Faith And Reason

ദൈവകരുണയുടെ ദര്‍ശനം ലഭിച്ചതിന്റെ തൊണ്ണൂറാമത് വാര്‍ഷികം ആഘോഷിച്ച് പോളിഷ് ജനത

പ്രവാചക ശബ്ദം 24-02-2021 - Wednesday

പ്ലോക്ക്: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥനും പോളിഷ് മെത്രാപ്പോലീത്തയുമായ ജാന്‍ റോമിയോ പാവ്ലോവ്സ്കിയുടെ സാന്നിധ്യത്തില്‍ ദൈവ കരുണയുടെ ദര്‍ശനം ലഭിച്ചതിന്റെ തൊണ്ണൂറാമത് വാര്‍ഷികം ആഘോഷിച്ച് പോളിഷ് ജനത. പോളിഷ് കന്യാസ്ത്രീയായ വിശുദ്ധ ഫൗസ്റ്റീനക്ക് 1931 ഫെബ്രുവരി 22ന് ലഭിച്ച യേശുവിന്റെ ദൈവകരുണയുടെ ദര്‍ശനം കൊണ്ട് പ്രസിദ്ധമായ പ്ലോക്കിലെ ഡിവൈന്‍ മേഴ്സി ചാപ്പലില്‍വെച്ചായിരുന്നു ആഘോഷം. വാര്‍ഷിക ദിനത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് പാവ്ലോവ്സ്കി മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിച്ചു.

‘യേശുവേ നിന്നില്‍ ഞാന്‍ ശരണപ്പെടുന്നു’ എന്ന പ്രാര്‍ത്ഥന 90 വര്‍ഷങ്ങള്‍ക്ക് ശേഷവും നൂറുകണക്കിന് ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, ദശലക്ഷകണക്കിന് പ്രാവശ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും വിശുദ്ധ കുര്‍ബാനമദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ മെത്രാപ്പോലീത്ത പറഞ്ഞു. ഇവിടേക്ക് വരുന്നതിന് മുന്‍പ് പ്ലോക്ക് സന്ദര്‍ശിക്കുവാനുള്ള തന്റെ ക്ഷണത്തിന്, ദൈവകരുണയില്‍ തനിക്ക് അഗാധമായ വിശ്വാസമുണ്ടെന്ന് അറിയിക്കുവാനും, തനിക്ക് വേണ്ടി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുവാനുമായിരുന്നു പാപ്പ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൈവകരുണയുടെ ആദ്യ പ്രത്യക്ഷീകരണത്തിന്റെ തൊണ്ണൂറാമത് വാര്‍ഷികാഘോഷം സ്മരിച്ച് ഫ്രാന്‍സിസ് പാപ്പ, വിശുദ്ധ ഫൗസ്റ്റീന താമസിച്ച കോണ്‍വെന്റ് സ്ഥിതിചെയ്യുന്ന പ്ലോക്കിലെ ബിഷപ്പ് മോണ്‍. പിയോട്ടര്‍ ലിബേരാക്കിന് കത്തയച്ചിരിന്നു. കൂദാശയിലൂടെ യേശുവിനേയും, അവന്റെ സ്നേഹത്തേയും, കരുണയേയും അനുഭവിക്കുക വഴി കൂടുതല്‍ കരുണയും ക്ഷമയും, സഹനവും, സ്നേഹവും ഉള്ളവരായി നമുക്ക് മാറാമെന്നുമാണ് പാപ്പയുടെ കത്തില്‍ പറയുന്നത്.

പോളിഷ് പ്രസിഡന്റ് ആൻഡ്രസെജ് ഡൂഡയും ദൈവകരുണയുടെ 90-ാം വാർഷികത്തില്‍ അനുസ്മരണ സന്ദേശം അയച്ചിരിന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ ലോകവുമായി പങ്കിട്ട വിശുദ്ധ ഫൗസ്റ്റീനയുടെ സന്ദേശത്തിന് മതത്തിനും ലോകവീക്ഷണത്തിനും അപ്പുറത്ത് സാർവത്രികമായ മാനമുണ്ടെന്നും അത് നല്ല ഇച്ഛാശക്തിയുള്ളവരുടെ ഹൃദയങ്ങളിൽ എത്തിച്ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ആധുനിക കാലത്ത്, രണ്ടു വിശുദ്ധരുടെയും രചനകളിൽ ശക്തമായി തോന്നുന്ന സഹാനുഭാവവും പ്രത്യാശയും മാനവസമൂഹത്തിന് ആവശ്യമാണെന്നും പോളിഷ് പ്രസിഡന്റ് സന്ദേശത്തില്‍ കുറിച്ചു.

1931 ഫെബ്രുവരി 22ന് പോളണ്ടിലെ പ്ലോക്കിലുള്ള കോണ്‍വെന്റിലെ മുറിയില്‍വെച്ചാണ് യേശു ക്രിസ്തു ദൈവ കരുണയുടെ ചിത്രം വിശുദ്ധ ഫൗസ്റ്റീനയ്ക്കു ദര്‍ശനത്തിലൂടെ വെളിപ്പെടുത്തിയത്. വെളുത്ത വസ്ത്രം ധരിച്ചു അനുഗ്രഹം ചൊരിയുന്ന രീതിയില്‍ ഒരു കൈ ഉയര്‍ത്തിപ്പിടിച്ചും മറ്റേ കരം നെഞ്ചിലെ വസ്ത്രത്തില്‍ സ്പര്‍ശിച്ചിരിക്കുന്ന നിലയിലുമാണ് യേശുവിന്റെ ദര്‍ശനം സിസ്റ്റര്‍ ഫൗസ്റ്റീനയ്ക്കു ലഭിച്ചത്. ചുവപ്പും, ഇളം നിറത്തിലും ഉള്ള രണ്ട് പ്രകാശ കിരണങ്ങള്‍ അവിടെ നിന്നും ചൊരിയുന്നതായി കണ്ടിരിന്നുവെന്ന് വിശുദ്ധ തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദര്‍ശന ദൃശ്യമുള്‍പ്പെടെ 'യേശുവേ നിന്നില്‍ ഞാന്‍ ശരണപ്പെടുന്നു' എന്ന വാക്യത്തോട് കൂടിയ ഒരു ചിത്രം വരക്കുവാന്‍ കര്‍ത്താവ് വിശുദ്ധയോട് ആവശ്യപ്പെടുകയായിരിന്നു.

1934-ല്‍ വിശുദ്ധ ഫൗസ്റ്റീന നേരിട്ട് നല്‍കിയ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ യൂജിന്‍ കാസിമിറോവ്സ്കി എന്ന കലാകാരനാണ് ദൈവകരുണയുടെ ആദ്യ ചിത്രം വരച്ചതെങ്കിലും, ക്രാക്കോവിലെ ലാഗിവിനിക്കിലെ അഡോള്‍ഫ് ഹൈല എന്ന കലാകാരന്‍ വരച്ച ചിത്രമാണ് ദൈവകരുണയുടെ ചിത്രമായി ലോക പ്രസിദ്ധമായത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »