Meditation. - March 2024

നമ്മുടെ കുറവുകളേയും ബലഹീനതകളെയും അംഗീകരിക്കുക

സ്വന്തം ലേഖകന്‍ 20-03-2024 - Wednesday

"നമുക്ക് പാപം ഇല്ല്ലെന്നു നാം പറഞ്ഞാൽ അത് ആത്മവഞ്ചനയാകും; അപ്പോൾ നമ്മിൽ സത്യമില്ലെന്നുവരും" (1 യോഹ 1:8).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മാര്‍ച്ച് 20

പാപത്തെ പറ്റിയുള്ള നമ്മുടെ ചിന്ത നമ്മേ മാനുഷികമായ തലത്തിൽ നിന്നും ദിവ്യമായ തലത്തിലേയ്ക്ക് നയിക്കുന്നു. അത് കൊണ്ട് തന്നെ പാപം ദിവ്യമായ സ്നേഹത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു എന്ന്‍ പറയാം.

നീതിയുക്തവും, ഉദാരവും, വിശ്വസ്തവും, എല്ലാറ്റിനും ഉപരിയായി ക്ഷമിക്കാന്‍ കഴിയുന്നതുമായ ജീവിതത്തിന്, നമ്മിലെ പാപാവസ്ഥ തുടച്ചു നീക്കുക അനിവാര്യമാണ്. ഞാൻ പാപിയാണെന്നുള്ള തിരിച്ചറിവ് ദൈവത്തിലേയ്ക്കുള്ള തിരിച്ചു പോകാനുള്ള ആദ്യത്തെ ചുവടാണ്. ഉദാഹരണമായി, ദാവീദ് രാജാവിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിന്റെ മുൻപിൽ തിന്മയായതു പ്രവര്‍ത്തിക്കുകയും, നാഥാൻ പ്രവാചകനാൽ അത് ശാസാനമായി കേൾക്കുകയും ചെയ്തപ്പോൾ, ദാവീദ് രാജാവ് വിലപിച്ചു; "അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി, ഞാന്‍ പാപചെയ്തു; അങ്ങയുടെ മുന്‍പില്‍ ഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചു; അതു കൊണ്ട് അങ്ങയുടെ വിധിനിര്‍ണയത്തില്‍ അങ്ങു നീതിയുക്തനാണ്; അങ്ങയുടെ വിധിവാചകം കുറ്റമറ്റതാണ്" (സങ്കീർത്തനം 51:4).

ഇത് പോലെ തന്നെ, ധൂർത്തപുത്രന്റെ അധരത്തിലും ഹൃദയത്തിലും അനുതാപത്തിന്റെ വചനം ഉയരുന്നുണ്ട്. "മകന്‍ പറഞ്ഞു: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല" (ലൂക്ക 15:32). ഈ വചനങ്ങളെല്ലാം നമ്മോട് സംസാരിക്കുന്നത് മറ്റൊന്നുമല്ല, നമ്മുടെ കുറവുകളെയും ബലഹീനതകളെയും അംഗീകരിക്കുക വഴി ദൈവസ്നേഹാനുഭവം നമ്മില്‍ നിറയുകയും അത് നമ്മുടെ ജീവിതത്തെ നവീകരിക്കുവാന്‍ സഹായിക്കുകയും ചെയ്യുമെന്നത് തന്നെ.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം 2.12.84)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »