India - 2024

മദര്‍ തെരേസയുടെ അവസാനത്തെ കേരള സന്ദര്‍ശനം സ്മരിച്ച് ഇടപ്പള്ളി ദേവാലയം

സ്വന്തം ലേഖകന്‍ 17-01-2019 - Thursday

കൊച്ചി: അഗതികളുടെ അമ്മ വിശുദ്ധ മദര്‍ തെരേസയുടെ അവസാനത്തെ കേരള സന്ദര്‍ശനത്തിന്റെ രജതജൂബിലി അനുസ്മരിച്ച് ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ സിഎല്‍സി അംഗങ്ങള്‍. ദിവ്യബലിയില്‍ കാഴ്ചവയ്പ്, ലേഖനവായന, കാറോസൂസ വായന എന്നിവ നടത്തിയതു മദര്‍ തെരേസയുടെ വേഷമണിഞ്ഞെത്തിയ കുട്ടികളാണ്. ദിവ്യബലിക്കുശേഷം മദറിന്റെ സന്ദര്‍ശന ദിനത്തിലെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു. വൈകുന്നേരം ആറിനു സിഎല്‍സി അതിരൂപത പ്രമോട്ടര്‍ ഫാ. തോമസ് മഴുവഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു.

ഇടപ്പള്ളി പള്ളിയുടെ പതിനാലാം ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചായിരുന്നു കൊല്‍ക്കത്തയില്‍ നിന്ന് മദര്‍ തെരേസയുടെ അവസാന കേരളയാത്ര. 1994 ജനുവരി 16ന് കൊച്ചിയിലായിരുന്നു മദറിന്റെ സന്ദര്‍ശനം. പള്ളിയങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു മദര്‍. അന്നത്തെ എറണാകുളം ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയും മുഖ്യമന്ത്രി കെ.കരുണാകരനും ഉള്‍പ്പെടെ പ്രമുഖര്‍ മദറിനൊപ്പം വേദിയിലുണ്ടായിരുന്നു.

അന്നത്തെ ഇടപ്പള്ളി ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ ശങ്കുരിക്കല്‍ കൊല്‍ക്കത്തയിലെത്തിയാണു മദറിനെ ക്ഷണിച്ചത്. ഇടപ്പള്ളി പള്ളി സന്ദര്‍ശിച്ച മദറിന്റെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കു സഹായമാകാന്‍ ഒരു പിക്കപ്പ് വാന്‍ സമ്മാനമായി പള്ളി അധികൃതര്‍ നല്‍കിയിരിന്നു.


Related Articles »