News - 2024

ചൈനയില്‍ ഭവനങ്ങളിൽ നിന്നും ക്രൈസ്തവ ചിഹ്നങ്ങൾ നീക്കം ചെയ്യുന്നത് തുടരുന്നു

സ്വന്തം ലേഖകന്‍ 22-01-2019 - Tuesday

ബെയ്ജിംഗ്: ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ രാജവ്യാപകമായി ക്രൈസ്തവ ചിഹ്നങ്ങൾ നീക്കം ചെയ്യുന്നതായി റിപ്പോർട്ടുകൾ. ക്രൈസ്തവ വിശ്വാസം കുറ്റകരമാക്കുന്ന രീതിയിലാണ് ഭരണകൂടത്തിന്റെ നീക്കങ്ങൾ. ചൈനയിലെ മതസ്വാതന്ത്ര്യവും മനുഷ്യവകാശവും ചർച്ച ചെയ്യുന്ന ബിറ്റർ വിന്റർ മാസികയാണ് ഭവനങ്ങളിൽ നിന്നും ക്രൈസ്തവ ചിഹ്നങ്ങൾ നീക്കം ചെയ്യുന്നതായും തൽസ്ഥാനത്ത് മാവോ സേ ദൂങ്ങിന്റെയും പ്രസിഡൻറ് ഷി ജിൻപിങ്ങിന്റെയും ചിത്രങ്ങൾ പ്രതിഷ്ഠിച്ചതായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ ചൈനീസ് അധികൃതർ വൃദ്ധനായ കത്തോലിക്ക വിശ്വാസിയുടെ ഭവനത്തിൽ കുരിശിന്റെ ചിത്രം നീക്കം ചെയ്ത് അധികാരികളുടെ ചിത്രങ്ങൾ പ്രതിഷ്ഠിക്കാൻ ഉത്തരവിട്ടിരുന്നു. അല്ലാത്തപക്ഷം ഗവൺമെൻറിന്റെ സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്നാണ് അറിയിച്ചത്. ക്രൈസ്തവ വിശ്വാസികൾ എന്ന കാരണത്താൽ നിരന്തരം വേട്ടയാടപ്പെടുന്നതായി അദ്ദേഹത്തിന്റെ ഭാര്യ 'ബിറ്റർ വിന്റർ'നോട് വെളിപ്പെടുത്തി. സമാന രീതിയിൽ, മറ്റൊരു ഭവനത്തില്‍ എഴുതപ്പെട്ടിരുന്ന, "തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (യോഹ 3:16) എന്ന ദൈവവചനത്തിന് പകരം വാചകങ്ങള്‍ എഴുതണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരിന്നു.

2018 ഫെബ്രുവരി മുതൽ ആയിരത്തിനാനൂറോളം ക്രൈസ്തവ ചിഹ്നങ്ങളാണ് ഇത്തരത്തിൽ നീക്കം ചെയ്യപ്പെട്ടതായി ബിറ്റർ വിന്റർ മാസിക ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ദേവാലയത്തിൽ പ്രദർശിപ്പിച്ചിരുന്ന പത്തു കല്പനകളിൽ ആദ്യത്തേത് കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി യോജിച്ചു പോകാത്തതിനാൽ നീക്കം ചെയ്യണമെന്ന് ഭരണകൂടം ആജ്ഞാപിച്ചതും വിവാദങ്ങൾക്ക് കാരണമായിരിന്നു. ഞാനല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുതെന്ന ദൈവകല്പനയെ എതിർത്ത് പ്രസിഡന്റ് ഷി ജിൻപിങ്ങും നേരത്തെ രംഗത്തെത്തിയിട്ടുണ്ടെന്നും മാസികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വത്തിക്കാന്‍ ചൈന ഉടമ്പടി പ്രാബല്യത്തില്‍ വന്നെങ്കിലും നിരീശ്വര രാഷ്ട്രമായി വിലയിരുത്തപ്പെടുന്ന കമ്മ്യൂണിസ്റ്റ് ചൈനയിൽ വിശ്വാസികളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നത് തുടരുകയാണ്.


Related Articles »