Faith And Reason

'ദിവ്യകാരുണ്യത്തിന്റെ കാര്‍ളോ'യുടെ ശരീരം അഴുകാത്ത നിലയിൽ: നാമകരണ നടപടി അതിവേഗം

സ്വന്തം ലേഖകന്‍ 25-01-2019 - Friday

റോം: ദിവ്യകാരുണ്യ ഈശോയോടുള്ള അഗാധമായ ഭക്തിയില്‍ ജീവിച്ച് പതിനഞ്ചാം വയസില്‍ മരണമടഞ്ഞു തിരുസഭ ധന്യപദവിയിലേക്ക് ഉയര്‍ത്തിയ കാര്‍ളോ അക്യൂറ്റിസിന്റെ ശരീരം അഴുകാത്ത നിലയിൽ കണ്ടെത്തി. കാര്‍ളോയുടെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ ഫാ. മാര്‍സെലോ ടെനോറിയോയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കാര്‍ളോയുടെ ശരീരം അസീസ്സിയിലെ കപ്പൂച്ചിന്‍ ആശ്രമത്തിലേക്ക് ഉടനെ മാറ്റുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ശാസ്ത്രത്തിന് ഇന്നും ചോദ്യചിഹ്നമായ അഴുകാത്ത ഭൌതീക ശരീരം നിലനില്‍ക്കുന്ന വിശുദ്ധരുടെ പട്ടികയില്‍ കാര്‍ളോയും ഇടം നേടുമ്പോള്‍ വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികള്‍ അതിവേഗം നടക്കുമെന്നാണ് സൂചന.

2006-ല്‍ ലുക്കീമിയ ബാധിച്ച് മരണമടഞ്ഞ കാര്‍ളോ അക്യൂറ്റിസ് എന്ന ഇറ്റാലിയന്‍ ബാലന്റെ ജീവിതം ആരെയും അതിശയിപ്പിക്കുന്നതായിരിന്നു. അനുദിനം വിശുദ്ധ ബലിയില്‍ സംബന്ധിക്കുന്നതിനും പ്രാര്‍ത്ഥനകള്‍ക്കുമായി പ്രത്യേക ഉത്സാഹം കാണിച്ചിരുന്ന കാര്‍ളോ, ദിവ്യകാരുണ്യത്തിന്റെ അതീവഭക്തനായിരിന്നു. ചെറുപ്രായത്തില്‍ തന്നെ കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യുന്നതില്‍ കാര്‍ളോയ്ക്ക് അസാമാന്യ കഴിവ് ദൈവം നല്‍കിയിരുന്നു. ഏഴാം വയസ്സില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കാര്‍ളോ ഒരിയ്ക്കലും ദിവ്യബലികള്‍ മുടക്കിയിരിന്നില്ല.

കംപ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനിയറിംഗ് ബിരുദം നേടിയ വ്യക്തിയ്ക്ക് സമാനമായ അറിവു കാര്‍ളോക്കുണ്ടായിരിന്നു. ആ അറിവിനെ ദൈവനാമ മഹത്വത്തിനായി അവന്‍ ഉപയോഗിച്ചു. ലോകത്തെ എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളേയും ഒരുമിച്ച് ചേര്‍ക്കുന്ന തരത്തിലുള്ള ഒരു വിര്‍ച്വല്‍ ലൈബ്രറി, സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ നിര്‍മ്മിക്കുവാനുള്ള ധീരമായ തീരുമാനം കാര്‍ളോ അക്യൂറ്റീസ് ഏറ്റെടുത്തത് 11-ാം വയസിലാണ്. "നമ്മള്‍ എത്രതവണ ദിവ്യകാരുണ്യം സ്വീകരിക്കുന്നുവോ, അത്രയും അധികമായി നമ്മള്‍ ക്രിസ്തുവിന്റെ അസ്ഥിത്വത്തോട് ചേര്‍ക്കപ്പെടുകയാണ്. അത് ഭൂമിയില്‍ സ്വര്‍ഗം രുചിച്ചറിയുവാന്‍ സഹായിക്കും"- കാര്‍ളോ പറഞ്ഞ വാക്കുകളാണ് ഇവ.

ഇതില്‍ നിന്നും തന്നെ ദിവ്യകാരുണ്യത്തോടുള്ള ബാലന്റെ അടങ്ങാത്ത സ്‌നേഹവും, ഭക്തിയും മാതാപിതാക്കളും സുഹൃത്തുക്കളും മനസിലാക്കിയിരുന്നു. കാര്‍ളോ അക്യൂറ്റീസിന്റെ പദ്ധതിക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുവാന്‍ മാതാപിതാക്കള്‍ തന്നെ മുന്‍കൈ എടുത്തു. നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളില്‍ സംഭവിച്ചതും സഭയുടെ അംഗീകാരം ലഭിച്ചതുമായ 136 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിവരങ്ങള്‍ കാര്‍ളോയുടെ വിര്‍ച്വല്‍ ലൈബ്രറിക്കായി അവര്‍ ശേഖരിച്ചു നല്‍കി. രണ്ടു വര്‍ഷം സമയമെടുത്താണ് നൂതനരീതിയില്‍ ഏവരെയും ആകര്‍ഷിക്കുന്ന ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിര്‍ച്വല്‍ ലൈബ്രറി കാര്‍ളോ അക്യൂറ്റീസ് നിര്‍മ്മിച്ചത്.

അഞ്ചു ഭൂഖണ്ഡങ്ങളില്‍ ഈ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം നടത്തപ്പെട്ടു. നിരവധി രാജ്യങ്ങളില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് ആഴത്തില്‍ മനസിലാക്കുവാന്‍ കാര്‍ളോയുടെ ഈ പദ്ധതി മൂലം ഇടയായി. അമേരിക്കയില്‍ തന്നെ നൂറില്‍ അധികം സര്‍വകലാശാലയിലാണ് ദിവ്യകാരുണ്യഭക്തിയും സാങ്കേതിക മികവും, ഒരുപോലെ പ്രകടിപ്പിക്കുന്ന വിര്‍ച്വല്‍ ലൈബ്രറി പ്രദര്‍ശിപ്പിക്കപ്പെട്ടത്. തന്റെ ജീവിതത്തിന്റെ ഏക ലക്ഷ്യം യേശുക്രിസ്തുവുമായി അടുത്ത് ജീവിക്കുക എന്നതാണെന്ന് കാര്‍ളോ അക്യൂറ്റീസ് പലപ്പോഴും പറഞ്ഞിരുന്നു. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. കഴിഞ്ഞ വര്‍ഷം ജൂലൈ 5നു കാര്‍ളോയെ ഫ്രാന്‍സിസ് പാപ്പ ധന്യ പദവിയിലേക്ക് ഉയര്‍ത്തുകയായിരിന്നു.

More Archives >>

Page 1 of 7