India - 2024

കേരള സഭയുടെ വിവിധ സംവിധാനങ്ങളില്‍ സേഫ് എന്‍വയോണ്‍മെന്റ് കമ്മിറ്റികള്‍ വരുന്നു

സിജോ പൈനാടത്ത്‌ 11-01-2019 - Friday

കൊച്ചി: കേരള കത്തോലിക്ക സഭയുടെ വിവിധ സംവിധാനങ്ങളിലും സ്ഥാപനങ്ങളിലും സുരക്ഷിതമായ ജീവിത, ശുശ്രൂഷാ, തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കാന്‍ സേഫ് എന്‍വയോണ്‍മെന്റ് കമ്മിറ്റികള്‍ വരുന്നു. രൂപതകള്‍, സന്യാസ സമൂഹങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയിലൂടെയാണു കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുക. വത്തിക്കാന്റെയും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ 2018 ജൂണില്‍ കെസിബിസി ഇതു സംബന്ധിച്ചു മാര്‍ഗരേഖ തയാറാക്കിയിരുന്നു.

കെസിബിസി ഗൈഡന്‍സ് ഫോര്‍ സേഫ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം ഫോര്‍ ചര്‍ച്ച് പേഴ്‌സണല്‍ (കണക്ടഡ് വിത്ത് ഇന്‍സ്റ്റിറ്റിയൂഷന്‍സ് വേര്‍ മൈനേഴ്‌സ് ഓര്‍ വള്‍ണറബിള്‍ അഡല്‍ട്ട്‌സ് ആര്‍ ഗിവണ്‍ സ്‌പെഷല്‍ കെയര്‍) എന്ന പേരിലുള്ള മാര്‍ഗരേഖ എല്ലാ രൂപതകള്‍ക്കും വിതരണം ചെയ്തിട്ടുണ്ടെന്നു ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

കുട്ടികള്‍ ബന്ധപ്പെടുന്ന മേഖലകളിലെ സഭാസംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരാതികള്‍ ഉണ്ടായാല്‍ സഭയുടെയും രാജ്യത്തിന്റെയും നിയമത്തിനു വിധേയമായി സ്വീകരിക്കേണ്ട സമീപനങ്ങളുമാണു മാര്‍ഗരേഖയുടെ ഉള്ളടക്കം. സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിക്കേണ്ടവ കൃത്യസമയത്ത് അറിയിക്കാനും ശ്രദ്ധിക്കണം. വത്തിക്കാന്റെയും സിബിസിഐയുടെയും നിര്‍ദേശങ്ങള്‍ക്കൊപ്പം പോക്‌സോ നിയമത്തിലെ ചട്ടങ്ങള്‍കൂടി പരിഗണിച്ചുള്ളതാണു മാര്‍ഗരേഖ.

സഭാസംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു മാര്‍ഗരേഖ നല്‍കാനും ഇതു സംബന്ധിച്ചു പരിശീലനങ്ങള്‍ സംഘടിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. രൂപതകളിലും സന്യാസസഭകളിലും സ്ഥാപനങ്ങളിലും മേലധികാരി സേഫ് എന്‍വയോണ്‍മെന്റ് ഡയറക്ടറെയും ഇദ്ദേഹത്തെ സഹായിക്കാന്‍ സേഫ് എന്‍വയോണ്‍മെന്റ് കമ്മിറ്റിയെയും നിയമിക്കണം. ഡയറക്ടറും സമിതി അംഗങ്ങളുമായി നിയോഗിക്കപ്പെടുന്നവരില്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും പുറമേ സ്ത്രീകള്‍ ഉള്‍പ്പെടെ അല്‍മായരും ആകാം.

സീറോ മലബാര്‍ സഭയില്‍ 'സേഫ് എന്‍വയോണ്‍മെന്റ് പോളിസി' നടപ്പാക്കാന്‍ സഭയുടെ സിനഡ് തീരുമാനിച്ചിട്ടുണ്ട്. കെസിബിസി മാര്‍ഗരേഖയെ ആധാരമാക്കിയാണു സീറോ മലബാര്‍ സഭയിലും 'സേഫ് എന്‍വയോണ്‍മെന്റ് പോളിസി' തയാറാക്കിയിരിക്കുന്നത്. വിവിധ രൂപതകളില്‍ ഇതു സംബന്ധിച്ചു പ്രാഥമിക പരിശീലനങ്ങള്‍ നടത്തിയിരുന്നു. 2015 ഒക്‌ടോബര്‍ ഒന്നിനാണു സിബിസിഐ എന്‍വയോണ്‍മെന്റ് പോളിസി സംബന്ധിച്ചു മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയത്. പ്രൊസീജ്യറല്‍ നോംസ് ഫോര്‍ ഡീലിംഗ് വിത്ത് കേസസ് ഇന്‍വോള്‍വിംഗ് സെക്ഷ്വല്‍ അബ്യൂസ് ഓഫ് മൈനേഴ്‌സ് എന്ന പേരിലുള്ള സിബിസിഐ മാര്‍ഗരേഖ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Related Articles »