Youth Zone - 2024

ആഗോള യുവജന സംഗമം വിശ്വാസത്തെ ബലപ്പെടുത്തിയതായി മലേഷ്യൻ സംഘം

സ്വന്തം ലേഖകന്‍ 20-02-2019 - Wednesday

ക്വാലാലംപുർ: ക്രൈസ്തവ വിശ്വാസം കൂടുതല്‍ ആഴപ്പെടുത്താന്‍ ആഗോള യുവജന സംഗമം സഹായിച്ചുവെന്ന വെളിപ്പെടുത്തലുമായി മലേഷ്യൻ സംഘം. ക്രിസ്തുവിലുള്ള വിശ്വാസം മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ സംഗമം ഫലപ്രദമായിരിന്നുവെന്ന് മലേഷ്യൻ ആർച്ച് ബിഷപ്പ് ആരോൺ മതാനുജൻ വ്യക്തമാക്കി. പനാമയിലെ കൊളോൺ - കുൻ യാല രൂപതയിൽ ചിലവഴിച്ച ദിനങ്ങൾ നൽകിയ അനുഭവം മറക്കാനാവാത്തതാണെന്നും മറ്റുള്ളവർക്ക് നല്ല മാതൃകയായ കത്തോലിക്ക യുവത്വം ദൈവഹിതത്തിന് സദാ സന്നദ്ധരാണെന്ന സന്ദേശമാണ് നല്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഒരു കുടുംബമായി യുവജനങ്ങൾ ഒരുമിച്ച് പ്രാർത്ഥിക്കുകയും കൂട്ടായ്മയില്‍ പങ്കുചേരുകയും ചെയ്തു. തന്റെ പ്രഥമ ആഗോള യുവജന പങ്കാളിത്തമായിരിന്നു. ഒരു കുടുംബത്തോടൊപ്പം അവരിലൊരാളായി താമസിക്കാൻ സാധിച്ചു. യുവജനങ്ങളോടൊപ്പം കുരിശിന്റെ വഴിയും ജപമാലയും ചൊല്ലി തീർത്ഥാടനം നടത്തി. ഭാഷയുടെ അതിർവരമ്പുകൾക്കിടയിലും ഒരുമിച്ച് പ്രാർത്ഥിച്ചും അവിടുത്തെ ആരാധിച്ചും യുവജന സമൂഹം ഒന്നായി തീർന്നുവെന്നും ബിഷപ്പ് ഏജന്‍സിയ ഫിഡ്സിനോട് പറഞ്ഞു.

പരിശുദ്ധ കന്യകാമാതാവിനെ പോലെ ദൈവഹിതത്തിന് സമ്മതം നൽകുവാൻ യുവജനങ്ങളോട് ആഹ്വാനം ചെയ്ത ഫ്രാൻസിസ് പാപ്പയുടെ സന്ദേശം തന്നെ ഏറെ സ്പർശിച്ചതായി മൽക്ക ജോഹോർ രൂപതയിലെ ഡൊമിനിക്ക് പ്രതികരിച്ചു. പനാമയിലെ ദിവസങ്ങൾ ഒരു തീർത്ഥാടനമായിരുന്നുവെന്നും ജീവിതത്തിൽ പകരം വെയ്ക്കാനാകാത്ത അവസരമായിരുന്നു യുവജന സംഗമ പങ്കാളിത്തമെന്ന് ക്വാലലംപുർ രൂപതയിലെ ജോസഫൈൻ മേരി അഗസ്റ്റിൻ പറഞ്ഞു.

പനാമയിൽ ജനുവരി ഇരുപത്തിരണ്ട് മുതൽ ഇരുപത്തിയേഴ് വരെ സംഘടിപ്പിച്ച ആഗോള യുവജന ദിന സമ്മേളനത്തിൽ മലേഷ്യയിൽ നിന്നും അമ്പത്തിയൊന്ന് പേരാണ് പങ്കെടുത്തത്. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയിൽ പത്ത് ശതമാനത്തോളമാണ് ക്രൈസ്തവര്‍.


Related Articles »