ എന്നതിനേക്കാൾ വെല്ലുവിളികൾ നിറഞ്ഞ അവിടുത്തെ ശിഷ്യത്വം സ്വീകരിക്കണമെന്ന്‍ ഓര്‍മ്മിപ്പിച്ച് മുൻ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് കുര്യൻ ജോസഫ്. വിശ്വാസികളെന്ന നിലയിൽ യേശുവിന്റെ ശിഷ്യരാകാനും മറ്റുള്ളവരെ ശിഷ്യപ്പെടുത്തുകയുമാണ് നമ്മുടെ വിളിയെന്നും കാർമ്മലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ ജനുവരി നാല് മുതൽ എട്ട് വരെ തൃശ്ശൂർ ജറുസലേം ധ്യാനകേന്ദ്രത്തിൽ നടക്കുന്ന ജനറൽ പ്ലീനറി അസംബ്ലിയിൽ ജസ്റ്റിസ് ജോസഫ് കുര്യൻ പറഞ്ഞു.

ക്രിസ്തുവിന്റെ ശിഷ്യരാകുവാൻ ഹൃദയം നിർമ്മലമാക്കുകയും അവിടുത്തെ മൂല്യങ്ങൾ പ്രാവർത്തിക്കുകമാക്കുകയും വേണം. ക്രിസ്തുവിന്റെ ഭക്തരാക്കുകയാണ് ധ്യാനകേന്ദ്രങ്ങളിൽ നടക്കുന്നത്. എന്നാൽ അവിടുത്തെ പാത പിന്തുടർന്ന് ശിഷ്യരാകുന്നവർ കുറവാണ്. ക്രിസ്തുവിന്റെ മൂല്യാധിഷ്ഠിതമായ ജീവിതത്തിലൂടെ വിശ്വാസികളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുകയാണ് ഓരോ കത്തോലിക്ക സന്യസ്തരുടേയും ദൗത്യം. കത്തോലിക്ക മൂല്യത്തിലധിഷ്ഠിതമായ ജീവിതത്തിലൂടെ മാത്രമേ വിശ്വാസത്തിൽ ആഴപ്പെടാൻ സാധിക്കുകയുള്ളൂ. അതിനായി സന്യസ്ഥരുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നമ്മുടെ സ്ഥാപനങ്ങളിൽ നീതി, സമത്വം, സ്വാതന്ത്ര്യം, മാനവികത തുടങ്ങിയ പാലിക്കപ്പെടുന്നുണ്ടോ? വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികളെ സാമൂഹിക പരിവർത്തനത്തിന് ഉപകരണമാക്കിയ വി.ചാവറയച്ചന്റെ മാതൃകയാണ് ഇക്കാര്യത്തിൽ പിന്തുടരേണ്ടത്. എന്നാൽ, ആധുനിക പ്രവണത കുട്ടികളെ തമ്മിൽ മത്സരിപ്പിക്കാനും സമ്പത്തിന് പ്രാധാന്യം നല്കാനും പഠിപ്പിക്കുന്നു. കുടുംബങ്ങളുടേയും ക്രൈസ്തവരുടേയും നവീകരണവും മദ്യവിരുദ്ധമായ സംസ്കാരവും യാഥാർത്ഥ്യമാകണം. സമൂഹത്തിൽ ദൈവരാജ്യത്തിന്റെ സ്ഥാപനത്തിനായി മദ്യവും മയക്കുമരുന്നും തടസ്സമാണ്. സുവിശേഷ മൂല്യങ്ങളേക്കാൾ മക്കളുടെ മികവിന് പ്രാധാന്യം നല്കുന്ന കുടുംബങ്ങളാണ് ഇന്നത്തേത്. സമ്പാദ്യം എന്നതിനേക്കാൾ പണമുണ്ടാക്കാൻ ഏതു മാർഗ്ഗവും സ്വീകരിക്കുന്ന പുതു തലമുറ ജീവിതത്തിലെ നന്മകൾ കാണാതെ പോകുന്നുവെന്നും ജസ്റ്റിസ് കുര്യൻ അഭിപ്രായപ്പെട്ടു.

ഡൽഹി സെന്‍റ് സ്റ്റീഫൻ കോളേജ് മുൻ പ്രിൻസിപ്പൽ റവ.വൽസൻ തമ്പു, ജെസ്യൂട്ട്സ് കേരള പ്രൊവിൻഷ്യൽ ഫാ.ജോർജ് മുതോലിൽ എന്നിവരും അസംബ്ലിയിൽ പ്രസംഗിച്ചു. അസംബ്ലിയിൽ സി.എം.ഐ സഭയുടെ നൂറ്റിയെൺപത്തിയേഴ് വർഷത്തെ പ്രവർത്തനങ്ങളും സ്വാധീനവും വിലയിരുത്തി. വിവിധ മേഖലകളിൽ പ്രശസ്തരായ നിരവധി പ്രമുഖരും സമ്മേളനത്തിൽ ക്ഷണിക്കപ്പെട്ടിരുന്നു. മൂന്നു വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന അസംബ്ലിയിൽ എൺപത്തിരണ്ട് വിശിഷ്ടാതിഥികളും മുപ്പത്തിമൂന്ന് രാജ്യങ്ങളിലായി സേവനമനുഷ്ഠിക്കുന്ന രണ്ടായിരത്തിയഞ്ഞൂറോളം കാർമലൈറ്റ് സഭാംഗങ്ങളും പങ്കെടുത്തു.


Related Articles »