Youth Zone - 2024

മംഗളവാർത്ത തിരുനാൾ ഒരുമിച്ച് ആഘോഷിക്കുവാന്‍ ക്രൈസ്തവ മുസ്ലീം യുവജനങ്ങൾ

സ്വന്തം ലേഖകന്‍ 13-03-2019 - Wednesday

ബെയ്റൂട്ട്: പരിശുദ്ധ അമ്മയുടെ മംഗള വാര്‍ത്ത തിരുനാള്‍ ആഘോഷിക്കുവാന്‍ ലെബനോനിന്റെ തലസ്ഥാനമായ ബെയ്റൂട്ട് ഒരുങ്ങുന്നു. ക്രൈസ്തവരെ കൂടാതെ ഇസ്ലാം മതസ്ഥരായ യുവജനങ്ങള്‍ തിരുനാളില്‍ പങ്കെടുക്കുവാന്‍ എത്തുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ആയിരത്തിഅറുന്നൂറോളം യുവതീയുവാക്കള്‍ ലെബനോനിന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ നടക്കുന്ന മതാന്തര സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. മാർച്ച് മാസം 22 മുതൽ 26 വരെ നടക്കുന്ന സമ്മേളനത്തിൽ നാൽപ്പത് രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളായിരിക്കും പങ്കെടുക്കുക.

മാർച്ച് ഇരുപത്തിയഞ്ചാം തീയതി നടക്കുന്ന മംഗള വാർത്തയുടെ തിരുനാൾ ആഘോഷത്തിൽ ക്രൈസ്തവ യുവജനങ്ങൾക്ക് ഒപ്പം മുസ്ലിം യുവജനങ്ങളും പങ്കുചേരുമെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയിരിക്കുന്നത്. ലെബനനിലെ സഭയും, കൗൺസിൽ ഓഫ് മിഡിൽ ഈസ്റ്റേൺ ചർച്ചസും, കത്തോലിക്കാ പ്രസ്ഥാനമായ തേയ്സെയും ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. 2010 മുതൽ ലെബനനിൽ മംഗളവാർത്ത തിരുനാൾ ദിവസം പൊതുഅവധിയാണ്.

ക്രൈസ്തവരുടെ മരിയ ഭക്തിയോടൊപ്പം പങ്കുചേരാനാണ് സർക്കാർ ഇപ്രകാരമൊരു പ്രഖ്യാപനം നടത്തിയതിന് പിന്നിലെ കാരണമായി വിലയിരുത്തപ്പെടുന്നത്. എല്ലാവർഷവും മംഗളവാർത്ത തിരുന്നാൾ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ആഘോഷങ്ങൾ നടക്കുന്നുണ്ട്. രാജ്യത്തെ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളാണിലാണ് ഏറ്റവും കൂടുതൽ ആഘോഷങ്ങൾ നടക്കുന്നത്. മിക്ക കേന്ദ്രങ്ങളിലും മുസ്ലിം വിശ്വാസികളുടെ പങ്കാളിത്തത്തോടു കൂടിയാണ് ഈ ആഘോഷങ്ങൾ നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.

More Archives >>

Page 1 of 4