India - 2024

സന്യസ്തര്‍ക്കു വ്യക്തമായ ദിശാബോധം നല്‍കാന്‍ സിനഡിന്റെ നടപടികള്‍ പര്യാപ്തം: മീഡിയ കമ്മീഷന്‍

സ്വന്തം ലേഖകന്‍ 24-01-2019 - Thursday

കൊച്ചി: അച്ചടക്കത്തിനു മാതൃകയാകേണ്ടവരായ സന്യസ്തര്‍ക്കു വ്യക്തമായ ദിശാബോധം നല്‍കാന്‍ സിനഡിന്റെ നടപടികള്‍ പര്യാപ്തമാണെന്ന് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍. സഭയുടെ ചില തലങ്ങളില്‍ നഷ്ടമായിത്തുടങ്ങിയ അച്ചടക്കം വീണ്ടെടുക്കാന്‍ സിനഡ് കൈക്കൊണ്ട തീരുമാനങ്ങള്‍ക്കു വൈദികരും സന്യസ്തരും നല്‍കിയ പിന്തുണ ഏറെ സ്വാഗതാര്‍ഹമാണെന്നും കമ്മീഷന്‍ വിലയിരുത്തി.

സഭയുടെ അല്‍മായ സംഘടനകളെല്ലാം സിനഡിന്റെ നിര്‍ദേശങ്ങളെ സന്തോഷപൂര്‍വം സ്വാഗതം ചെയ്തു എന്നതും ശ്രദ്ധേയമാണ്. സുചിന്തിതവും കാലഘട്ടത്തിന്റെ ആവശ്യവുമായിരുന്ന നടപടികള്‍ സഭയില്‍ സമാധാനവും അച്ചടക്കവും പുനഃസ്ഥാപിക്കുമെന്നും അല്മായ സംഘടനകള്‍ വിലയിരുത്തി. അച്ചടക്കരാഹിത്യം സഭയുടെ സുവിശേഷസാക്ഷ്യത്തെ പൊതുസമൂഹത്തിനു മുന്പില്‍ അപഹാസ്യമാക്കുകയാണ്. സഭയില്‍ തിരുത്തലുകളും ആത്മവിമര്‍ശനങ്ങളും ആവശ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ സഭയ്ക്കുള്ളില്‍ നടക്കേണ്ട ചര്‍ച്ചകളും വിലയിരുത്തലുകളും തെരുവിലും മാധ്യമങ്ങളിലും നടത്തുന്നതിലാണു സഭാവിശ്വാസികള്‍ അസ്വസ്ഥരായിരുന്നത്.

സഭാധികാരികള്‍ക്കെതിരേ ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും നീതിപൂര്‍വം പരിഹരിക്കാനും സഭാനിയമം അനുശാസിക്കുന്നതു പോലെ ഒരു ഉന്നതാധികാര െ്രെടബ്യൂണല്‍ സഭയില്‍ നിലവിലുണ്ട്. സഭയിലെ വ്യവസ്ഥാപിത മാര്‍ഗങ്ങളെ അവഗണിച്ചു മാധ്യമശ്രദ്ധയ്ക്കായി മാത്രം നടത്തുന്ന പ്രതികരണങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത പൊതുസ്വീകാര്യതയെ മറയാക്കി സഭയില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ കുറ്റകരമാണെന്നു പറയാതെ തരമില്ല.

സഭയൊന്നാകെ ഒരേ ഹൃദയത്തോടും ഒരേ മനസോടെയും കൂട്ടായ്മയിലേക്കു നീങ്ങാന്‍ പരിശ്രമിക്കുന്‌പോള്‍, അപസ്വരങ്ങള്‍ ഉയര്‍ത്തി സ്വയം അപഹാസ്യരാകാതിരിക്കാന്‍ കൂട്ടായ പരിശ്രമം വേണം. സഭയുടെ കൂട്ടായ്മ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ സഭാവിരുദ്ധരുടെ കൈകളിലെ പാവകളായി മാറുന്ന അപകടം ഒഴിവാക്കേണ്ടതാണ്. സഭയെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണയില്‍ ആരും വഴിതെറ്റരുതെന്നും മീഡിയ കമ്മീഷന്‍ ഓര്‍മിപ്പിച്ചു.


Related Articles »