Events

ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ഇരുപത്തിഒന്‍പതാം മിഷൻ എയ്‌ൽസ്‌ഫോഡിൽ

ഫാ. ബിജു കുന്നയ്ക്കാട്ട് 18-02-2019 - Monday

എയ്‌ൽസ്‌ഫോർഡ്: പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതമായ എയ്‌ൽസ്‌ഫോഡിൽ പുതിയ സീറോമലബാർ മിഷന് തിരി തെളിഞ്ഞു. വിശുദ്ധ പാദ്രെ പിയോയുടെ നാമത്തിൽ കെന്റിലെ സീറോ മലബാർ വിശ്വാസ കൂട്ടായ്മയെ പുതിയ മിഷനായി പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ ഡിറ്റൻ ഹാളിൽ നടന്ന പ്രഖ്യാപനത്തിനും തിരുക്കർമ്മങ്ങൾക്കും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമികനായി.

മിഷൻ ഡയറക്ടർ ഫാ. ടോമി എടാട്ട്, ഫാ. ഫാൻസ്വാ പത്തിൽ എന്നിവർ സഹകാർമികരായി. ജില്ലിങ്‌ഹാം, മെയ്ഡ്സ്റ്റോൺ, സൗത്ത്‌ബോറോ കുർബാന സെന്ററുകൾ സംയോജിപ്പിച്ചു രീപീകരിച്ച സെൻറ് പാദ്രെ പിയോ മിഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനു സാക്ഷികളാകുവാൻ കെന്റിലും പരിസരപ്രദേശങ്ങളിൽ നിന്നുമായി നൂറുകണക്കിന് വിശ്വാസികളാണ് എയ്‌ൽസ്‌ഫോർഡിലെത്തിയത്.

രാവിലെ 9.30 ന് സൺഡേസ്കൂൾ കുട്ടികൾ ഒന്ന് ചേർന്ന് രൂപതാധ്യക്ഷൻ ജോസഫ് സ്രാമ്പിക്കൽ പിതാവിന് ഹൃദ്യമായ സ്വീകരണം നൽകി. വിശുദ്ധ പാദ്രെ പിയോയുടെ ലഘു ജീവചരിത്രം ട്രസ്റ്റി ജോഷി ആനിത്തോട്ടത്തിൽ വിശ്വാസസമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുകയും തുടർന്ന് എല്ലാവർക്കും സ്വാഗതമാശംസിക്കുകയും ചെയ്തു. അതിനു ശേഷം ഫാ. ഫാൻസ്വാ പത്തിൽ സെന്റ് പാദ്രെ പിയോ മിഷൻ സ്ഥാപനത്തിന്റെ ഡിക്രി വായിച്ചു. തുടർന്ന് പുതിയ മിഷന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിലവിളക്ക് തെളിച്ചു കൊണ്ട് മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു.

പരിശുദ്ധ ദൈവമാതാവിന്റെ സംരക്ഷണത്തിന്റെ നിഴലിൽ കഴിയുന്ന വിശ്വാസസമൂഹമെന്നാണ് പുതിയ മിഷനെ രൂപതാധ്യക്ഷൻ വിശേഷിപ്പിച്ചത്.എയ്‌ൽസ്‌ഫോർഡ് മാതാവിന്റെ സംരക്ഷണവും വിശുദ്ധ പാദ്രെ പിയോയുടെ മധ്യസ്ഥതയും പ്രകാശത്തിന്റെ സ്ഥലത്തുകൂടി ചരിക്കുവാൻ ഏവർക്കും ഇടയാക്കട്ടെ എന്ന് തന്റെ വചനസന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ ആശംസിച്ചു. പ്രാർത്ഥിച്ചു തീരും മുമ്പ് ഉത്തരമരുളുന്ന ദൈവത്തിന്റെ മുമ്പിൽ ഒറ്റ സമൂഹമായി വിശ്വാസതീഷ്ണതയിൽ പ്രാർത്ഥനാപൂർവ്വം മുന്നേറാൻ രൂപതാധ്യക്ഷൻ ആഹ്വാനം ചെയ്തു. മിഷൻ ഡയറക്ടർ ഫാ. ടോമി എടാട്ട് ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

വിശുദ്ധ കുർബാനക്കുശേഷം കേരള സഭാമക്കൾ ആദരവോടെ വണങ്ങുന്ന ധീരരക്തസാക്ഷി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു. ഫാ. ടോമി എടാട്ടിന്റെ ആത്മീയ നേതൃത്വത്തിൽ കെന്റിലെ മൂന്നു കുർബാന സെന്ററുകളുടെയും കൂട്ടായ പരിശ്രമത്തിന്റെയും തീക്ഷ്ണമായ പ്രാർത്ഥനയുടെയും ഫലമാണ് എയ്‌ൽസ്‌ഫോഡിൽ യാഥാർഥ്യമായ സെന്റ് പാദ്രെ പിയോ മിഷൻ.

ട്രസ്റ്റിമാരായ ജോബി ജോസഫ്, ജോഷി ആനിത്തോട്ടത്തിൽ, ബിജോയ് തോമസ്, ദീപ മാണി, എലിസബത്ത് ബെന്നി, കൺവീനർമാരായ ടോമി വർക്കി, ജോസഫ് കുര്യൻ, സൺഡേസ്കൂൾ അധ്യാപകർ, മറ്റു കമ്മറ്റി അംഗങ്ങൾ എന്നിവർ മിഷൻ പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് നേതൃത്വം നൽകി. സെന്റ് പാദ്രെ പിയോ മിഷൻ പ്രഖ്യാപനത്തിനും തിരുനാളിനുമായി എത്തിച്ചേർന്ന എല്ലാവർക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നതായി കമ്മറ്റി അംഗങ്ങൾ അറിയിച്ചു.


Related Articles »