India

ആവേശം പകര്‍ന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ കുറവിലങ്ങാട് സന്ദര്‍ശനം

സ്വന്തം ലേഖകന്‍ 27-01-2019 - Sunday

കുറവിലങ്ങാട്: നൂറുകണക്കിന് വിശ്വാസികള്‍ക്ക് ആവേശം പകര്‍ന്നു സീറോ മലബാര്‍ സഭയിലെ ഏക മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയമായ കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരം കുറവിലങ്ങാട് ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന മേജര്‍ ആര്‍ച്ച്ബിഷപ്പിനെ പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്.

തുടര്‍ന്നു ജപമാല-മെഴുകുതിരി പ്രദക്ഷിണം നടന്നു. ഇതിന് പിന്നാലെ ശ്ലൈഹിക ആശീര്‍വാദം നല്‍കി. ശേഷമാണ് മുത്തിയമ്മയുടെ തിരുസ്വരൂപം നല്‍കുവാന്‍ ആരംഭിച്ചത്. കുറവിലങ്ങാട് ഫൊറോനയിലെ കാട്ടാന്പാക്ക്, കാളികാവ്, കൂടല്ലൂര്‍, കുറിച്ചിത്താനം, മണ്ണയ്ക്കനാട്, മരങ്ങാട്ടുപിള്ളി, മോനിപ്പള്ളി, പാലയ്ക്കാട്ടുമല, രത്‌നഗിരി, ഉദയഗിരി, വാക്കാട്, വയല എന്നീ ഇടവകകളും മുന്‍പ് കുറവിലങ്ങാട് ഫൊറോനയുടെ ഭാഗമായിരുന്ന ജയ്ഗിരി, കാഞ്ഞിരത്താനം, കളത്തൂര്‍, സ്ലീവാപുരം ഇടവകകളും ഇടവകാതിര്‍ത്തിയിലെ വിവിധ ആശ്രമ ദേവാലയങ്ങളും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിക്കല്‍ സിറ്റി അധികൃതരും പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം ഏറ്റുവാങ്ങി.

വൈകീട്ട് നടന്ന ഫൊറോനയിലെ വൈദികരുടെ സമ്മേളനത്തിലും തുടര്‍ന്ന് ദേവാലയ യോഗത്തിലും മേജര്‍ ആര്‍ച്ച് ബിഷപ്പും പാലാ രൂപതാധ്യക്ഷനും പങ്കെടുത്തു. ഇന്നു രാവിലെ 8.30ന് ഇടവകയിലെ വിവിധ ഭക്തസംഘടന അംഗങ്ങളുടെ യോഗത്തില്‍ മേജര്‍ കര്‍ദ്ദിനാള്‍ പങ്കെടുത്ത് സന്ദേശം നല്‍കും. 10ന് കര്‍ദ്ദിനാളിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടക്കും. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച്‌പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, സീനീയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.വികാരിമാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാണി കൊഴുപ്പന്‍കുറ്റി, സ്‌പെഷ്യല്‍ കണ്‍ഫെസര്‍ ഫാ. ജോര്‍ജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും.

'കുറവിലങ്ങാട് : ഉറവയും ഉറവിടവും' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ, കുറവിലങ്ങാട്ടെ മരിയന്‍ പ്രത്യക്ഷീകരണങ്ങളുമായി ബന്ധപ്പെടുത്തി ബെന്നി കോച്ചേരി എഴുതിയ 'കുറയാതെ കാക്കുന്നവള്‍: കുറവിലങ്ങാട് മുത്തിയമ്മ, എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ആര്‍ച്ച് ബിഷപ്പ് ഇന്നു നിര്‍വഹിക്കും. പൗരസ്ത്യസഭകളില്‍ ഒരു ദേവാലയത്തിനു നല്‍കുന്ന ഏറ്റവും വലിയ പദവിയായ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ആര്‍ച്ച് ഡീക്കന്‍ പദവി കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കുറവിലങ്ങാട് ദേവാലയത്തിന് സീറോ മലബാര്‍ സിനഡ് നല്‍കിയത്. രണ്ടാഴ്ച മുന്‍പ് ഒന്‍പത് ബിഷപ്പുമാര്‍ ദേവാലയം സന്ദര്‍ശിച്ചിരിന്നു.


Related Articles »