India - 2024

ആലപ്പാട് നിവാസികള്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ‌സി‌വൈ‌എം

സ്വന്തം ലേഖകന്‍ 13-01-2019 - Sunday

കൊല്ലം: അനധികൃത കരിമണല്‍ ഖനനം മൂലം ദുരിതമനുഭവിക്കുന്ന ആലപ്പാട് നിവാസികള്‍ കഴിഞ്ഞ 73 ദിവസമായി നടത്തിവരുന്ന പ്രതിരോധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കെസിവൈഎം സംസ്ഥാന സമിതി കൊല്ലത്തു ജനകീയ പ്രതിഷേധ സദസ് നടത്തി. സമരസമിതിക്ക് പിന്തുണ അറിയിച്ചു ചിന്നക്കട ബസ് ബേയില്‍ ജനങ്ങളുടെ ഒപ്പുശേഖരണം നടത്തി. തുടര്‍ന്നു സംസ്ഥാന നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിച്ചു.

കരിമണല്‍ ഖനനം തീരദേശ ജനതയുടെ ഉപജീവനത്തെയും ആവാസവ്യവസ്ഥയെയും പാടെ തകര്‍ത്തിരിക്കുകയാണെന്നു കെസിവൈഎം ചൂണ്ടിക്കാട്ടി. ജനവാസ പ്രദേശങ്ങളെ കടല്‍ ഒന്നൊന്നായി വിഴുങ്ങിക്കൊണ്ടിരിക്കുന്‌പോള്‍ അധികൃതര്‍ പാലിക്കുന്ന മൗനം തീരദേശ ജനതയോട് ചെയ്യുന്ന കടുത്ത നീതി നിഷേധമാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എബിന്‍ കണിവയലില്‍ അധ്യക്ഷത വഹിച്ചു. കൊല്ലം രൂപത അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബിബിന്‍ ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ കരിമണല്‍ ഖനനവിരുദ്ധ സമരസമിതി കണ്‍വീനര്‍ കാര്‍ത്തിക് ശശി വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി ലിജിന്‍ ശ്രാന്പിക്കല്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ വര്‍ഗീസ് മൈക്കിള്‍, ജെയ്‌സണ്‍ ചക്കേടത്ത്, കൊല്ലം രൂപത പ്രസിഡന്റ് എഡ്വേര്‍ഡ് രാജു, സെക്രട്ടറി വിപിന്‍ ക്രിസ്റ്റി, ഡെലിന്‍ ഡേവിഡ്, ലിജോ ജോയി, മാനുവല്‍ ആന്റണി, മനീഷ് മാത്യൂസ്, ജോസ്‌ന, അനീഷ, കിരണ്‍ ക്രിസ്റ്റഫര്‍, ജോസി സക്കറിയ, സോബിന്‍, ഇരിങ്ങാലക്കുട രൂപത പ്രസിഡന്റ് എഡ്വിന്‍ ജോഷി എന്നിവര്‍ പ്രസംഗിച്ചു.


Related Articles »