India - 2024

വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുവാന്‍ സിനഡ് തീരുമാനം

സ്വന്തം ലേഖകന്‍ 15-01-2019 - Tuesday

കൊച്ചി: സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടന്നുവരുന്ന സഭാ സിനഡിനെക്കുറിച്ച് ദിനംപ്രതി അപമാനകരമായ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സഭാവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കുമെതിരേ നിയമ നടപടിക്കായി സൈബര്‍ സെല്ലിനെ സമീപിക്കാന്‍ സിനഡിന്റെ തീരുമാനം. സഭയുടെ കൂട്ടായ്മയെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നതും മെത്രാന്മാരെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതുമായ വാര്‍ത്തകളാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കു സിനഡിലെ ചര്‍ച്ചകളുമായി യാതൊരു ബന്ധവുമില്ലെന്നു വിശ്വാസികള്‍ മനസിലാക്കണമെന്നു സിനഡ് ആഹ്വാനം ചെയ്തു.

മെത്രാന്മാരുടെ സ്ഥലംമാറ്റത്തെക്കുറിച്ച് സിനഡില്‍ യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നിരിക്കെ മൂന്നു മെത്രാന്മാരെ ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയെന്നാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. സ്വത്തുവിവരം നല്‍കാന്‍ മെത്രാന്മാര്‍ വിസമ്മതിച്ചു എന്ന കള്ളപ്രചരണവും ബോധപൂര്‍വം അപമാനിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണെന്ന് സിനഡ് വിലയിരുത്തി.

സഭക്കും സഭാനേതൃത്വത്തിനും സഭാതലവനുമെതിരേ അപമാനകരമായ വാര്‍ത്തകള്‍ നിരന്തരം നല്‍കിയിരുന്ന സഭാവിരുദ്ധ ഗ്രൂപ്പുകളും അവയുടെ ചുവടുപിടിച്ച് പ്രവര്‍ത്തിക്കുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുമാണ് കള്ളപ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ ശക്തമായ നിയമനടപടികളിലേക്കു നീങ്ങാനും കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാനുമുള്ള നടപടിക്രമങ്ങളാണ് ആരംഭിച്ചത്.

മുന്‍കൂട്ടി നിശ്ചയിച്ച അജണ്ടകള്‍ പ്രകാരം ശാന്തമായും കാര്യക്ഷമമായും സിനഡ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ സിനഡില്‍ ഏറ്റുമുട്ടലുകളും പൊട്ടിത്തെറിയുമുണ്ടാകുന്നു, സഭയ്ക്ക് പാത്രിയാര്‍ക്കല്‍ പദവി ലഭിക്കുന്നു തുടങ്ങിയ വ്യാജവാര്‍ത്തകള്‍ ചമച്ചവര്‍ വിശ്വാസികള്‍ക്കിടയില്‍ അനാവശ്യ സംശയങ്ങള്‍ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്.

സഭയ്ക്കെതിരേ വിനാശകരമായ ലക്ഷ്യങ്ങളോടെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന സഭാവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കു പിന്നില്‍ സാമൂഹ്യവിരുദ്ധരും തീവ്രചിന്താഗതിക്കാരുമുണ്ടെന്ന കണ്ടെത്തലാണ് കര്‍ശന നിയമ നടപടിയിലേക്ക് നീങ്ങാന്‍ സിനഡിനെ പ്രേരിപ്പിച്ചത്. നിയമനടപടികള്‍ക്കു നേതൃത്വം നല്‍കാന്‍ കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിനെയും മീഡിയ കമ്മീഷനെയും സിനഡ് ചുമതലപ്പെടുത്തി.

സഭാവിരുദ്ധ പ്രസ്ഥാനങ്ങളെ ഒറ്റപ്പെടുത്താനും അവയുടെ തനിനിറം വിശ്വാസികള്‍ക്കുമുന്നില്‍ തുറന്നു കാട്ടാനുമുള്ള ശ്രമങ്ങള്‍ തുടര്‍നടപടികളായി ഉണ്ടാകുമെന്നും സിനഡ് വ്യക്തമാക്കി. സഭയുടെ ഔദ്യോഗിക വക്താക്കളിലൂടെയല്ലാതെ വരുന്ന വാര്‍ത്തകളെ വിശ്വാസിസമൂഹം തള്ളിക്കളയണമെന്നു സിനഡ് ആഹ്വാനം ചെയ്തായും സീറോ മലബാര്‍ വക്താവ് ഡോ. ജിമ്മി പൂച്ചക്കാട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


Related Articles »