Faith And Reason - 2024

കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് നികുതിയില്‍ ഇളവ്: വലിയ കുടുംബങ്ങളെ സഹായിക്കാന്‍ റഷ്യന്‍ പ്രസിഡന്‍റും

സ്വന്തം ലേഖകന്‍ 07-03-2019 - Thursday

മോസ്കോ: ഹംഗറിക്ക് പിന്നാലെ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും വായ്പാ ഇളവുകളും ഉള്‍പ്പെടുന്ന കുടുംബ സഹായ പദ്ധതി കൊണ്ടുവരുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. നികുതിയിളവുകള്‍, കടാശ്വാസം, സാമ്പത്തിക സഹായം എന്നിവയുള്‍പ്പെടുന്ന കുടുംബ സഹായപദ്ധതിയാണ് റഷ്യന്‍ പ്രസിഡന്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് വ്ലാഡിമിര്‍ പുടിന്‍ ഈ പ്രഖ്യാപനം നടത്തിയത്.

'കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് കുറച്ച് നികുതിയടച്ചാല്‍ മതി' എന്നതാണ് പ്രഖ്യാപനത്തിന്റെ പിന്നിലെ ലളിതമായ ആശയമെന്ന്‍ പുടിന്‍ പറഞ്ഞു. കുടുംബത്തിലെ ഓരോ കുട്ടിക്കും നികുതി അടക്കേണ്ടതായ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്നും 5 ചതുരശ്ര അടിയുടെ നികുതിയിളവ് ലഭിക്കും. 600 ചതുരശ്ര അടി മാത്രമുള്ളവര്‍ പൂര്‍ണ്ണമായും നികുതിയില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്യും. മൂന്നോ അതിലധികമോ കുട്ടികളുള്ളവര്‍ക്ക് 4,50,000 റൂബിള്‍ ($ 6,840) കടാശ്വാസമായി ലഭിക്കുകയും ഈ തുകയോടൊപ്പം മറ്റേര്‍ണിറ്റി ക്ഷേമനിധിയായ 9,00,000 റൂബിളും ചേര്‍ന്നാല്‍ റഷ്യയിലെ മേഖലകളിലുള്ളവര്‍ക്ക് വീട് വെക്കുന്നതിനുള്ള തുകയാകുമെന്നും പുടിന്‍ പറഞ്ഞു.

പുതിയ പദ്ധതി പ്രകാരം വായ്പകളിലെ സര്‍ക്കാര്‍ സബ്സിഡികള്‍ വായ്പാ കാലാവധിയോളം ലഭിക്കും. 3,060 കോടി റൂബിളാണ് 2020-ലെ കുടുംബശ്വാസ പദ്ധതികള്‍ക്കായി വകവെച്ചിട്ടുള്ളത്. പ്രോലൈഫ് നിലപാടുള്ള പുടിന്റെ നടപടി ഏതാണ്ട് ആറ് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സഹായമാകുമെന്നാണ് കരുതപ്പെടുന്നത്. അംഗവൈകല്യമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ഇരട്ട ആനുകൂല്യവും, ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ശിശുക്ഷേമ സഹായത്തിലെ വര്‍ദ്ധനവുമാണ് പുടിന്റെ പ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്ന മറ്റ് രണ്ട് കാര്യങ്ങള്‍. ഹംഗറിയുടെ പ്രധാനമന്ത്രിയായ വിക്ടര്‍ ഒര്‍ബാനും ഈ മാസം ആരംഭത്തില്‍ സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. നാല് കുട്ടികളുള്ള സ്ത്രീകളെ വ്യക്തിഗത വരുമാന നികുതിയില്‍ നിന്നും ഒഴിവാക്കല്‍, വലിയ കാറുകള്‍ മേടിക്കുവാനുള്ള ധനസഹായം തുടങ്ങിയവയാണ് ഓര്‍ബാന്‍ പ്രഖ്യാപിച്ചത്.


Related Articles »