Social Media

കലർപ്പറ്റ സ്നേഹത്തിന് വയസ് എഴുപത്

ശാന്തിമോന്‍ ജേക്കബ് 04-02-2019 - Monday

വൈക്കത്തിനടുത്ത് വല്ലകം ഗ്രാമത്തിൽ വാറുണ്ണി എന്നൊരു ബാലൻ ഉണ്ടായിരുന്നു. അവിടുത്തെ സാമാന്യം സന്പന്നമായ പനക്കൽ കുടുംബത്തിലെ അംഗം. കാലം 1956. സാധിക്കുന്ന ദിവസങ്ങളിലെല്ലാം മക്കൾ വിശുദ്ധ കുർബാനയിൽ സംബന്ധിക്കണമെന്ന് നിർബന്ധമുണ്ടായിരുന്ന മാതാപിതാക്കൾ. അൽപം കുസൃതി ആയിരുന്നു വാറുണ്ണി . എന്തെങ്കിലുമൊക്കെ കുരുത്തക്കേടുകൾ എപ്പോഴുമുണ്ടാകും. ദൈവഭയവും വിനയവും ആവോളമുള്ള 'നല്ല' കുട്ടികളാണ് ആ ഇടവകയിലെ അൾത്താരബാലന്മാർ. ആ ഗണത്തിലൊന്നും വാറുണ്ണിയുടെ പേരില്ല. അന്നൊരു ദിവസം ഇടദിവസത്തെ കുർബാനക്ക് വല്ലകം പള്ളിയിൽ അൾത്താരബാലന്മാരിൽ ആരും എത്തിയിട്ടില്ല. ഫാദർ തച്ചിൽ ആണ് വികാരി; മുൻകോപത്തിന് പേരുകേട്ട പ്രകൃതം. കുർബാന തുടങ്ങും മുൻപ് തച്ചിൽ അച്ചൻ വാറുണ്ണിയെ നോക്കി.

"നീ ഇന്ന് കുർബാനക്ക് കൂടിക്കോ"- അദ്ദേഹം പറഞ്ഞു. തച്ചിൽ അച്ചനാണ് ആവശ്യപ്പെടുന്നത്, നിരസിക്കാൻ പ്രയാസം. അവൻ അനുസരണമുള്ളവനായി. കുർബാന തുടങ്ങി. അൾത്താരയിൽ നിന്ന് അവൻ ആദ്യമായി അവൻ ദേവാലയത്തിലേക്ക് നോക്കി; അഞ്ചാറുപേരേയുള്ളു പള്ളിക്കുള്ളിൽ. എന്നാലും അവരൊരു വലിയ ആൾക്കൂട്ടം പോലെയാണ് തോന്നിയത്. എല്ലാവരുടെയും നോട്ടം തന്റെ നേർക്കാണെന്ന് അവനുതോന്നി; തലകറങ്ങുംപോലെയും. കുർബാനയുടെ ആദ്യപകുതി കഴിഞ്ഞു. വൈദീകൻ ജനത്തിനു പുറംതിരിഞ്ഞു നിന്ന് കുർബാന തുടരുകയാണ് ഇനി. ഇതുതന്നെ അവസരം. അവൻ കാറ്റിന്റെ വേഗതയിൽ പുറത്തേക്ക് കുതിച്ചു.

വീട്ടിലെത്തിനിന്ന് കിതപ്പകറ്റുന്പോൾ അമ്മ ചോദിച്ചു: "നീയെന്താ നേരത്തെ?" അവൻ അരുമയായി ഒന്നു ചിരിച്ചു; പിന്നീട് ജനഹൃദയങ്ങളിൽ പടർന്നുകയറിയ അതേ ചിരി. അമ്മ പിന്നെ ഒന്നും ചോദിച്ചില്ല. അൾത്താരവിട്ട് ഓടിപ്പോയ അവനെ ദൈവം അൾത്താരയോട് ബന്ധിച്ചു. വാറുണ്ണി വൈദീകനായി; അനേകം വൈദീകരെ ധ്യാനിപ്പിക്കുന്നവനായി; വൈദീകമേലധ്യക്ഷന്മാർ പോലും ആ വചനധാരയിൽ ലയിച്ചിരുന്നു. അദ്ദേഹത്തെ നിങ്ങൾ അറിയും. ഫാ. ജോർജ് പനക്കൽ വി സി; പോട്ടയിലും ഡിവൈനിലും മാത്രമല്ല ലോകമെന്പാടും സാന്ത്വനത്തിന്റെ സുവിശേഷം പകർന്ന വചനപ്രഘോഷകൻ.

പ്രസംഗിച്ച മണിക്കൂറുകൾ രേഖപ്പെടുത്തി വച്ചിരുന്നെങ്കിൽ ഒരുപക്ഷേ, ഗിന്നസ് ബുക്കിൽ ഇടംനേടുമായിരുന്ന വൈദീകൻ. ഫെബ്രുവരി രണ്ടിന് ഫാദർ ജോർജ് പനക്കലിന് എഴുപത് വയസ് തികഞ്ഞു; സപ്തതിയുടെ സുകൃതം! വൈക്കത്തിനടുത്ത് തോട്ടകത്താണ് വിൻസെൻഷ്യൻ കോൺഗ്രിഗേഷന്റെ ഉത്ഭവം. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തലായിരുന്നു അത്. 1950 മുതൽ പോപ്പുലർ മിഷൻ എന്ന പേരിൽ ഇടവകകളിൽ നവീകരണധ്യാനങ്ങൾ നടത്തിവന്നിരുന്നു വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ വൈദീകർ. വല്ലകത്തുനിന്ന് തോട്ടകത്തേക്ക് ഏറെ ദൂരമില്ല.

പക്ഷേ, പനക്കൽ ജോർജ് എന്ന ചെറുപ്പക്കാരനിൽ നിന്ന് ഒരു വിൻസെൻഷ്യൻ സഭാ വൈദീകനിലേക്ക് ഒരുപാടുദൂരമുണ്ടായിരുന്നു. കാരണം, പനക്കൽ ജോസഫിന്റെ രണ്ടാമത്തെ മകൻ പലതുകൊണ്ടും വ്യത്യസ്തനായിരുന്നു. സ്വയം തോന്നിയ വഴികളിൽ അവൻ നടന്നു; കൗതുകം തോന്നിയതിനു പിന്നിലുള്ളവയുടെ കഥയും കാന്പും ചികഞ്ഞു. സ്വയം ചോദ്യങ്ങൾ ചോദിച്ചു; ഉത്തരങ്ങൾ കണ്ടെത്തി. വ്യവസ്ഥാപിതവഴികളിൽ നിന്നു മാറിനടക്കാനായിരുന്നു എന്നും ഇഷ്ടം. ആരെയും നോവിക്കാൻ അവൻ ഇഷ്ടപ്പെട്ടില്ല.

ആയിടെക്കാണ്‌ ജേഷ്ഠൻ വൈദീകനാകാൻ രൂപതാ സെമിനാരിയിൽ ചേർന്നത്. പക്ഷേ, രണ്ടുകൊല്ലം തികയും മുൻപേ ഏതോ ചില കാരണങ്ങളാൽ മടങ്ങിപ്പോരേണ്ടിവന്നു അയാൾക്ക്. പനക്കൽ കുടുംബം പണ്ടേ കർഷകരാണ്. കുടുംബത്തിലെ പല തായ്‌വഴികൾ അടുത്തടുത്താണ് താമസം. ഗ്രാമത്തിലെ പ്രധാനികളുടെ പേരുകളിൽ അവരിൽ ചിലരുണ്ട്. വല്ലകം സെന്റ് മേരീസ് ദേവാലയം പണിയിച്ചതുതന്നെ പണ്ടേതോ പനക്കൽ കത്തനാരാണ്. പിന്നത്തെ തലമുറകളിലൊന്നും പക്ഷേ, വൈദീകരുണ്ടായില്ല.

പത്താംതരം ഒരുവിധം കടന്നുകൂടിയപ്പോൾ അപ്പൻ അവനെ മാന്നാനം കുരിയാക്കോസ് ഏലിയാസ് കോളേജിൽ അയച്ചു. കണക്കും സയൻസുമെടുത്തു പ്രീഡിഗ്രി പഠനം. പോപ്പ് ജോൺ ഹോസ്റ്റലിൽ ആയിരുന്നു താമസം. കോളേജിന്റെ സ്വാതന്ത്ര്യമത്രയും അവൻ നന്നായി ആസ്വദിച്ചു. ഒടുക്കം പരീക്ഷയിൽ നിന്നു 'ഡീബാർ' ചെയ്യുന്നിടം വരെയെത്തി കാര്യങ്ങൾ. പരീക്ഷ എഴുതാതെ വല്ലകത്ത് മടങ്ങിയെത്തി ജോർജ്. ജേഷ്ഠൻ ഗവൺമെന്റ് ഹൈസ്‌കൂളിൽ അധ്യാപകനാണ്.

"അടുത്ത സെപ്റ്റംബറിൽ പാതിവിഷയങ്ങൾ എഴുതുക, മറ്റുള്ളവ പിന്നീടും" ഇതായിരുന്നു ജേഷ്ഠന്റെ ഉപദേശം. ഉപദേശങ്ങൾ അനുസരിക്കുന്നതിൽ പണ്ടേ, വിമുഖനാണ്‌ ജോർജ്. അവൻ എല്ലാ വിഷയങ്ങളും ഒരുമിച്ചെഴുതി. രണ്ടെണ്ണം ജയിച്ചു, ബാക്കിയൊക്കെ തോറ്റു. വീണ്ടും ആറുമാസത്തിനുശേഷം ബാക്കി പേപ്പറുകളും എഴുതി. ഫിസിക്‌സും കണക്കും കെമിസ്‌ട്രിയും ജയിച്ചു; ഇനി ജയിക്കാനുള്ളത് ഇംഗ്ളീഷ് മാത്രം. ഒടുക്കം ഇംഗ്ലീഷും ജയിച്ചു. ഇതിനിടയിൽ എപ്പോഴോ അവനൊരു ഇഷ്ടം തോന്നിതുടങ്ങി; നസ്രത്തിലെ ക്രിസ്തുവെന്ന ചെറുപ്പക്കാരനോട് ഒരിഷ്ട്ടം. കാലംകഴിയും തോറും ആ ഇഷ്ടം കൂടിക്കൂടി വന്നു.

അങ്ങനെയാണ് ജോർജ് എന്ന യുവാവ് വിൻസെൻഷ്യൻ സഭയിൽ ചേരുന്നത്. ആന്തരിക സംഘർഷങ്ങളുടേതായിരുന്നു സെമിനാരി പഠനകാലവും. അവസാനവർഷം സെമിനാരി റെക്ടർ തന്റെ തീരുമാനം അറിയിച്ചു: "ഇക്കൊല്ലത്തെ നവവൈദീകരുടെ പട്ടികയിൽ ജോർജിന്റെ പേരില്ല. ഒരുവർഷം കൂടി കാത്തിരിക്കുക." ഏറെ ആഗ്രഹിച്ച വൈദീകജീവിതത്തിനാണ് തടസം നേരിട്ടിരിക്കുന്നത്. അധികാരികളുടെ തീരുമാനം അംഗീകരിക്കാതെ വയ്യ. തകർന്ന മനസോടെ പച്ചാളത്തെ വിൻസെൻഷ്യൻ ആശ്രമത്തിൽ കുറേക്കാലം. ബന്ധുവായ ഒരു മുതിർന്ന വൈദീകന്റെ സാമീപ്യം.

ദിവ്യകാരുണ്യത്തിനുമുന്നിലിരുന്നു ബൈബിൾ തുറന്നപ്പോൾ ലഭിച്ചഭാഗം ഇങ്ങനെയായിരുന്നു: "ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്ന് പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്തെന്നാൽ എന്റെ നുകം വഹിക്കാൻ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്."

മത്തായിയുടെ സുവിശേഷം പതിനൊന്നാം അധ്യായത്തിലെ അവസാനത്തെ വാചകങ്ങൾ.

ആ ബൈബിൾ വചനങ്ങളാണ് ഫാദർ ജോർജ് പനക്കൽ എന്ന വചനപ്രഘോഷകനെ സൃഷ്ടിച്ചത്. ദൈവം തനിക്കുവേണ്ടി കുറിച്ചുവച്ച വാക്കുകളാണ് അവയെന്നുപോലും ആ സെമിനാരി വിദ്യാർഥിക്കുതോന്നി. സഹനം രക്ഷാകരമാണെന്ന തിരിച്ചറിവിൽ ആ ചെറുപ്പക്കാരന്റെ ഉള്ളം തണുത്തു. പിറ്റേക്കൊല്ലം കർദിനാൾ ജോസഫ് പാറേക്കാട്ടിലിന്റെ കൈവയ്‌പ്പുവഴി ജോർജ് പനക്കൽ വൈദീകനായി അഭിഷേകം ചെയ്യപ്പെട്ടു.

പത്തുപേരിൽ നിന്ന് പതിനായിരങ്ങളിലേക്ക് ‍

വിൻസെൻഷ്യൻ സഭയുടെ പോപ്പുലർ മിഷൻ ധ്യാനങ്ങൾക്ക് ഒരു ക്രമീകൃതസംവിധാനം കൊണ്ടുവരാൻ നേതൃത്വം തീരുമാനിച്ച സമയമായിരുന്നു അത്. പോട്ടയിലെ വിൻസെൻഷ്യൻ ആശ്രമം അതിന്റെ കേന്ദ്രമായി മാറി. ഫാ. ജോർജ് പനക്കൽ എന്ന യുവവൈദീകൻ അതിന്റെ ചുമതലക്കാരനും. അവിടെവച്ചാണ് ഫാദർ മാത്യു നയിക്കാംപറന്പിലുമായി ചങ്ങാത്തമാകുന്നത്. ഒരേ ദൗത്യത്തിനായി ദൈവം മുൻകൂട്ടി തെരെഞ്ഞെടുത്ത രണ്ടുപേരുടെ കൂടിച്ചേരലായി അത് മാറി. വരദാനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള കരിസ്മാറ്റിക് നവീകരണധ്യാനരീതി ആയിരുന്നു നായിക്കംപറന്പിൽ അച്ചന്റേത്. പോട്ടയിലെ ആശ്രമത്തിലേക്ക് നാനാദിക്കുകളിൽ നിന്ന് ജനം ഒഴുകിത്തുടങ്ങി. പത്തോ ഇരുപതോ പേരിൽ തുടങ്ങിയ ആ ആൾക്കൂട്ടം പതിനായിരങ്ങളായി വർധിച്ചു.

ആശ്രമത്തിന്റെ പുരയിടത്തിൽപോലും കൊള്ളാനാവാത്തവിധം ജനങ്ങളെത്തിയപ്പോൾ അവർക്കായി പുതിയൊരിടം ആവശ്യമായിവന്നു. അങ്ങനെ മുരിങ്ങൂരിലെ ഡിവൈൻ ആശുപത്രിക്കെട്ടിടം വിലക്കുവാങ്ങി. പതിയെപ്പതിയെ ലോകത്തിലെ ഏറ്റവും വലിയ കരിസ്മാറ്റിക് ധ്യാനകേന്ദ്രമായി അത് മാറി. ഫാദർ ജോർജ് പനക്കൽ അതിന്റെ ആദ്യത്തെ ഡിറക്ടറും. ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഓരംപറ്റി നിരവധി ശുശ്രൂഷാമേഖലകൾ പിറന്നുവീണു. ബന്ധുക്കൾ സ്വീകരിക്കാൻ വിസമ്മിതിച്ച എയ്‌ഡ്‌സ്‌ രോഗികൾക്കായുള്ള പുനരധിവാസകേന്ദ്രം, അനാഥർക്കും വിധവകൾക്കുമുള്ള ഭവനങ്ങൾ അങ്ങനെയങ്ങനെ എണ്ണിത്തീർക്കാൻ പ്രയാസമുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾ. ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരുടെ സഹകരണമുണ്ടായതോടെ ഡിവൈൻ ഒരത്ഭുതമായി വളർന്നു.

ഒരു സ്ഥാപനം എന്നനിലയിൽ ഡിവൈൻ വളർന്നതോടെ സ്ഥാപിതതാൽപര്യക്കാരായ ചിലർ അതിനെതിരെ അസത്യങ്ങളുടേയും ആരോപണങ്ങളുടെയും അണക്കെട്ടുകൾ തുറന്നുവിട്ടു. അതിനേയും അതിജീവിച്ചാണ് ആ സ്ഥാപനം മുന്നോട്ട് കുതിച്ചത്. ഏത് സാധാരണക്കാരനും അവിടെയെത്തി ആശ്വാസം കണ്ടെത്താൻ കഴിയുംവിധം അവരുടെ ജീവിതവുമായി താദാന്മ്യപ്പെട്ടു നിൽക്കുകയാണ് ഡിവൈൻ ധ്യാനകേന്ദ്രം. 'ഡിവൈൻ ധ്യാനകേന്ദ്രം' എന്നാണല്ലോ അതിന്റെ പേര്? ഈ പേര് അതിന്റെ സംഘാടകരാരും ഇട്ടതല്ല. അവിടെയൊരു ആശുപത്രി ഉണ്ടായിരുന്നു; ആരോ ആ ആശുപത്രിക്ക് നൽകിയിരുന്നതാണ് ആ നാമധേയം. ആരും മുൻകൂട്ടിയൊരു പദ്ധതിയിട്ടു വാങ്ങിയതൊന്നുമല്ല ധ്യാനമന്ദിരം; അത് വീണുകിട്ടിയതാണ്. ദൈവം തീരുമാനിച്ചു; അവിടുന്ന് ഇടപെട്ടു.

ഇനി ഇവിടുത്തെ വചനപ്രഘോഷകരുടെ കാര്യം. എവിടെനിന്നെങ്കിലും പ്രത്യേക പരിശീലനം കിട്ടി വന്നവരല്ല അവർ. ഇവിടെ ധ്യാനംകൂടി പരിവർത്തനം ഉണ്ടായവർ; ജീവിതം രൂപാന്തരപ്പെട്ടവർ; അവർ പിന്നീട് തങ്ങളുടെ ജീവിതസാക്ഷ്യങ്ങൾ പങ്കുവച്ചുതുടങ്ങി; ക്രമേണ അവരിലൂടെ ദൈവവചനവും. തികച്ചും സാധാരണക്കാരായ അവരിലൂടെ ദൈവവചനം ഇടമുറിയാതെ പകർന്നൊഴുകി. കാട്ടിൽ ഒരു ചെടി വളർന്നുവന്നതുപോലെ അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ, പ്രത്യേക പരിലാളനകളില്ലാതെ വളർന്നുവരികയായിരുന്നു അത്.

ഒടുക്കം, ലോകത്തിൽതന്നെ ഏറ്റവുമധികം ആളുകൾ ധ്യാനത്തിനെത്തുന്ന ആത്മീയകേന്ദ്രമായി അത് മാറി. അപ്പോഴേക്കും ഏതാണ്ട് പോട്ട - ഡിവൈൻ ശുശ്രൂഷകളിൽ കാൽനൂറ്റാണ്ടിലേറെ പിന്നിട്ടുകഴിഞ്ഞിരുന്നു പനക്കലച്ചൻ.

ഇംഗ്ളണ്ടിലെ റാംസ്‌ഗേറ്റിൽ ഡിവൈന് ലഭിച്ച ധ്യാനകേന്ദ്രത്തിന്റെ ചുമതലയിലേക്ക് ഒരു മാറ്റം. അത് അങ്ങനെ സംഭവിച്ചതാണ്. പനക്കൽ അച്ചൻ വന്നതോടെ ഇംഗ്ലണ്ടിലെ ധ്യാനകേന്ദ്രങ്ങളുടെ എണ്ണം രണ്ടായി; ഇംഗ്ലണ്ടിന്റെ തെക്ക് റാംസ്‌ഗേറ്റിലും വടക്ക് ഡാർലിംഗ്‌ടണിലും. ഇംഗ്ലണ്ടിൽ ആദ്യമായി ക്രൈസ്തവവിശ്വാസം കപ്പലിറങ്ങിയ നാടാണ് റാംസ്‌ഗേറ്റ്. റോമിൽനിന്ന് മാർപാപ്പയുടെ പ്രത്യേക നിയോഗത്തോടെ സെന്റ് അഗസ്റ്റിൻ ഓഫ് കാന്റർബറി വന്നിറങ്ങിയത് ഇവിടെയാണ്. അദ്ദേഹം സ്ഥാപിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ആശ്രമമാണ് പിന്നീട് ഡിവൈൻ ധ്യാനകേന്ദ്രത്തിനായി ലഭിച്ചത്. ഡാർലിംഗ്‌ടണിലാവട്ടെ പഴയൊരു കർമ്മലീത്ത മഠവും ദേവാലയവും അതിന്റെ പരിശീലനകേന്ദ്രവുമാണ് ഡിവൈന് ലഭിച്ചത്.

അത്ഭുതങ്ങൾ തീർന്നിട്ടില്ല...!

ഇംഗ്ലണ്ടിലെ ഒരു ശൈത്യകാലം. സൂര്യൻ വൈകി ഉദിക്കുകയും ഏറെ നേരത്തെ അസ്തമിക്കുകയും ചെയ്യുന്ന പകലുകൾ.

അങ്ങനെയൊരു ശൈത്യകാലരാത്രിയിലാണ് അദ്ദേഹം റാംസ്‌ഗേറ്റ് റയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങിയത്. ഇംഗ്ലണ്ടിന്റെ വടക്കേക്കോണിലുള്ള ഡാർലിംഗ്ടനിൽ നിന്നുള്ള വരവാണ്. ആറുമണിക്കൂറുണ്ട് യാത്രാദൂരം. പലവട്ടം ട്രെയിൻ മാറിക്കയറണം. ആരോഗ്യമുള്ള ചെറുപ്പക്കാർ പോലും ക്ഷീണിച്ചുപോകുന്ന യാത്ര. ഇംഗ്ളീഷ് പഠിച്ചവർക്കുപോലും ഇംഗ്ലണ്ടിൽ വന്ന ആദ്യകാലങ്ങളിൽ ഒരക്ഷരം മനസിലാവില്ല; മറ്റേതോ വിചിത്രഭാഷയിലാണ് ഇംഗ്ളീഷുകാരുടെ സംസാരമെന്നു തോന്നും നമുക്ക്! കുറേക്കാലം കഴിയണം ഭാഷയുടെ വളവും തിരിവും തിരിച്ചറിയാൻ.

പനക്കലച്ചന്റെ ഇംഗ്ലണ്ടിലെ ആദ്യകാലമാണ് അത്. റാംസ്‌ഗേറ്റ് റയിൽവേ സ്‌റ്റേഷനിൽ രാത്രിവണ്ടിയിൽ വന്നിറങ്ങിയ അച്ചനൊന്നു പരുങ്ങി. തന്റെ വാസസ്ഥാനമായ സെന്റ് അഗസ്റ്റിൻസ് ആബിയിലെത്താനുള്ള വഴി അത്രക്കങ്ങു നിശ്ചയം പോരാ. പകലാണെങ്കിൽ എങ്ങനെയെങ്കിലും നോക്കിയും കണ്ടും നടന്നുപോകാം. ഈ രാത്രിയിൽ ഇതെന്തുചെയ്യാൻ? അവിടെനിന്നു ടാക്സി കിട്ടും; അഞ്ചോ ആറോ പൗണ്ട് മതി കൂലി. പക്ഷേ, ആ രീതി പനക്കലച്ചന് ഇല്ല. ടാക്സി ഒരു ആഡംബരമാണെന്ന് ഉള്ളിലെവിടെയോ ഒരു ധാരണയുണ്ട്; ഒരിക്കൽ ഡാർലിംഗ്ടനിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ എത്തിയതാണ് അച്ചൻ.

ആരെങ്കിലും വണ്ടിയുമായി കാത്തുനിൽക്കാറാണ് പതിവ്. അന്ന് ആരുമുണ്ടായിരുന്നില്ല; ആരെയും വിളിച്ച് ബുദ്ധിമുട്ടിക്കാൻ അച്ചന് മനസ്സുവന്നില്ല. ഊഹമുള്ള വഴിയേ ബാഗും തൂക്കി പനക്കൽ അച്ചൻ നടന്നു; എത്രയൊക്കെ നടന്നിട്ടും വഴി അവസാനിക്കുന്നേയില്ല. നടന്നുനടന്നു ക്ഷീണിച്ചപ്പോൾ ഒരു ടാക്സിക്കാറിനു കൈകാണിച്ചു അച്ചൻ. അഡ്രസ് പറഞ്ഞപ്പോൾ ഡ്രൈവർ അദ്ദേഹത്തെ ഡാർലിംഗ്ധ്യാടൺ ധ്യാനകേന്ദ്രത്തിൽ കൊണ്ടുചെന്നാക്കി; ടാക്സിക്കൂലി പത്തു പൗണ്ട്. റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നേരിട്ടുള്ള ടാക്സിക്കൂലി അഞ്ചു പൗണ്ട് മാത്രം.

ഈ രാത്രിയും ഒരു ടാക്സി വിളിച്ചാൽ മതി. അതിനു മനസാക്ഷി സമ്മതിക്കുന്നില്ല. റാംസ്‌ഗേറ്റ് സ്‌റ്റേഷനിൽ നിന്നിറങ്ങി അല്പദൂരം നടന്നപ്പോൾ അച്ചന് മനസിലായി വഴിതെറ്റിയിരിക്കുന്നു. ആരോടെങ്കിലും ചോദിക്കാമെന്നു വച്ചാൽ വഴി വിജനം. അവിടവിടെ പ്രകാശിക്കുന്ന തെരുവുവിളക്കുകൾ മാത്രമാണ് വഴികാട്ടി. തണുപ്പിൽ വിറക്കുന്നുണ്ട് ആ മെല്ലിച്ച ശരീരം. എവിടെപ്പോയാലും കേരളത്തിലേതുപോലെ ആ വെളുത്ത ളോഹയാണ് വേഷം. അതിനുള്ളിൽ ഒരു സ്വെറ്റർ മാത്രമാണുള്ളത്. യൂറോപ്പിൽ ഇത്തരം ളോഹ ധരിക്കുന്ന വൈദീകർ ഇല്ലെന്നുതന്നെ പറയാം. ചില മുസ്ളീം പുരോഹിതർ ഇതുപോലുള്ള വസ്ത്രം ധരിക്കാറുമുണ്ട്! നരച്ചമുടിയും താടിയും നീണ്ട വെളുത്ത കുപ്പായവും ചേർന്ന് അച്ചനു നൽകുന്നതും ഇപ്പോൾ അത്തരമൊരു പ്രതിശ്ചായ!

കുറേദൂരം നടന്നുകഴിഞ്ഞപ്പോൾ അച്ചൻ കണ്ടു, വഴിയോരത്ത് ആരെയോ കാത്തുനിൽക്കുന്ന ഒരു ഇംഗ്ളീഷുകാരി. അച്ചൻ മെല്ലെ അടുത്തെത്തി ഒന്നു ചിരിച്ചു. മറുപടിയായി അവളും ചിരിച്ചു. "സെന്റ് അഗസ്റ്റിൻസ് ആബി?"-അച്ചൻ ചോദിച്ചു. അവൾ എന്തോ പറഞ്ഞു. അച്ചനൊന്നും മനസിലായില്ല. 'സോറി' പറഞ്ഞു വീണ്ടും ചോദ്യം ആവർത്തിച്ചു അച്ചൻ. കൂടുതൽ പറഞ്ഞിട്ടു കാര്യമില്ലെന്നു തോന്നിയിരിക്കണം അവൾക്ക്. ഒടുക്കം അവൾ പറഞ്ഞു: "പ്ലീസ് കം വിത്ത് മീ". അനുസരണയോടെ അവളുടെ പിന്നാലെ അദ്ദേഹം നടന്നു. ഒടുവിൽ സെന്റ് അഗസ്റ്റിൻസ് ദേവാലയം ദൂരെ കാണാമെന്നായി. ഇതിനിടയിൽ അവളുടെ ഉച്ചാരണം അച്ചനും അദ്ദേഹത്തിന്റെ ഭാഷ അവൾക്കും മനസിലായിത്തുടങ്ങിയിരുന്നു. അച്ചൻ അവളുടെ പേര് ചോദിച്ചു. അവൾ പേരുപറഞ്ഞു. തൊഴിൽ ചോദിച്ചപ്പോൾ യാതൊരു ജാള്യതയും കൂടാതെ അവൾ പറഞ്ഞു: "സെക്സ് വർക്കർ!"

അതെന്തെന്നു മനസിലാക്കാൻ ഒരിക്കൽക്കൂടി ആവർത്തിച്ചു ചോദിച്ചു അച്ചൻ. എന്നിട്ടും അതെന്തോ സോഷ്യൽ വർക്കർ ആണെന്നാണ് അച്ചന് മനസിലായത്. പിന്നീട് സഹപ്രവർത്തകനായ ഫാദർ ജോസഫ് എടാട്ട് വിശദീകരിച്ചപ്പോഴാണ് അവളുടെ ജോലിയുടെ സ്വഭാവം അച്ചന് മനസിലായത്. പെട്ടെന്ന് ക്രിസ്തുവിന്റെ മുഖം അച്ചനു മുന്നിൽ തെളിഞ്ഞു; നിലത്തു വിരൽ കൊണ്ട് എന്തോ കുറിക്കുന്ന യേശു. അവനുമുന്നിൽ പിടിക്കപ്പെട്ട ഒരു പെണ്ണ്.

അവൾക്കുപിന്നിൽ കല്ലുകളും വടികളുമായി ഇരന്പിയാർക്കുന്ന ഒരു ജനക്കൂട്ടം! ക്രിസ്തു മെല്ലെ തലയുയർത്തി പറഞ്ഞു: "നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ ആദ്യം എറിയട്ടെ". കല്ലുകൾ അവിടെയുപേക്ഷിച്ചു ജനം തിരിഞ്ഞുനടന്നു. അഗാധമായ കാരുണ്യത്തോടെ ആ രാത്രിയിൽ പനക്കൽ അച്ചൻ ആ ലൈംഗീകതൊഴിലാളിയോടു പറഞ്ഞു: "നന്ദി, എന്നെ ഇവിടെകൊണ്ടുവന്നു വിട്ടതിന്. ഒരു ചൂടുകാപ്പി കുടിച്ചാലോ?" ആവാമെന്ന് അവൾ തലയാട്ടി. അച്ചൻ ഡോർബെൽ അടിച്ചു; ജോയൽ വന്നു കതകുതുറന്നു. യാതൊരു പ്രതിഫലവും കൂടാതെ അവിടെ സേവനം ചെയ്യുകയാണ് ജോയൽ. കണ്ണുനനയിക്കുന്ന ഒരു സഹനസാക്ഷ്യമുണ്ട് ആ ജീവിതത്തിനും.

സെന്റ് അഗസ്റ്റിൻസ് ആബിയുടെ ആവൃതിക്കുള്ളിലേക്ക് അച്ചൻ നടന്നു; വിറക്കുന്ന പാദങ്ങളോടെ അവളും. അനേകം വിശുദ്ധർ ജീവിച്ചുമരിച്ച ഇടമാണ് ഇതെന്ന് അവൾക്കറിയാം. ചൂടുകാപ്പി ഊതിക്കുടിക്കുന്നതിനിടയിൽ അച്ചൻ ചോദിച്ചു: "നമുക്കൊന്നു പ്രാർത്ഥിച്ചാലോ?" അവൾ ഒന്നു ഞെട്ടി; പ്രാർത്ഥനയുടെ ശാന്തതയിൽ നിന്നു പണ്ടേ പടികടന്നു പോയതാണ് അവളുടെ ജീവിതം. ലഹരിയിൽനിന്നു ലഹരികളിലേക്ക് ഊർന്നുപോയ ഒരു ജീവിതം. ഈ വൈകിയ രാത്രിയിൽ ഇനി ആരും തന്നെത്തേടി വരാനില്ലെന്ന് അവൾക്കറിയാം. അല്പം വൈമനസ്യത്തോടെയെങ്കിലും അവൾ പറഞ്ഞു: "ആവാം".

അച്ചൻ അൽപ്പനേരം പ്രാർത്ഥിച്ചു. അവളുടെ ഉള്ളുലഞ്ഞു. ദൈവം തന്നെ വിരൽതൊട്ടതുപോലെ അവൾ പിടഞ്ഞു. പിന്നെ, ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു. അച്ചൻ പറഞ്ഞുകൊണ്ടിരുന്നു, ഉപാധികളില്ലാത്ത യേശുവിന്റെ സ്നേഹത്തെപ്പറ്റി; മഗ്ദലേനയിലെ പിഴച്ചപെണ്ണിന്റെ ഹൃദയംതൊട്ട ആ നസ്രായനെപ്പറ്റി...രാത്രി ഏറെ കനംവച്ച ആ തണുപ്പിലേക്ക് അവൾ ഇറങ്ങി. അവളുടെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങിനിന്നു: "നന്ദി, ജീവിതം തിരികെതന്നതിന്..."

പിറ്റേന്ന് പ്രഭാതത്തിൽ കൊടുങ്കാറ്റുപോലെ ഒരാൾ ആശ്രമകവാടം കടന്നെത്തി. പുലരിയിൽത്തന്നെ ലഹരി മണക്കുന്ന ഒരാൾ. പനക്കൽ അച്ചനെ കാണാനാണ് വരവ്. ചാപ്പലിനു സമീപത്തെ കൺഫെഷൻ മുറി'യിൽ അച്ചൻ അയാളെ സ്വീകരിച്ചു; നൂറ്റാണ്ടുകൾ പഴക്കമുള്ള വലിയൊരു മുറിയാണ് അത്. ഒരു സ്വീകരണമുറിയുടെ രൂപവും ഭാവവും ആണ് അതിനുള്ളത്. പക്ഷെ, പണ്ടുമുതൽ അതിനു കുന്പസാരക്കൂടിന്റെ പേരാണെന്നുമാത്രം. "എന്തുവേണം?" സൗമ്യതയോടെ തിരക്കി അച്ചൻ. "ഞാൻ അവളുടെ ഭർത്താവാണ്" അച്ചൻ പുഞ്ചിരിച്ചു. "നിങ്ങൾ എന്റെ ജീവിതമാർഗം തുലച്ചുകളഞ്ഞു" നാവിൽ നിരന്തരം വിളയുന്ന ഒരു തെറിവാക്കിന്റെ അകന്പടിയോടെ അയാൾ തിളച്ചു. തലേന്നുവന്ന ആ രാത്രിസഞ്ചാരിണിയുടെ ഭർത്താവാണ് അയാൾ; അവളെ വിൽപ്പനയ്‌ക്ക് കൊണ്ടുപോകുന്ന ഇടനിലക്കാരനും അവൻ തന്നെ. സെന്റ് അഗസ്റ്റിൻസ് ആബിയിൽ നിന്ന് മടങ്ങിയെത്തിയ അവൾ ഉറച്ചൊരു തീരുമാനം പറഞ്ഞു: "ഇനി എന്റെ ശരീരം ഏതാനും കറൻസി നോട്ടുകൾക്ക് വിൽക്കാനില്ല"

അച്ചൻ അവനോടും പറഞ്ഞു; ക്രിസ്തുവിന്റെ സ്നേഹത്തെക്കുറിച്ച്. ജോർജ് പനക്കൽ എന്ന വൈദീകനു മുന്നിലിരുന്ന് അവനും വിതുന്പി.

ആ ദിവസങ്ങളിൽ റാംസ്‌ഗേറ്റിൽ ഒരു തെരുവുപെണ്ണിന്റെ എണ്ണം കുറഞ്ഞു; മയക്കുമരുന്നിൽ തളച്ചിട്ടിരുന്ന മറ്റൊരുവനും സുബോധത്തിലേക്ക് നടന്നു. പിന്നീട് അവർ ദൈവത്തോട് കൂടുതൽ അടുത്തു. ധ്യാനകേന്ദ്രത്തിലെ സ്തുതിഗീതങ്ങളിൽ അവരുടെ സ്വരവും ഇടകലരുന്നു.

നമുക്കിടയിൽ ഇങ്ങനെയും ഒരാൾ ‍

ഇതാണ് പനക്കൽ അച്ചന്റെ ശൈലി. വേദനിക്കുന്ന ആരോടൊപ്പവും അദ്ദേഹമുണ്ടാവും. ദരിദ്രയാചകർ മുതൽ നാടുഭരിക്കുന്നവർ വരെ അക്കൂട്ടത്തിലുണ്ടാവും. ശ്വാസകോശ അർബുദം ബാധിച്ചു നാളുകൾ എണ്ണിക്കഴിയുന്ന സ്വന്തം കൂടപ്പിറപ്പിനെക്കുറിച്ചുള്ള അതെ ജാഗ്രതയോടെ വഴിയോരത്തു കണ്ടെത്തുന്ന അനാഥബാലനോടും ഉണ്ടാകും; ഒരുപക്ഷേ, കുറേക്കൂടി കൂടുതൽ കരുതൽ. വിശുദ്ധർ ഉണ്ടാകുന്നത് എങ്ങനെയെന്ന് എനിക്കറിയില്ല. പക്ഷേ, പനക്കൽ അച്ചനൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷത്തിലും നാം പറയും ഇതിനേക്കാൾ വിശുദ്ധമായി ജീവിക്കാൻ മറ്റാർക്ക് കഴിയും. അതെ, നമുക്കിടയിൽ ഇങ്ങനെയും ഒരാൾ...


Related Articles »