India - 2024

ചാവറയച്ചന്റെ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ പൊതുസമൂഹത്തിനു എക്കാലവും മുതല്‍ക്കൂട്ട്: ഉപരാഷ്ട്രപതി

സ്വന്തം ലേഖകന്‍ 02-02-2019 - Saturday

കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജീവിത, വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ പൊതുസമൂഹത്തിനും കേരളത്തിന്റെ വിദ്യാഭ്യാസമേഖലയ്ക്കും എക്കാലവും മുതല്‍ക്കൂട്ടാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. തേവര സേക്രഡ് ഹാര്‍ട്ട് കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും പ്രഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ കിന്‍ഡില്‍ (ഇറീഡര്‍) വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനു സേവനം ചെയ്യുന്നതിലൂടെ ദൈവത്തെ സേവിക്കാമെന്നും, വിദ്യ പകര്‍ന്നു നല്‍കന്നതാണു മാനവസേവനത്തിന്റെ മഹദ് ദര്‍ശനമെന്നു പഠിപ്പിക്കുകയും ചെയ്ത മഹദ് വ്യക്തിത്വമാണു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിഎംഐ സന്യസ്തസമൂഹം വിദ്യാഭ്യാസ മേഖലയില്‍ നല്‍കിയിട്ടുള്ള സംഭാവനകളെയും അദ്ദേഹം തന്റെ സന്ദേശത്തില്‍ സ്മരിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം അധ്യക്ഷത വഹിച്ചു. സിഎംഐ പ്രിയോര്‍ ജനറാള്‍ റവ. ഡോ. പോള്‍ ആച്ചാണ്ടി ഉപരാഷ്ട്രപതിക്ക് ഉപഹാരം നല്‍കി. മേയര്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരിന്നു.


Related Articles »