News - 2024

ഗർഭ ചികിത്സാകേന്ദ്രങ്ങളിലേക്കു ആയിരം അൾട്രാ സൗണ്ട് മെഷീനുകൾ സമ്മാനിച്ച് കത്തോലിക്ക സംഘടന

സ്വന്തം ലേഖകന്‍ 16-01-2019 - Wednesday

അര്‍ലിംഗ്ടണ്‍: ജീവന്റെ മഹത്വം പ്രഘോഷിച്ച് അമേരിക്കയിലെ ഗർഭ ചികിത്സാ കേന്ദ്രങ്ങളിലേയ്ക്കായി കത്തോലിക്ക സന്നദ്ധ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് സംഭാവന ചെയ്തത് ആയിരം അൾട്രാ സൗണ്ട് മെഷീനുകൾ. പദ്ധതിയിലൂടെ ആയിരക്കണക്കിന് ജീവനുകൾ സംരക്ഷിക്കാൻ സാധിക്കുമെന്ന്‍ നൈറ്റ്സ് ഓഫ് കൊളംബസിന്റെ മേധാവി കാൾ ആൻഡേഴ്സൺ പറഞ്ഞു. അർഹരായ ഭൂരിഭാഗം ആളുകൾക്ക് സൗജന്യ ചികിത്സ നല്‍കുന്ന മനസാസിലെ മദർ ഓഫ് മേഴ്സി ക്ലിനിക്കിലേയ്ക്കാണ് സംഘടന ആയിരാമത്തെ മെഷീൻ സംഭാവന ചെയ്തത്.

കർത്താവിനോടുള്ള കടമയാണ് ഇതിലൂടെയെല്ലാം നാം നിർവഹിക്കുന്നതെന്നും ജീവന്റെ സുവിശേഷം പകർന്നു കൊടുക്കുന്ന പ്രവർത്തിയാണിതെന്നും മെഷീനുകൾ ആശീർവദിച്ച അര്‍ലിംഗ്ടണ്‍ ആര്‍ച്ച് ബിഷപ്പ് മൈക്കല്‍ ബർബിഡ്ജ് പറഞ്ഞു. ലോകമാകമാനം അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്നതിനും ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സന്നദ്ധസംഘടനയാണ് ‘നൈറ്റ്സ് ഓഫ് കൊളംബസ്’. മൈക്കേല്‍ ജെ. മക്ഗിവ്നി എന്ന വൈദികനാണ് സംഘടനയുടെ സ്ഥാപകന്‍. ലോകവ്യാപകമായി ദുരിതമനുഭവിക്കുന്നവരും, അടിച്ചമര്‍ത്തപ്പെട്ടവരും, അഭയാര്‍ത്ഥികളുമായ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഏതാണ്ട് 17,50,79,192 ഡോളറോളം വരുന്ന സാമ്പത്തിക സഹായമാണ് സംഘടന ഇതുവരെ ചെയ്തിട്ടുള്ളത്.


Related Articles »