India - 2024

പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യവ്യാപക സെമിനാറുമായി സിബിസിഐ

സ്വന്തം ലേഖകന്‍ 13-02-2019 - Wednesday

ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്രൈസ്തവരുടെ നിലവിലെ അവസ്ഥ അടക്കമുള്ള വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചു ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) അല്‍മായ കൗണ്‍സില്‍ രാജ്യവ്യാപകമായി സെമിനാര്‍ സംഘടിപ്പിക്കുന്നു. രാജ്യത്ത് കത്തോലിക്ക വിശ്വാസത്തിനു നേരിടുന്ന വെല്ലുവിളികള്‍, ക്രൈസ്തവര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമുള്ള ഭരണഘടനാവകാശങ്ങളിലുള്ള ലംഘനങ്ങള്‍, വര്‍ഗീയത വളരുന്നതിലുള്ള അപകടാവസ്ഥ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും അഗതി മന്ദിരങ്ങള്‍ക്കും എതിരേ നടക്കുന്ന അതിക്രമങ്ങള്‍, കത്തോലിക്ക ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ നടക്കുന്ന ആക്രമണങ്ങള്‍ തുടങ്ങിയവയാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യുക.

സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ 14 റീജണല്‍ കൗണ്‍സില്‍, 174 രൂപത പാസ്റ്ററല്‍ കൗണ്‍സിലുകള്‍ തുടങ്ങിയവ മുഖേനയാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്നു ലെയ്റ്റി കൗണ്‍സില്‍ ദേശീയ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ അറിയിച്ചു. ഇവയില്‍ ഉയരുന്ന വിലയിരുത്തലുകള്‍ ക്രോഡീകരിച്ച് മാര്‍ച്ച് പത്തിനകം സി‌ബി‌സി‌ഐക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.


Related Articles »