Christian Prayer - March 2024

വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനെട്ടാം തീയതി

വണക്കമാസം 18-03-2024 - Monday

"അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു" (മത്തായി 1:19).

വിശുദ്ധ യൗസേപ്പിന്‍റെ സന്താപങ്ങള്‍

മനുഷ്യ ജീവിതത്തില്‍ എല്ലാവര്‍ക്കും സഹനം ഉണ്ടാകാറുണ്ട്. ദൈവകുമാരന്‍റെ വളര്‍ത്തുപിതാവായ യൌസേപ്പ് പിതാവ് അതുല്യമായ വിശുദ്ധിയില്‍ പ്രശോഭിച്ചിരുന്നതിനാല്‍ അദ്ദേഹവും അനേകം യാതനകളെ അഭിമുഖീകരിക്കേണ്ടതായി വന്നു. വിശുദ്ധ യൗസേപ്പും പരിശുദ്ധ കന്യകയും പരിപാവനമായ ജീവിതം നയിച്ചു വരുമ്പോള്‍ പരിശുദ്ധ കന്യക, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ഈശോമിശിഹായെ ഗര്‍ഭം ധരിച്ചു. പരിശുദ്ധ അമ്മ ഗര്‍ഭണിയാണെന്ന്‍ മനസ്സിലായ മാര്‍ യൗസേപ്പ് അത്യഗാധമായ ഹൃദയ വ്യഥ അനുഭവിച്ചു. എന്നിരിന്നാലും പ്രിയ പത്നിയുടെ ആത്മാര്‍ത്ഥതയില്‍ വി.യൌസേപ്പിന് തെല്ലും സംശയമുണ്ടായിരിന്നില്ല. പക്ഷേ, പ്രകൃത്യതീതമായ ആ രഹസ്യം അഗ്രാഹ്യവുമാണ്. മേരിക്ക് ഏതെങ്കിലും അപകീര്‍ത്തി ഉളവാക്കുവാന്‍ യൗസേപ്പ് പിതാവ് ആഗ്രഹിച്ചില്ല. ദൈവജനനി പരിപൂര്‍ണ്ണമായ മൗനം പാലിച്ചത് അദ്ദേഹത്തിന് കൂടുതല്‍ വേദനയ്ക്ക് കാരണമായി.

പ്രകൃത്യതീതമായ ഈ യാഥാര്‍ഥ്യത്തെ സംബന്ധിച്ച് മേരിയോടു ചോദിക്കുവാനുള്ള വൈമുഖ്യവും അവളുടെ ഒന്നും സംഭവിക്കാത്തതുപോലുള്ള മൗനവും ജോസഫിന്‍റെ അന്തരാത്മാവില്‍ ഒരു സംഘട്ടനം ഉളവാക്കി. അത് നമ്മുടെ പിതാവിന്‍റെ ഹൃദയത്തെ ദുഃഖിതനാക്കി. അതിനാല്‍ അദ്ദേഹം കന്യകയെ രഹസ്യത്തില്‍ പരിത്യജിക്കുവാന്‍ ആലോചിക്കുകപോലും ചെയ്തു. എന്നാല്‍ യൗസേപ്പ് പിതാവിന് ദൈവ പരിപാലനയിലുള്ള പ്രത്യാശ നഷ്ടപ്പെട്ടിരുന്നില്ല. അത് കൊണ്ട് തന്നെ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട പരിശുദ്ധ കന്യക പരിശുദ്ധാത്മാവിനാലാണ് ഗര്‍ഭിണിയായിരിക്കുന്നത് എന്നുള്ള രഹസ്യം വെളിപ്പെടുത്തിക്കൊടുത്തു. അപ്പോള്‍ അദ്ദേഹത്തിന് വളരെ സന്തോഷം അനുഭവപ്പെട്ടു.

റോമാ ചക്രവര്‍ത്തിയായിരുന്ന അഗസ്റ്റസ് സീസറിന്‍റെ കല്‍പന അനുസരിച്ച് വി. യൗസേപ്പും മേരിയും ബത്ലഹേത്തിലേക്ക് യാത്ര കഴിച്ചു. പൂര്‍ണ്ണ ഗര്‍ഭിണിയായ മറിയം സുദീര്‍ഘവും ക്ലേശഭൂയിഷ്ടവുമായ യാത്ര കഴിക്കേണ്ടി വന്നതില്‍ മാര്‍ യൗസേപ്പിന് ഖേദമുണ്ടായിരുന്നു. അവിടെ ചെന്നപ്പോളാകട്ടെ, ബന്ധുജനങ്ങളുടെയും പരിചിതരുടെയും ഭവനങ്ങളില്‍ പോലും രാത്രികാലം കഴിക്കുന്നതിനുള്ള സ്ഥലം ലഭിച്ചില്ല താനും. അതും അദ്ദേഹത്തിന്‍റെ ദുഃഖത്തെ വര്‍ധിപ്പിച്ചു. ദൈവകുമാരന് പിറക്കുവാന്‍ ഒരു ദരിദ്ര ഭവനം പോലും ലഭിക്കാതെ ഒടുവില്‍ പുല്‍ക്കൂട്ടില്‍ പോകേണ്ടതായ അനുഭവം വിശുദ്ധന് സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു. എന്നാല്‍ വിശുദ്ധ യൗസേപ്പ് നിരാശനാകാതെ ദൈവപരിപാലനയ്ക്ക് സ്വയമര്‍പ്പിച്ച് ശക്തി പ്രാപിച്ചു.

എന്നെ അനുഗമിക്കുവാന്‍ മനസ്സാകുന്നവന്‍ ‍സ്വയം പരിത്യജിച്ച് തന്‍റെ കുരിശും എടുത്ത് എന്‍റെ പിന്നാലെ വരട്ടെ എന്ന് അവിടുന്ന് അരുളി ചെയ്തിട്ടുണ്ടല്ലോ (വി.മത്താ. 16). നമ്മുടെ ജീവിതത്തില്‍ നമുക്കുണ്ടാകുന്ന ക്ലേശങ്ങളും യാതനകളും നാം എപ്രകാരമാണോ അഭിമുഖീകരിക്കുന്നത് അത് നമ്മെ പവിത്രീകരിക്കാനുള്ള മാര്‍ഗ്ഗമാണ്. പരിത്രാണ പരിപാടിയില്‍ അതിലുള്ള സ്ഥാനം നാം മനസ്സിലാക്കി പ്രവര്‍ത്തിക്കണം.

സംഭവം

സാമാന്യം നല്ല ധനസ്ഥിതി ഉണ്ടായിരുന്ന മാര്‍ യൌസേപ്പിതാവിന്‍റെ ഭക്തനായ ഒരു മനുഷ്യന്‍റെ സമ്പത്ത്, ചില കുബുദ്ധികള്‍ കൈവശപ്പെടുത്തുകയുണ്ടായി. സ്വത്ത് വീണ്ടെടുക്കുന്നതിനു വേണ്ടി അയാള്‍ കോടതിയെ അഭയം ഗമിച്ചു. പക്ഷേ എതിരാളികള്‍ ശക്തരായിരുന്നതിനാല്‍ അയാള്‍ക്ക് അടിക്കടി പരാജയമാണ് നേരിട്ടത്. അയാളുടെ ഭാര്യയും ഏകമകനും അപകടത്തില്‍പെട്ടു മരിച്ചു. കൂനിന്മേല്‍ കുരു എന്ന പോലെ നേരിട്ട ഈ ക്ലേശങ്ങള്‍ മൂലം അദ്ദേഹം മനസ്സും ശരീരവും തളര്‍ന്നവനായി തീർന്നു. ജീവിതത്തിലും കേസിലും തുടരെത്തുടരെ പരാജയങ്ങള്‍ നേരിട്ടത് കൊണ്ട് അയാള്‍ വിഷാദത്തിന് അടിമയായി.

ശേഷിച്ചിട്ടുള്ള തുകയെങ്കിലും നഷ്ടപ്പെടുത്തേണ്ടതില്ല എന്നു തീരുമാനിച്ച അദ്ദേഹം, ജീവിക്കാന്‍ അവശ്യം വേണ്ട തുകയൊഴിച്ച് തന്‍റെ കൈവശമുള്ളതെല്ലാം യൌസേപ്പിതാവിന്‍റെ നാമത്തില്‍ സമീപസ്ഥലത്ത് പണിതുകൊണ്ടിരുന ദേവാലയത്തിനു സംഭാവന ചെയ്തു. ഇതിനിടെ നേരത്തെ താന്‍ കൊടുത്തിരുന്ന അപ്പീല്‍ അനുസരിച്ച് കേസില്‍ വിധി ഉണ്ടായി. കോടതി ചെലവു സഹിതം വലിയൊരു തുക അയാള്‍ക്ക്‌ നല്കുവാനായിരുന്നു അന്തിമമായ വിധിയുണ്ടായത്. ആ തുക ഉപയോഗിച്ച് അദ്ദേഹം അഗതികളെയും വൃദ്ധന്‍മാരെയും സംരക്ഷിക്കാനുള്ള ഒരഭയ കേന്ദ്രം മാര്‍ യൌസേപ്പിതാവിന്‍റെ നാമത്തില്‍ സ്ഥാപിച്ചു. മറ്റാരും അവകാശികളില്ലാത്ത തന്‍റെ സമ്പത്തു കൊണ്ട് അനേകം അഗതികള്‍ സന്തുഷ്ടരായി ജീവിക്കുന്നതു കണ്ട് സംതൃപ്തിയോടെ മരിക്കുവാനുള്ള ഭാഗ്യം ആ മനുഷ്യനുണ്ടായി.

ജപം

ഞങ്ങളുടെ പിതാവായ മാര്‍ യൌസേപ്പേ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെയും ക്ലെശങ്ങളെയും ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കുന്നതില്‍ അങ്ങ് ഞങ്ങള്‍ക്ക് മാതൃക കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ആപത്തുകളിലും യാതനകളിലും സഹനത്തിന്‍റെ പ്രകൃത്യതീതമായ മൂല്യം ഗ്രഹിച്ചു. അതിനെ നേരിടുവാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമേ. അങ്ങേ ഭക്തര്‍ക്ക്‌ നേരിടുന്ന്‍ വിപത്തുകളില്‍ വത്സല പിതാവേ, അങ്ങ് അവര്‍ക്ക് ആശ്വാസവും ശക്തിയും പ്രദാനം ചെയ്യുകയും പലപ്പോഴും അവയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും ചെയ്യുന്നു എന്നുള്ളത് ഞങ്ങളെ ധൈര്യപ്പെടുത്തുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ...)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ...)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ...)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ...)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ...)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ....(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം

ക്ലേശങ്ങളില്‍ ആത്മധൈര്യം പ്രകടിപ്പിച്ച വി. യൗസേപ്പേ ഞങ്ങളുടെ ക്ലേശങ്ങളെ ധീരതയോടെ നേരിടുവാന്‍ സഹായിക്കണമേ.

ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »