India - 2024

മോണ്‍. ജോസഫ് കണ്ടത്തിലിന്റെയും ഫാ. വര്‍ക്കി കാട്ടറാത്തിന്റെയും നാമകരണ നടപടികള്‍ക്ക് അനുമതി

സ്വന്തം ലേഖകന്‍ 15-01-2019 - Tuesday

കൊച്ചി: വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനു (വിസി) തുടക്കമിട്ട ഫാ. വര്‍ക്കി കാട്ടറാത്ത്, അസീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) സന്യാസിനിസമൂഹ സ്ഥാപകന്‍ മോണ്‍. ജോസഫ് കണ്ടത്തില്‍ എന്നിവരുടെ നാമകരണ നടപടികള്‍ക്ക് അനുമതി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സീറോ മലബാര്‍ സഭ സിനഡാണ് അനുമതി നല്‍കിയത്.

1851 ഒക്ടോബര്‍ 13നു പാലാ രൂപതയിലെ പൂഞ്ഞാറില്‍ ജനിച്ച ഫാ. വര്‍ക്കി കാട്ടറാത്ത് 22 ാം വയസില്‍ പൗരോഹിത്യം സ്വീകരിച്ചു. ഇടമറ്റം, തത്തംപിള്ളി, കാഞ്ഞിരപ്പള്ളി, വിളക്കുമാടം, അങ്കമാലി, ഒല്ലൂര്‍, എഴുപുന്ന ഇടവകകളിലെ ശുശ്രൂഷയ്ക്കു പുറമേ വിവിധ കോണ്‍വെന്റുകളുടെ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്. വൈക്കം പള്ളി വികാരിയായിരിക്കെ മാര്‍ ളൂയിസ് പഴേപറന്പിലിന്റെ അനുമതിയോടെ 1904 നവംബര്‍ 20നു തോട്ടകത്തു കൊവേന്ത സ്ഥാപിച്ചുകൊണ്ടാണു വിന്‍സെന്‍ഷ്യന്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

വിന്‍സെന്‍ഷന്‍ സഭ ഇന്ന് ലോകമെന്പാടുമായി 541 വൈദികര്‍ ശുശ്രൂഷ ചെയ്യുന്നു. പോപ്പുലര്‍ മിഷന്‍ ധ്യാനം, വചന പ്രഘോഷണങ്ങള്‍, ആതുര ശുശ്രൂഷകള്‍, സാമൂഹ്യ സേവനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ സജീവമാണ്. 1931 ഒക്ടോബര്‍ 24നു ദിവംഗതനായ ഫാ. കാട്ടറാത്തിന്റെ കബറിടം തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലാണ്.

കുഷ്ഠരോഗികള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച മോണ്‍. ജോസഫ് കണ്ടത്തില്‍ 'കേരള ഡാമിയന്‍' എന്ന പേരിലും അറിയപ്പെട്ടിരുന്നു. എറണാകുളം മെത്രാപ്പോലീത്തയായിരുന്ന മാര്‍ അഗസ്റ്റിന്‍ കണ്ടത്തിലിന്റെ ജ്യേഷ്ഠ സഹോദരപുത്രനാണു മോണ്‍.ജോസഫ് കണ്ടത്തില്‍.

1904 ഒക്ടോബര്‍ 27നു വൈക്കത്തിനടുത്ത് ചെമ്പിലാണു ജനനം. 1933 ഡിസംബര്‍ 17നു പൗരോഹിത്യം സ്വീകരിച്ചു. 1942 ല്‍ ചേര്‍ത്തലയില്‍ കുഷ്ഠരോഗാശുപത്രി സ്ഥാപിച്ചു. രോഗികളുടെ ശുശ്രൂഷ ലക്ഷ്യമാക്കി 1949 ഏപ്രില്‍ രണ്ടിനു എഎസ്എംഐ സന്യാസിനി സമൂഹത്തിനു രൂപം നല്‍കി. 1991 ഡിസംബര്‍ 12നു ദിവംഗതനായി. ചേര്‍ത്തല മതിലകം എഎസ്എംഐ നിത്യാരാധന ചാപ്പലിലാണു കബറിടം.


Related Articles »