India - 2024
സിനഡ് സര്‍ക്കുലര്‍ നിയമങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു: കത്തോലിക്ക കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍ 22-01-2019 - Tuesday
തൊടുപുഴ: സീറോ മലബാര്‍ സിനഡ് സഭയുടെ നിയമങ്ങള്‍ ലംഘിക്കുകയും സഭയെയും സമുദായത്തെയും പൊതുസമൂഹത്തില്‍ ഇകഴ്ത്തി കാണിക്കുകയും ചെയ്യുന്നവരെ നിയമങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണു ചെയ്തതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം. സീറോ മലബാര്‍ സഭാ സിനഡിന്റെ സര്‍ക്കുലറില്‍ പൊതുനന്മയ്ക്കായി എല്ലാവരും സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കും വിധം കര്‍ക്കശമായ സമീപനം സഭയില്‍ അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏതൊരു സമൂഹത്തിനും അതിന്റേതായ വ്യക്തിത്വത്തില്‍ തുടരാനായി വ്യവസ്ഥാപിതമായ നിയമങ്ങളും ചട്ടങ്ങളും അനിവാര്യമാണ്. സീറോ മലബാര്‍ സഭയ്ക്കും സമുദായത്തിനും സുസ്ഥിരമായി മുന്നോട്ടു പോകാന്‍ പൊതുവായ നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. ഏതാനും പേര് ഈ സംവിധാനത്തെ മോശമാക്കാന്‍ ശ്രമിക്കുമ്പോള്‍ സമുദായത്തിന്റെ പൊതുനന്മയെ മുന്‍നിര്‍ത്തി നിയമ നടപടി സ്വീകരിക്കുക എന്നത് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. തിരിച്ചുവരാന്‍ വീണ്ടും വീണ്ടുമുള്ള സഭയുടെ ആഹ്വാനം കാരുണ്യത്തിന്റെ മുഖമാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.