Faith And Reason - 2024

ഭവനരഹിതരുടെ കണ്ണീരൊപ്പി സിസ്റ്റര്‍ ലിസ്സിയും സംഘവും നൂറാം ഭവനത്തിലേക്ക്

സ്വന്തം ലേഖകന്‍ 18-02-2019 - Monday

കൊച്ചി: തലചായ്ക്കാന്‍ ഇടമില്ലാത്ത ഭവനരഹിതർക്ക് പുത്തന്‍ ഭവനം സമ്മാനിച്ചു ഫ്രാൻസിസ്കൻ മിഷ്ണറീസ് ഓഫ് മേരി കോണ്‍ഗ്രിഗേഷനിലെ സിസ്റ്റേഴ്സും തോപ്പുംപടി ഔർ ലേഡീസ് കോൺവെൻറ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും. ഭവനരഹിതരായ വിദ്യാർത്ഥികൾക്ക് വേണ്ടി ആരംഭിച്ച പ്രവർത്തനങ്ങള്‍ നാനാജാതി മതസ്ഥരായ ആളുകളിലേക്ക് എത്തുകയായിരിന്നു. നൂറാം ഭവനത്തിന്റെ താക്കോൽദാനം ഫെബ്രുവരി ഇരുപത്തിയൊന്നിന് കൊച്ചിയിലെ ചെല്ലാനത്ത് നടക്കും. വിവിധ ആഘോഷങ്ങളോടനുബന്ധിച്ച് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടേയും സംഭാവനകളിലൂടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.

വിദ്യാർത്ഥികൾക്ക് പുറമേ ഭവന രഹിതരായ വിധവകൾക്കും അംഗവൈകല്യമുള്ളവർക്കും ഇവര്‍ ഭവനങ്ങൾ നിർമ്മിച്ചു നല്‍കിയിട്ടുണ്ട്. സിസ്റ്റര്‍ ലിസ്സി ചക്കാലക്കലിന്റെ നേതൃത്വത്തിലാണ് ഭവന നിര്‍മ്മാണം നടക്കുന്നത്. ഈ കാരുണ്യ ശുശ്രൂഷയ്ക്ക് കർത്താവാണ് തന്റെ പ്രചോദനമെന്നു സിസ്റ്റര്‍ ലിസ്സി വ്യക്തമാക്കി. പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുടേയും ഉന്നമനത്തിനായി പ്രവർത്തിക്കുക വഴി അവർക്ക് പുതുജീവിതവും പ്രത്യാശയും നല്‍കുകയാണ് ലക്ഷ്യമെന്ന്‍ അവര്‍ അടിവരയിട്ട് പറയുന്നു.

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആത്മീയതയും സഭാ സ്ഥാപകയായ മേരി ഓഫ് പാഷന്റെ ദീർഘവീക്ഷണവും മിഷൻ പ്രവർത്തനങ്ങളും തന്നെ ആകർഷിച്ചത്. സാമൂഹ്യനീതിയും മനുഷ്യവകാശങ്ങളും മാനുഷിക മൂല്യങ്ങളും നിഷേധിക്കപ്പെട്ടവരുടെയിടയിൽ പ്രവർത്തിക്കാൻ സന്യാസ സമൂഹം സിസ്റ്റര്‍ ലിസിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. രോഗികളുടെ കുടുംബങ്ങളെ സന്ദർശിച്ച് അവർക്ക് ആവശ്യമായ ഭൗതികവും ആത്മീയവുമായ സഹായം നല്കുന്ന ഫ്രണ്ട്സ് ഓഫ് ഫ്രണ്ട്ലസ് എന്ന പദ്ധതിയും ഇവര്‍ നടപ്പിലാക്കി വരുന്നുണ്ട്.

More Archives >>

Page 1 of 7