India - 2024

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ അപൂര്‍വ ദൃശ്യങ്ങള്‍ സെന്റ് തോമസ് ക്രിസ്റ്റ്യന്‍ മ്യൂസിയത്തില്‍

സ്വന്തം ലേഖകന്‍ 06-03-2019 - Wednesday

കൊച്ചി: സന്ദര്‍ശകര്‍ക്കു പുത്തന്‍ അനുഭവം പകരാന്‍ അനുഭവമാകാന്‍ ഇനി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ അപൂര്‍വ ദൃശ്യങ്ങളും വസ്തുക്കളും കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സെന്റ് തോമസ് ക്രിസ്റ്റ്യന്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന്. സഭയുടെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ നടത്തുന്ന ഹെറിറ്റേജ് ആര്‍ട്ട് എക്‌സ്‌പോയുടെ ഭാഗമായി തയാറാക്കിയ സഭാപൈതൃകം ഓര്‍മിപ്പിക്കുന്ന പെന്‍സില്‍ സ്‌കെച്ചുകളും മ്യൂസിയത്തിലെ പുതിയ ഗാലറിയില്‍ ഇടം നേടി.

കൗണ്‍സിലിലെ ഓരോ സെഷനുകളിലും വിതരണം ചെയ്ത മെഡലുകള്‍, സ്മാരകമായി തയാറാക്കിയ സ്റ്റാമ്പുകള്‍, നാണയങ്ങള്‍, സെഷനുകളില്‍ വോട്ടിംഗിന് ഉപയോഗിച്ച പ്രത്യേകമായ കാര്‍ഡുകള്‍, പേന, കൗണ്‍സിലിലെ മെത്രാന്മാരുടെ കൈയൊപ്പുകളുള്ള ഡോക്യുമെന്റുകള്‍ എന്നിവ ശേഖരത്തിലുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ സഹായിയായി പങ്കെടുത്ത താമരശേരി രൂപതയിലെ വൈദികന്‍ ഫാ. ജോര്‍ജ് ആശാരിപ്പറമ്പില്‍, കൗണ്‍സിലുമായി ബന്ധപ്പെട്ട തന്റെ ശേഖരം സെന്റ് തോമസ് ക്രിസ്റ്റ്യന്‍ മ്യൂസിയത്തിനു കൈമാറിയിരുന്നു.

ജോണ്‍ 23ാമന്‍ പാപ്പയുടെ സംസ്‌കാര ശുശ്രൂഷകളുടെയും, പോള്‍ ആറാമന്‍ പാപ്പ, ഫുള്‍ട്ടന്‍ ജെ ഷീന്‍, ഇന്ത്യയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍മാര്‍ തുടങ്ങിയവവര്‍ സെഷനുകളില്‍ പങ്കെടുക്കുന്നതിന്റെയും അപൂര്‍വ ചിത്രങ്ങള്‍ വിലപ്പെട്ട സൂക്ഷിപ്പുകളാണ്. കാലങ്ങളായി നിധിപോലെ സൂക്ഷിച്ചിരുന്ന വത്തിക്കാന്‍ കൗണ്‍സിലിന്റെ ശേഷിപ്പുകള്‍ സഭയുടെ ആസ്ഥാനത്തെ മ്യൂസിയത്തിനു കൈമാറാനായതില്‍ സന്തോഷമുണ്ടെന്ന് ഫാ. ആശാരിപ്പറന്പില്‍ പറഞ്ഞു. കേരളത്തിലെ പുരാതന ദേവാലയങ്ങളുടെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്നവയാണു ചിത്രങ്ങളെന്നു ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴ പറഞ്ഞു.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മ്യൂസിയത്തിലെ പുതിയ ഗാലറിയുടെ ആശീര്‍വാദവും ഉദ്ഘാടനവും നിര്‍വഹിച്ചു. കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കൂരിയ ചാന്‍സലര്‍ റവ. ഡോ. വിന്‍സന്റ് ചെറുവത്തൂര്‍, വൈസ് ചാന്‍സലര്‍ റവ.ഡോ.ഏബ്രഹാം കാവില്‍പുരയിടത്തില്‍, ഫാ. ജോര്‍ജ് ആശാരിപ്പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Related Articles »