Social Media - 2024

കുർബാനക്കു പണം ഈടാക്കുന്നുവോ? മറുപടിയുമായി മാര്‍ തോമസ് തറയിൽ

ബിഷപ്പ് തോമസ് തറയിൽ 12-03-2019 - Tuesday

കുർബാനധർമം ഒഴിവാക്കിയ വൈദികനെ പുകഴ്ത്തികൊണ്ടു നൽകിയ പത്രവാർത്ത വായിച്ചപ്പോൾ കുർബാനക്കു പണം ഈടാക്കുന്നു എന്നൊരു തെറ്റുദ്ധാരണ അകത്തോലിക്കർക്കിടയിൽ ഉണ്ടാകുമോയെന്നു ഞാൻ ഭയക്കുന്നു.

പരിശുദ്ധ കുർബാന വിശ്വാസികൾക്ക് ഒരു കൂദാശയാണ്. അതിൽ ആർക്കും പങ്കെടുക്കാം. പങ്കെടുക്കാൻ യോഗ്യതയുള്ളവർക്കെല്ലാം കുർബാന സ്വീകരിക്കാനും യോഗ്യത ഉണ്ട്. കർത്താവിന്റെ കൃപ സൗജന്യമാണ്. കത്തോലിക്കാ സഭയിൽ ഒരു വൈദികനും പണം തന്നാലേ കുർബാനയിൽ പങ്കെടുപ്പിക്കൂ എന്ന് പറഞ്ഞതായി ഇതുവരെ കേട്ടിട്ടില്ല.

സംശയമുള്ളവർക്ക് നാളെ തന്നെ ഏതെങ്കിലും പള്ളിയിൽ പോയി സൗജന്യമായി പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാം. കൃപകൾ സ്വീകരിക്കാം. കുർബാനകളിൽ പ്രത്യേക നിയോഗങ്ങൾ വയ്ക്കേണ്ടവർ മാത്രം തങ്ങളുടെ അധ്വാനഫലത്തിൽനിന്നു ഒരു ഭാഗം സമർപ്പിക്കണമെന്ന് നിഷ്കര്ഷിക്കുന്നുണ്ട്. അതവരുടെ ത്യാഗത്തിന്റെ പ്രകാശനമാണ്. അത് ഒരു തരത്തിലുമുള്ള വേർതിരിവുണ്ടാക്കാതിരിക്കാൻ ഒരു തുക സഭ നിയതമാക്കിയിരിക്കുന്നു. അത്ര മാത്രം. ആ പണം ലോകമെമ്പാടുമുള്ള വൈദികരുടെ ജീവസൻധാരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. അതാണ് കുർബാന ധർമം.

ഇനി, പ്രത്യേക നിയോഗമൊന്നുമില്ലാതെയാണ് ലക്ഷക്കണക്കിന് വിശ്വാസികൾ എല്ലാ ദിവസവും കുർബാനയിൽ പങ്കെടുക്കുന്നത്. പണം വാങ്ങി പ്രാർത്ഥിക്കുന്നു എന്നൊക്കെ പറയാൻ രസമാണ്. പക്ഷെ അതല്ല യാഥാർഥ്യം. പണം കുർബാനയുടെ മാനദണ്ഡമല്ല. ആർക്കും കുർബാനയിൽ പങ്കെടുക്കുകയും മാമോദിസ സ്വീകരിച്ചവർക്കെല്ലാം കുർബാന സ്വീകരിക്കുകയും ചെയ്യാം.

ഒരു കാര്യം കൂടി: കുര്‍ബാനധർമം ഇല്ലാതാക്കിയ ചിലയിടങ്ങളിൽ ഇപ്പോൾ കുർബാനക്ക് പ്രത്യേക നിയോഗം വയ്ക്കാൻ ആരും തന്നെ വരുന്നില്ല. മരിച്ചയാത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാനും ആരും വരാറില്ല. ഭക്തിയിൽ എപ്പോഴും യുക്തി കാണണമെന്നില്ല.

More Archives >>

Page 1 of 9