Youth Zone - 2024

ഈ മാതൃക മഹത്തരം: സ്കൂളില്‍ ചാപ്പലും ഗ്രോട്ടോയും നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍

സ്വന്തം ലേഖകന്‍ 09-02-2019 - Saturday

ബാറ്റില്‍ ക്രീക്ക്, മിഷിഗന്‍: തങ്ങളുടെ അനുജന്മാരേയും അനുജത്തിമാരെയും പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ മിഷിഗണില്‍ സ്കൂളില്‍ ചാപ്പലും ഗ്രോട്ടോയും നിര്‍മ്മിച്ച് രണ്ടു വിദ്യാര്‍ത്ഥികളുടെ വിശ്വാസ മാതൃക. ബാറ്റില്‍ ക്രീക്കിലെ സെന്റ്‌ ഫിലിപ്പ് കത്തോലിക്ക സെന്‍ട്രല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളായ ആദം സ്പ്രേഗും, ജേക്കബ് തോമെയുമാണ്‌ മഹത്തായ ഉദ്യമത്തിന് പിന്നില്‍. ജൂനിയര്‍ വിദ്യാര്‍ത്ഥിയായ ആദം ചാപ്പലിന്റേയും അള്‍ത്താരയുടേയും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചപ്പോള്‍, തോമെയാണ് പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയുടെ നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിച്ചത്. ഇവര്‍ തന്നെ ധനസമാഹരണം നടത്തിയാണ് ചാപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ചാപ്പലിന്റെ രൂപരേഖ വരച്ചതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതും ഇവര്‍ തന്നെ. മെക്സിക്കോയിലെ ക്രിസ്റ്റെറോ യുദ്ധത്തിനിടയില്‍ വിശ്വാസത്തിനു വേണ്ടി പതിനാലാം വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജോസ് ഡെല്‍ റിയോയുടെ നാമധേയത്തിലാണ് ചാപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് ചാപ്പലിന് ഈ വിശുദ്ധന്റെ നാമം നല്‍കുവാന്‍ തീരുമാനമായത്. ഞായറാഴ്ചകളില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനകള്‍ക്ക് ശേഷം നടത്തിയ പിരിവിലൂടെ സ്പ്രേഗ് സമാഹരിച്ച 4000 ഡോളറാണ് അള്‍ത്താര നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്.

പ്രാദേശിക കെട്ടിട നിര്‍മ്മാണ കമ്പനി തൊഴിലാളികളേയും, ടൈല്‍സും മറ്റ് സാധനങ്ങളും സൗജന്യമായി നല്‍കി. ചാപ്പലിന്റെ രൂപരേഖയില്‍ സമീപത്തുള്ള ഇന്റീരിയര്‍ ഡിസൈനറും സഹായിച്ചിട്ടുണ്ട്. സ്പ്രേഗിന്റെ അമ്മാവനും, ഫീനിക്സ് രൂപതയിലെ വികാരി ജനറലുമായ ഫാ. ഫ്രെഡ് ആഡംസന്‍ മുഖാന്തിരം ലഭിച്ച വിശുദ്ധന്റെ ജോസ് ഡെലിന്റെ തിരുശേഷിപ്പും ചാപ്പലില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. മരിയന്‍ ഗ്രോട്ടോക്കായി തോമെ അയ്യായിരം ഡോളറാണ് സമാഹരിച്ചത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതിനു പൂര്‍ണ്ണ പിന്തുണയുമായി സെന്റ്‌ ജോസഫ് കത്തോലിക്ക ദേവാലയത്തിലെ വികാരിയായ ഫാ. ക്രിസ്റ്റഫര്‍ ആന്ക്ലിയും രംഗത്തെത്തിയിരിന്നു.

ഇതിനോടകം തന്നെ സ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചാപ്പല്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ചാപ്പലില്‍ ദിവ്യകാരുണ്യ ആരാധന ക്രമീകരിച്ചിട്ടുണ്ട്. കിഡ്നി മാറ്റിവെക്കലിനു വിധേയയാകുന്ന കത്തോലിക്കാ എലിമെന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് വേണ്ടി ഫെബ്രുവരി 7-ന് ഒരു പ്രത്യേക ആരാധന ചാപ്പലില്‍ വെച്ച് നടത്തിയിരിന്നു. ക്രിസ്തുവിലുള്ള വിശ്വാസത്തിന് ബലക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയില്‍ ശക്തമായ വിശ്വാസ മാതൃക നല്കിയ ഈ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദന പ്രവാഹമാണ്.

More Archives >>

Page 1 of 3