Social Media - 2024

അല്ലയോ യുവത്വമേ, ഇത്തവണത്തെ നോമ്പ് ഇങ്ങനെയാക്കി കൂടെ?

അഗസ്റ്റിൻ കൊടയ്ക്കൽ 25-02-2022 - Friday

എങ്ങനെയാണു ഈ വരുന്ന വലിയ നോമ്പിന്റെ അൻപതു ദിവസങ്ങൾ ഒരുങ്ങേണ്ടത് എന്നതിനെക്കുറിച്ചു യുവതീയുവാക്കൾക്കൊരു ദിശാബോധം അനിവാര്യമാണ്. അതുകൊണ്ട് കുറിക്കുകയാണ്. പറ്റിയാൽ ഒന്ന് കണ്ണോടിച്ചേക്കണേ. ഒരു നേരം ഭക്ഷണം ഒഴിവാക്കുകയോ ഇറച്ചി പോലുള്ള മത്സ്യ മാംസാദികൾ ഉപേക്ഷിക്കുകയോ എന്നതാണ് പൊതുവേ കാണുന്ന നോമ്പ് പരിത്യാഗങ്ങൾ. ഇവയെല്ലാം നല്ലത് തന്നെ. പക്ഷേ നമ്മളെപ്പോലുള്ള യൂത്തിനു അതുപോരാ. ഇതൊക്കെ ആർക്കും ചെയ്യാം. യൂത്താകുമ്പോ കുറച്ചു ചെയ്ഞ്ചൊക്കെ വേണം. ചലഞ്ചും.! അല്ലേ?

അപ്പോ ബ്രോ പറഞ്ഞു വരുന്നത്, രാവിലെ നമ്മൾ എഴുന്നേൽക്കുന്നത് മുതൽ രാത്രി വൈകി ഫ്ലാറ്റ് ആകുന്നതു വരെയുള്ള നമ്മുടെ സീനുകൾ ഒന്ന് ഓർത്തെടുക്കാമോ? അതിനിടയിൽ നമുക്കെന്തൊക്കെ ചെയ്യാമെന്നു ഇമാജിൻ ചെയ്യാമോ? എഴുന്നേറ്റയുടനെ ബ്രഷ് ചെയ്യുന്നവരാണെങ്കിൽ ടാപ് ഫുൾടൈം ഓൺ ആക്കുന്ന ഏർപ്പാട് ഇനി വേണ്ടാന്ന് വച്ചു പകരം ഒരു കപ്പിൽ ബ്രഷിങ് ഒതുക്കണം. മൂന്നാലു ബക്കറ്റു വെള്ളം എടുത്തുള്ള ലാവിഷ് ബാത്ത് ഒരു കണ്ട്രോൾ ചെയ്തു ഒരു ഒന്നര ബക്കറ്റിൽ ചുരുക്കാം. പക്ഷേ ഒന്നിനും രണ്ടിനും ആവശ്യത്തിന് വെള്ളം ഉപയോഗിക്കണം കേട്ടോ.

കോസ്‌റ്റ്യൂംസ് കുറയ്ക്കുന്നതാണ് അടുത്ത നോമ്പ് പ്രായശ്ചിത്തം. യോ യോ ലുക്കിന് ഈ അൻപതു ദിവസങ്ങൾ അവധി കൊടുക്കാം. ലൈറ്റായുള്ള ടച് അപ്പ്‌ മാത്രം നടത്തി റെഡിയാവൽ ചുരുക്കാം. വസ്ത്രങ്ങൾ അയൺ ചെയ്യുന്നത് ഈ നോമ്പിൽ പൂർണ്ണമായും നമുക്കൊന്നു ഒഴിവാക്കിയാലോ? ടീവി പ്രോഗ്രാംസും ബഹളം വച്ച് വെറുപ്പിക്കുന്ന ന്യൂസ് അവറും വേണ്ടാന്നു തന്നെ വയ്ക്കണം. സിനിമ, സീരിയൽ, ക്രിക്കറ്റ്, ഫുട്ബാൾ എന്നിവയ്ക്കും തത്കാലത്തേക്കെങ്കിലും വിടപറയാം. സോഷ്യൽ മീഡിയ നല്ല ആവശ്യങ്ങൾക്കു മാത്രം മതി. ചായ കുടിക്കുന്നതും, പുറമേ നിന്നുള്ള സ്‌നാക്‌സും, ഹെവി ഫുഡും മാക്സിമം വേണ്ടാന്നു തന്നെ വയ്ക്കേണ്ടി വരും.

വീട്ടിലും സാധിയ്ക്കുന്നയിടങ്ങളിലും ഭക്ഷണം കഴിയ്ക്കുന്നത് നിലത്തിരുന്നാക്കാം. വീട്ടിൽ കാഷ്വലായി ഉപയോഗിക്കുന്ന പാത്രങ്ങളിൽ കൂടിയ ഐറ്റംസ് ഒന്നും വേണ്ടാ, പകരം ലളിതമായവ മാത്രം മതി. സ്റ്റീൽ ഗ്ലാസും പ്ലേറ്റും ധാരാളം. മാത്രമല്ല, നമ്മുടെ അൺവാണ്ടഡ്‌ യാത്രകൾ ഈ അൻപതു ദിവസം നാം ഒഴിവാക്കാൻ പോവുകയാണ്. പകരം പബ്ലിക് ട്രാൻസ്പോട്ടേഷനും മ്യൂച്വൽ ഷെയറിങ്ങും ഉപയോഗപ്പെടുത്താം.

ഗ്യാപ് കിട്ടുമ്പോഴൊക്കെ സൊറ പറഞ്ഞിരിക്കുന്നതു നിർത്തിയിട്ടു ആർക്കെങ്കിലും ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യാം. അഗതിമന്ദിരങ്ങൾ, അനാഥാലയങ്ങൾ, ജയിലുകൾ, കാൻസർ - എയ്ഡ്‌സ് സെന്ററുകൾ എന്നിവ ഒഴിവു സമയം കണ്ടെത്തി സന്ദർശിച്ചാൽ സംഗതി പൊളിക്കും. കൂട്ടത്തിൽ ഫ്രെണ്ട്സിനേയും കൊള്ളിക്കണം. ഇത്തരം ഇടങ്ങളൊക്കെ നമ്മളെപ്പോലുള്ള യൂത്തിനെക്കൊണ്ട് ഈ നോമ്പുകാലത്തു നിറഞ്ഞാൽ, ഒന്നാലോചിച്ചു നോക്കൂ, അതുണ്ടാക്കുന്ന സോഷ്യൽ ഇമ്പാക്ട് എത്ര വലുതായിരിക്കുമെന്ന് ! അല്ലാ, ചുമ്മാ ഒന്ന് ചിന്തിച്ചു നോക്ക് ഭായ്.

കഴിഞ്ഞില്ല, നമ്മുടെ ടൂറും ട്രിപ്പും ചിൽ ഔട്ടും കുറച്ചു നാളത്തേക്കെങ്കിലും ഉപേക്ഷിച്ചു മിച്ചം വരുന്ന പൈസ വല്ല നിർധന രോഗികൾക്കും മരുന്ന് വാങ്ങാൻ കൊടുത്താൽ എന്ത് സംതൃപ്തിയായിരിക്കും നമുക്കും നമ്മുടെ സ്വർഗ്ഗത്തിലെ അപ്പനും ഉണ്ടാവുക.? ഇവയ്ക്കൊപ്പം തന്നെ, പുറമേ നിന്നുള്ള ഫാസ്റ്റ് ഫുഡും ഫൈവ് സ്റ്റാർ ട്രീറ്റും, ചിപ്സും, ബേക്കറിയും പാടെ ഒഴിവാക്കി ആ പൈസകൊണ്ട് ഒരാളുടെയെങ്കിലും അരച്ചാൺ വയറു നിറച്ചാൽ കിട്ടുന്ന സാറ്റിസ്ഫാക്ഷൻ ഏതു ഫിലിം കണ്ടാലാണ് കിട്ടുക? ആലോചിച്ചിട്ട് പറ മാൻ.!

പിന്നെ ഇതൊക്കെ ആരും അറിയാതെ, നമ്മുടെ കട്ട ഫ്രണ്ട്സ് മാത്രം അറിഞ്ഞു പരമാവധി രഹസ്യാത്മകമായി ചെയ്തു നോക്കീട്ടുണ്ടോ? സംഗതി ക്ലാസ് ആകും. ഇനി ഇതൊക്കെ എന്തെങ്കിലും നിയോഗം വച്ചു ചെയ്തിട്ടുണ്ടോ, കഠിന പാപികളുടെ മനസാന്തരത്തിനോ, ഡൈവോഴ്സ് കേസുകൾ ഉണ്ടാകാതിരിക്കാനോ നിയോഗമായി എന്റെ ചെറിയൊരു പരിത്യാഗം എന്നും പറഞ്ഞുകൊണ്ട് ; സംഗതി വീണ്ടും വേറെ ലെവലിലേക്കു കടക്കും.

വേണം മച്ചാന്മാരെ, ഇത്തരം ചെയ്ഞ്ചസ് നമുക്ക് കൊണ്ടുവരണം. ഒരു മുപ്പത്തിമൂന്നുകാരൻ കുരിശിൽ പിടഞ്ഞു മരിച്ചതിന്റെ സ്മരണ നാം വെറുതെ ആർക്കോ വേണ്ടി ചെയ്യുന്ന വഴിപാടായി മാറരുത്. നല്ല വിലയുണ്ടിതിന്. നാം തിരിച്ചു നല്ല വില തന്നെ നൽകേണ്ടതുമുണ്ട്.! സോ, വേണം നമുക്കൊരു ചെയ്ഞ്ച്. ആകണം മറ്റുള്ളവർക്ക് ചലഞ്ച്. !

(കടപ്പാട് : ഫാ. ബിനോയ്‌ കരിമരുതിങ്കൽ, വിഭൂതി ദിന വചന സന്ദേശം, മാർച്ച്‌ 4 2019)

** അഗസ്റ്റിൻ കൊടയ്ക്കൽ

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

#Repost


Related Articles »