India - 2024

ദൈവശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്ന വിശ്വാസം സഭയുടെ വിശ്വാസമായിരിക്കണം: കര്‍ദ്ദിനാള്‍ ലഡാരിയ

സ്വന്തം ലേഖകന്‍ 24-01-2019 - Thursday

ബംഗളൂരു: സഭയുടെ വിശ്വാസം ജനങ്ങള്‍ക്കു ജീവിക്കാന്‍ ഉതകുന്ന തരത്തില്‍ അവതരിപ്പിക്കുകയും പഠിപ്പിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയെന്നതാണ് ദൈവശാസ്ത്രജ്ഞരുടെ ദൗത്യമെന്നും റോമിലെ വിശ്വാസതിരുസംഘം പ്രീഫെക്ട് കര്‍ദ്ദിനാള്‍ ലൂയിസ് ലഡാരിയ. റോമിലെ വിശ്വാസതിരുസംഘ കാര്യാലയവും ഇന്ത്യന്‍ മെത്രാന്‍ സമിതിയും സംയുക്തമായി ബംഗളൂരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് അക്കാഡമിയില്‍ നടത്തിയ അന്താരാഷ്ട്ര ദൈവശാസ്ത്ര സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഭയ്ക്കു ദൈവശാസ്ത്രം ആവശ്യമാണ്, ദൈവശാസ്ത്രജ്ഞനു സഭയും. ദൈവശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്ന വിശ്വാസം സഭയുടെ വിശ്വാസവും പ്രബോധനവുമായിരിക്കണം. സഭയുടെ വിശ്വാസം ജനങ്ങള്‍ക്കു ജീവിക്കാന്‍ ഉതകുന്ന തരത്തില്‍ അവതരിപ്പിക്കുകയും പഠിപ്പിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയെന്നതാണ് ദൈവശാസ്ത്രജ്ഞരുടെ ദൗത്യമെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബാത്തിസ്ത ദി ക്വാത്രോ, കര്‍ദ്ദിനാള്‍ ഡോ. ഓസ്വാര്‍ഡ് ഗ്രേഷ്യസ്, കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ എന്നിവര്‍ സിമ്പോസിയത്തിനു നേതൃത്വം നല്‍കി. കേരളത്തിലെ മൂന്നു റീത്തുകളെയും പ്രതിനിധീകരിച്ച് വൈദികരും സന്യസ്തരും അല്മായരുമടങ്ങുന്ന പതിനൊന്നംഗ ദൈവശാസ്ത്ര സംഘവും സിന്‌പോസിയത്തില്‍ പങ്കെടുത്തു.

ഭാരതത്തിന്റെ വ്യത്യസ്ത സാംസ്‌കാരിക പശ്ചാത്തലത്തില്‍ ക്രിസ്തീയ വിശ്വാസം എന്നതായിരുന്നു സിമ്പോസിയത്തിന്റെ പ്രധാന പ്രമേയം. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ എഫ്രോം നരികുളം, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ജെയിംസ് ആനാപറന്പില്‍, ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് ജേക്കബ് മാര്‍ ബാര്‍ണബാസ് എന്നിവര്‍ കേരളത്തില്‍ നിന്നു സമ്മേളനത്തില്‍ പങ്കെടുത്തു.


Related Articles »