News - 2024

വൈദികാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പില്‍ വിശുദ്ധിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പാപ്പ

സ്വന്തം ലേഖകന്‍ 25-02-2019 - Monday

വത്തിക്കാന്‍ സിറ്റി: വൈദികാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പിലും രൂപീകരണത്തിലും വിശുദ്ധിയുടെയും ജീവിതനൈര്‍മ്മല്യത്തിന്‍റെയും മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ക്കാന്‍ കൂടുതല്‍ ശ്രദ്ധ പതിക്കുമെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച സഭാദ്ധ്യക്ഷന്മാരുടെ സംഗമത്തില്‍ വത്തിക്കാനിലെ “സാലാ റേജിയ”യില്‍ (Sala Regia) സമൂഹബലി അര്‍പ്പിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. കുട്ടികളുടെ ലൈംഗീക പീഡനം ആഗോള പ്രതിഭാസമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും സഭാ പശ്ചാത്തലത്തില്‍ അതിന്‍റെ ഭീകരതയും ധാര്‍മ്മിക ഉത്തരവാദിത്ത്വവും കൂടുതല്‍ ഗൗരവകരമാണെന്നു പാപ്പ തുറന്ന്‍ പറഞ്ഞു.

സഭയില്‍ ഉണ്ടാകുന്ന ലൈംഗീക പീഡന പരാതികള്‍ കൂടുതല്‍ ഉതപ്പിനു കാരണമാകുന്നു. യുവജനങ്ങള്‍, കുടുംബങ്ങള്‍ എന്നിങ്ങനെ വിവിധ തട്ടുകളെ അത് ബാധിക്കുകയും ചെയ്യുന്നു. സഭാദൗത്യത്തിന്‍റെ ഹൃദയം തകര്‍ക്കുന്ന തിന്മയായ ലൈംഗിക പീഡനത്തിന്‍റെ കാരണക്കാരായ ക്രൂരരായ ചെന്നായ്ക്കളുടെ കൈകളില്‍നിന്നു കുഞ്ഞുങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍, എങ്ങനെ സുവിശേഷം പ്രഘോഷിക്കാനാണ്?

സഭയില്‍ ഉയരുന്ന ഓരോ കേസും സര്‍വ്വോപരി ഗൗരവത്തോടെ നേരിടും. സഭാ പശ്ചാത്തലത്തിലുള്ള കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍ അധികാരത്തിന്‍റെ പ്രകടമായ ദുര്‍വിനിയോഗമാണ്. കുട്ടിപ്പട്ടാളം, കുട്ടിളെ വീഴ്ത്തുന്ന വേശ്യാവൃത്തി, ബാലയാചകര്‍, കുട്ടികളുടെ മനുഷ്യക്കടത്ത്, അഭയാര്‍ത്ഥികളാക്കപ്പെട്ട കുട്ടികള്‍, അനാഥരാക്കപ്പെട്ട കുട്ടികള്‍ എന്നീ തലങ്ങളിലെല്ലാം പീഡനക്കേസുകള്‍ ധാരാളമായി പ്രതിഫലിക്കുന്നുണ്ട്. പൈശാചികത കലര്‍ന്ന ഈ അധികാര ദുര്‍വിനിയോഗികളുടെ കൈകളില്‍ കുഞ്ഞുങ്ങള്‍ അമര്‍ന്നുപോവുകയാണ്.

സ്വഭാവ വൈകല്യങ്ങളെ ദൈവകൃപകൊണ്ടു മൂടിവയ്ക്കാമെന്നു ചിന്തിക്കുന്നത് മൗഢ്യമാണ്. വൈകല്യങ്ങള്‍ ഇല്ലാതാക്കുക തന്നെ വേണം. പീഡന പരാതികള്‍ക്കെതിരെ മെത്രാന്മാര്‍ മുന്‍കൈയ്യെടുക്കണം. മാനദണ്ഡങ്ങളും മാര്‍ഗ്ഗരേഖകളും നിമയങ്ങളായി പ്രാബല്യത്തില്‍ വരണം. സഭാപ്രവര്‍ത്തനങ്ങളുടെ എല്ലാമേഖലകളെയും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കെല്പുള്ളവയാക്കണം. സഭാതലത്തിലെന്നപോലെ രാജ്യാന്തര തലത്തിലും കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ക്കായി ഒത്തൊരുമിച്ചു പരിശ്രമിക്കാമെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.


Related Articles »