Life In Christ

'തെറ്റായ തലക്കെട്ട്' ഇ‌എസ്‌പിഎന്‍ എഡിറ്ററെ നയിച്ചത് പൗരോഹിത്യത്തിലേക്ക്

സ്വന്തം ലേഖകന്‍ 14-08-2019 - Wednesday

കണക്റ്റിക്കറ്റ്: പ്രമുഖ സ്പോര്‍ട്സ് ചാനലായ ഇഎസ്പിഎന്നിന്റെ മുന്‍ എഡിറ്റര്‍ ആന്‍റണി ഫെഡെറിക്കോ ഇനി കത്തോലിക്ക വൈദികൻ. തന്റെ 28-മത്തെ വയസ്സില്‍ ഇഎസ്പിഎന്നിന്റെ സ്പോര്‍ട്സ് മത്സരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ കണ്ടന്റ് എഡിറ്ററായി ജോലി ചെയ്യവേ സംഭവിച്ച അപ്രതീക്ഷിത സംഭവമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത്. 2012 ഫെബ്രുവരി 17-നാണ് ഫെഡെറിക്കോയുടെ ജീവിതത്തില്‍ മറക്കാനാവാത്ത ആ സംഭവമുണ്ടായത്.

അമേരിക്കയിലെ പ്രൊഫഷണല്‍ ബാസ്കറ്റ്ബോള്‍ പ്ലെയറായ ജെറമി ലിന്‍ നയിക്കുന്ന നിക്ക്സ് ന്യൂ ഒര്‍ലീന്‍സ ഹോര്‍നെറ്റ്സുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടത് വലിയ ചര്‍ച്ചയായിരിന്നു. മത്സരത്തില്‍ നിറം മങ്ങിയ പ്രകടനമായിരുന്നു ലിന്‍ കാഴ്ചവെച്ചത്. വിജയങ്ങളുടെ പരമ്പരയില്‍ ലിന്‍ ആദ്യമായി ഇത്ര മോശമായി കളിച്ചതെങ്ങിനെ എന്ന്‍ വിശകലനം ചെയ്യുന്ന ഒരു കോളമെഴുതിയ ഫെഡറിക്കോ, ‘ഒരു തുടക്കക്കാരനെന്ന നിലയില്‍ ജെറമി ലിന്നിന്റെ ബലഹീനതയുടെ ആദ്യ പ്രദര്‍ശനം’ എന്നതിനെ സൂചിപ്പിക്കുവാനായി നല്‍കിയ തലക്കെട്ട് വംശീയ പരാമര്‍ശമായി പ്രചരിക്കപ്പെടുകയായിരുന്നു. ഇതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഫെഡറിക്കൊക്ക് ജോലി നഷ്ടമായി.

അധികം വൈകാതെ ലൈവ്ക്ലിപ്സ് എന്ന മറ്റൊരു സ്പോര്‍ട്സ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച ഫെഡറിക്കോ ഉച്ചഭക്ഷണത്തിന്റെ ഇടവേളകളില്‍ അടുത്തുള്ള സെന്റ്‌ ജോണ്‍ ബാപ്റ്റിസ്റ്റ് ബസലിക്കയില്‍ ഉച്ച കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ ആരംഭിച്ചു. വിശുദ്ധ കുര്‍ബാന ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെ മാറ്റിയ ഫെഡറിക്കോ ഒന്നര വര്‍ഷത്തിനു ശേഷമാണ് തന്റെ ദൈവനിയോഗം തിരിച്ചറിഞ്ഞത്. വൈദികനാകണം. തന്റെ ദൈവവിളിക്ക് പ്രത്യുത്തരം നല്‍കുവാനുള്ള അന്വേഷണം വാഷിംഗ്‌ടണ്‍ ഡി.സി. യിലെ കത്തോലിക്കാ യൂണിവേഴ്സിറ്റി കാമ്പസ്സിലുള്ള സെമിനാരിയിലാണ് ഫെഡറിക്കോയെ എത്തിച്ചത്.

തുടര്‍ന്നു പ്രാര്‍ത്ഥനക്കും ഒരുക്കത്തിനും ഒടുവില്‍ ഇക്കഴിഞ്ഞ ജൂണില്‍ ഫെഡറിക്കോ തിരുപ്പട്ടം സ്വീകരിച്ചു. താനിപ്പോള്‍ സ്വതന്ത്രനാണെന്നും തനിക്ക് ആശ്വാസവും സമാധാനവുമുണ്ടെന്നും പില്‍ക്കാലത്തെ തിക്താനുഭവത്തില്‍ ആരോടും തനിക്ക് ദേഷ്യമില്ലായെന്നും ഫെഡറിക്കോ സ്മരിക്കുന്നു. കണക്റ്റിക്കട്ടിലെ ചെഷൈര്‍ ഇടവകയിലെ വൈദികനായാണ് അദ്ദേഹം സേവനം ആരംഭിച്ചിരിക്കുന്നത്.


Related Articles »