Editor's Pick

വിശുദ്ധ പൗലോസും ഇസ്ലാമിസ്റ്റുകളും | ലേഖനപരമ്പര 09

ഡോ. ജോർജ് കുടിലിൽ 18-02-2024 - Sunday

ഇസ്ലാമിസ്റ്റുകൾ സാധാരണ ഉന്നയിക്കുന്ന ഒരു ആരോപണമാണ് ക്രിസ്തുമതത്തിന്റെ സ്ഥാപകൻ വിശുദ്ധ പൗലോസ് ആണെന്നത്. ഈശോമിശിഹായുടെ പ്രബോധനങ്ങൾ വളച്ചൊടിച്ച് ക്രിസ്‌തുമതത്തിന്റെ വിശ്വാസസംഹിതകൾ ഇന്നത്തെ രൂപത്തിലാക്കിയത് അദ്ദേഹമാണത്രെ. സുവിശേഷങ്ങളിൽ തിരുത്തൽ വരുത്തിയ വിശുദ്ധ പൗലോസ് സ്വന്തനിലയിൽ കുറേ ലേഖനങ്ങൾ എഴുതുകയും ചെയ്‌തു. അവയാണ് ബൈബിൾ പുതിയനിയമത്തിലുള്ള വിശുദ്ധ പൗലോസിന്റെ ലേഖനങ്ങൾ. എന്തുകൊണ്ടു മുസ്ലീങ്ങൾ വിശുദ്ധ പൗലോസിനെ എതിർക്കുന്നു അല്ലെങ്കിൽ വെറുക്കുന്നു എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകാൻ അവർക്കു സാധിക്കുന്നില്ല. ഇസ്ലാം മതപ്രബോധകരുടെ പ്രസംഗങ്ങളിൽ നിന്ന് വിശുദ്ധ പൗലോസിനോടുള്ള എതിർപ്പിന്റെ കാരണം സൂക്ഷ്‌മമായി ഗ്രഹിക്കാൻ സാധ്യവുമല്ല.

ഇസ്ലാമിന്റെ മതഗ്രന്ഥമായ ഖുർആനുമായി ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിൾ ഒത്തുപോകുന്നില്ല എന്നതാണ് ഈ വെറുപ്പിന്റെ അടിസ്ഥാനകാരണം. മാത്രമല്ല, ക്രൈസ്‌തവ വിശ്വാസത്തിന് ദാർശനികവും ആത്മീയവുമായ വ്യാഖ്യാനം നൽകി യുക്തിഭദ്രമായി അവതരിപ്പിച്ചതും വിശുദ്ധ പൗലോസാണ്. അതുകൊണ്ട് ഇന്നുള്ള ക്രൈസ്‌തവർ 'പൗലോസിന്റെ ക്രൈസ്തവരാണെന്നും' ക്രിസ്‌തുശിഷ്യരായ ക്രൈസ്തവരല്ലെന്നും ഇസ്ലാമിസ്റ്റുകൾ പറയുന്നു. വിശുദ്ധ പൗലോസ് തിരുത്തിയതായി ഇസ്ലാമിസ്റ്റുകൾ പറയുന്ന മൂല വിശുദ്ധഗ്രന്ഥം അവരുടെ കൈവശമില്ല! ഈശോയുടെ ഏതു പ്രബോധനവുമായാണ് വിശുദ്ധ പൗലോസിന്റെ ലേഖനങ്ങൾ ചേർന്നുപോകാത്തത് എന്നും യുക്തിസഹമായി തെളിയിക്കാൻ അവർക്കു സാധിക്കുന്നില്ല.

വിശുദ്ധ പൗലോസിന്റെ ചില പ്രസ്‌താവനകൾ ഇസ്ലാമിനെ മുമ്പിൽ കണ്ടുകൊണ്ടായിരുന്നോ എന്നു ചോദിക്കാൻ പ്രേരിപ്പിക്കുന്നവയാണ്. മിശിഹായുടെ സുവിശേഷത്തെ എതിർക്കുകയും അതിനു വിരുദ്ധമായ നിലപാടുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവർ അദ്ദേഹത്തിന്റെ കാലത്തുതന്നെ ഉണ്ടായിരുന്നു. ഇസ്ലാമിനെയും അക്കൂട്ടത്തിൽപ്പെടുത്താം.

സുവിശേഷവിരുദ്ധമായ നിലപാടുകൾ കൈക്കൊള്ളുന്നവരെക്കുറിച്ചു വിശുദ്ധ പൗലോസ് പറയുന്നു: ''മിശിഹായുടെ കൃപയിൽ നിങ്ങളെ വിളിച്ചവരെ നിങ്ങൾ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും വ്യത്യസ്‌തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയും ചെയ്യുന്നതിൽ എനിക്ക് ആശ്ചര്യം തോന്നുന്നു. വാസ്‌തവത്തിൽ മറ്റൊരു സുവിശേഷമില്ല; എന്നാൽ, നിങ്ങളെ ഉപദ്രവിക്കാനും മിശിഹായുടെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ചതിൽ നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങൾ തന്നെയോ സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ. ഞങ്ങൾ നേരത്തേ നിങ്ങളോടു പറഞ്ഞ പ്രകാരം തന്നെ ഇപ്പോഴും ഞാൻ പറയുന്നു, നിങ്ങൾ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ!'' (ഗലാ 1,6-9).

വിശുദ്ധ പൗലോസിനെ വെറുക്കാൻ ഇസ്ലാമിസ്റ്റുകളെ പ്രേരിപ്പിക്കുന്ന ഏതാനും കാര്യങ്ങൾ അവലോകനം ചെയ്യുന്നതു നന്നായിരിക്കും. ഇസ്ലാമിക സാഹിത്യം ആഴത്തിൽ പഠിച്ചാൽ മാത്രമേ ക്രൈസ്തവ വീക്ഷണത്തിൽനിന്നുകൊണ്ട് ഈ വിഷയത്തിൽ അവരുമായി സംവദിക്കാൻ കഴിയൂ. പ്രാഥമിക സംവാദത്തിന് ആവശ്യമായ ചില ധാരണകൾ പകരാൻ താഴെ നൽകുന്ന വിശദീകരണങ്ങൾ ഉപകരിക്കും.

1. വിശുദ്ധ പൗലോസ് ഈശോ മിശിഹായെ കണ്ടിട്ടില്ല! ‍ ഇസ്ലാമിസ്റ്റുകൾ പറയുന്ന ഒരു കാര്യം വിശുദ്ധ പൗലോസ് ഈശോയെ നേരിട്ടു കണ്ടിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രബോധനങ്ങൾക്ക് ആധികാരികതയില്ല എന്നാണ്. ഈശോയുടെ ഉത്ഥാനത്തിനും സ്വർഗാരോഹണത്തിനും ശേഷം അവിടുന്ന് പൗലോസിന് പ്രത്യക്ഷനായതും തുടർന്നു പൗലോസ് പഠനത്തിലും മനനത്തിലും മുഴുകി അനേകനാൾ ചെലവഴിച്ചതും നടപടിപ്പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് (നടപടി 8-9). കർത്താവിൽനിന്നുതന്നെ താൻ നേരിട്ടു പഠിച്ചതായി സെന്റ് പോൾ രേഖപ്പെടുത്തിയിട്ടുമുണ്ട്. (1 കോറി 11,23). ഗലാത്തിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു: 'സഹോദരരേ, ഞാൻ പ്രസംഗിച്ച സുവിശേഷം മാനുഷികമല്ല എന്നു നിങ്ങളെ ഞാൻ അറിയിക്കുന്നു. എന്തെന്നാൽ, മനുഷ്യരിൽ നിന്നല്ല ഞാൻ അതു സ്വീകരിച്ചത്. ആരും അതെന്നെ പഠിപ്പിച്ചതുമില്ല. ഈശോമിശിഹായുടെ വെളിപാടിലൂടെയാണ് അത് എനിക്കു ലഭിച്ചത്' (ഗലാ 1,11-12).

2. പുതിയ നിയമം മുഴുവനും എഴുതിയത് വിശുദ്ധ പൗലോസാണ്; അതും യഥാർത്ഥ പുതിയ നിയമം തിരുത്തിക്കൊണ്ട്! ‍

പുതിയ നിയമം 27 പുസ്‌തകങ്ങളുള്ള ഒരു സമാഹാരമാണ്. അവ ഓരോന്നും അറിയപ്പെടുന്നത് രചയിതാക്കളുടെ പേരിലാണ് (നടപടി, ഹെബ്രായർ, വെളിപാട് മുതലായ അപവാദങ്ങളുണ്ട്). സെന്റ് പോളിന്‍റേതായി 13 കൃതികളാണ് പുതിയ നിയമത്തിലുള്ളത്. പുതിയ നിയമത്തിന്റെ ഉള്ളടക്കത്തിന്റെ 27% വരും അവ. സെന്റ് പോളിന്‍റേ ലേഖനങ്ങൾ (Epistles of St. Paul) എന്നാണവ അറിയപ്പെടുന്നത്. ഇവ ഓരോന്നിന്റെയും തുടക്കത്തിൽ ലേഖകനായ പൗലോസിന്റെ പേരുണ്ട്. ഗ്രീക്കുഭാഷയിൽ രചിക്കപ്പെട്ട ഈ കത്തുകളുടെ ആദ്യവാക്കു തന്നെ 13 എണ്ണത്തിലും പോൾ എന്നാണ്. ഈ പതിമൂന്നു ലേഖനങ്ങളാണ് വിശുദ്ധ പൗലോസിന്റേതായി പുതിയനിയമത്തിലുള്ളത്. പുതിയനിയമത്തിലുള്ള മറ്റു 14 പുസ്തകങ്ങളുടെയും രചയിതാവ് വിശുദ്ധ പൗലോസ് അല്ല.

സുവിശേഷങ്ങൾ, നടപടി, വെളിപാട് മുതലായ പുതിയ നിയമപുസ്‌തകങ്ങളുടെ ഉള്ളടക്കം ലേഖനങ്ങളുടേതിൽ നിന്നു തികച്ചും വ്യത്യസ്തമാണ്. സുവിശേഷങ്ങൾ ഈശോയുടെ ജീവിതവും പ്രബോധനങ്ങളും പ്രവർത്തനങ്ങളും വിശദീകരിക്കുന്നു. നടപടി പുസ്തകത്തിൽ, ഈശോയുടെ ഉത്ഥാനാനന്തരം ശ്ലീഹന്മാർ സുവിശേഷപ്രഘോഷണം നടത്തുന്നതും വിവിധ സ്ഥലങ്ങളിൽ സഭ സ്ഥാപിതമാകുന്നതും അവർ നേരിട്ട അനുഭവങ്ങളുമാണു വിവരിക്കുന്നത്. വെളിപാടു പുസ്‌തകം അന്ത്യകാലസംഭവങ്ങളെപ്പറ്റി യോഹന്നാനു ലഭിക്കുന്ന ദർശനമാണ്. ഇവയിൽ ഏതെങ്കിലും തിരുത്തിയാണ് പൗലോസ് ലേഖനങ്ങൾ എഴുതിയത് എന്ന വാദം യുക്തിസഹമല്ല.

പൗലോസിന്റെ ലേഖനങ്ങൾക്ക് അൽപമെങ്കിലും സാമ്യമുള്ളതും പുതിയനിയമത്തിലെ മറ്റു ലേഖനങ്ങളുമായാണ് (ഹെബ്രായർ, യാക്കോബ്, ഒന്ന് പത്രോസ്, രണ്ട് പത്രോസ്, ഒന്ന് യോഹന്നാൻ, രണ്ട് യോഹന്നാൻ, മൂന്ന് യോഹന്നാൻ, യൂദാ). അവയ്‌ക്കെല്ലാം വ്യത്യസ്‌ത രചയിതാക്കൾ ഉണ്ടുതാനും. പൗലോസിന്റെ 13 രചനകളും ഇവയും തമ്മിൽ ഭാഷാപരമായും ശൈലിപരമായും ഉള്ളടക്കത്തിന്റെ വ്യത്യാസംകൊണ്ടും സാമ്യങ്ങൾപോലും കുറവാണ്. വ്യത്യാസങ്ങളാണ് കൂടുതൽ. അങ്ങനെയുള്ള ഏതെങ്കിലും കൃതി തിരുത്തിയാണ് വിശുദ്ധ പൗലോസ് എഴുതിയതെന്നു തെളിയിക്കാൻ സാധ്യമല്ല.

പരിശുദ്ധാരൂപിയുടെ പ്രചോദനമനുസരിച്ച് വിശുദ്ധ പൗലോസ് തന്നെ എഴുതിയ ഈ ലേഖനങ്ങളെ അവയുടെ രചനാകാലം മുതൽതന്നെ ആദിമസഭ വിലപ്പെട്ട പ്രമാണിക ലിഖിതങ്ങളായി പരിഗണിച്ചിരുന്നു. ശ്ലീഹന്മാരിൽ പ്രമുഖനായ പത്രോസിനോടൊപ്പം സഭയും വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളെ ആദരിച്ചിരുന്നു എന്ന കാര്യം വ്യക്തമാണ്. "ആദ്യം നിങ്ങൾ ഇതു മനസ്സിലാക്കുവിൻ: വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങൾ ഒന്നുംതന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാൽ, പ്രവചനങ്ങൾ ഒരിക്കലും മാനുഷികചോദനയാൽ രൂപം കൊണ്ടതല്ല, പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യർ സംസാരിച്ചവയാണ്" (2 പത്രോ. 1,20-21). 'നമ്മുടെ പ്രിയപ്പെട്ട സഹോദരനായ പൗലോസ് തനിക്കു ലഭിച്ച ജ്ഞാനമനുസരിച്ച് ഇക്കാര്യം തന്നെ നിങ്ങൾക്ക് എഴുതിയിട്ടുണ്ടല്ലോ. ഈ വിഷയത്തെക്കുറിച്ചു പറയുമ്പോഴെല്ലാം, ഇങ്ങനെ തന്നെയാണ് എല്ലാ ലേഖനങ്ങളിലും അവൻ എഴുതിയിരിക്കുന്നത്. മനസിലാക്കാൻ വിഷമമുള്ള ചില കാര്യങ്ങൾ അവയിലുണ്ട്. അറിവില്ലാത്തവരും ചഞ്ചലമനസ്കരുമായ ചിലർ, മറ്റു വിശുദ്ധ ലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു' (2 പത്രോ 3,15-16).

ലോകത്തിൽ തന്നെ ഏറ്റവുമധികം ഗവേഷണം ചെയ്യപ്പെട്ടിട്ടുള്ളവയാണ് പുതിയനിയമ ഗ്രന്ഥങ്ങൾ; അവയുടെ രചനാകാലം, മൂലഭാഷ, ശൈലി, പദസമ്പത്ത്, സാഹിത്യരൂപം എന്നിവയെല്ലാം. സുവിശേഷങ്ങൾ സെന്റ് പോൾ രചിച്ചവയോ അദ്ദേഹം സ്വാധീനിച്ചവയോ ആണെന്നതിനു ശാസ്ത്രീയമായ ഒരു തെളിവുമില്ല. പുതിയ നിയമത്തിലെ ആദ്യ കൃതിയായി കരുതപ്പെടുന്നത് വിശുദ്ധ പൗലോസിന്റെ തന്നെ തെസ്സലോനിക്കക്കാർക്കുള്ള ഒന്നാം ലേഖനമാണ്. അതിൽ നിന്നു വ്യത്യസ്‌തമായ രചനാ ചരിത്രമാണ് സുവിശേഷങ്ങൾക്കുള്ളത്. പൗലോസിന്റെ ലേഖനങ്ങൾ പൂർത്തിയാകുന്നതിനു മുമ്പുതന്നെ ആദ്യ മൂന്നു സുവിശേഷങ്ങളും എഴുതപ്പെട്ടു കഴിഞ്ഞിരുന്നു. പൗലോസിന്റെ രചനകൾ സുവിശേഷങ്ങൾ സ്വാധീനിക്കാൻ അക്കാരണത്താൽ തന്നെ വിദൂരസാധ്യതപോലുമില്ല.

3. സെന്റ് പോളും ബർണബാസും തമ്മിൽ വിയോജിപ്പ്? ‍

വിശുദ്ധ പൗലോസിന്റെ ജീവിതകാലത്തുതന്നെ അദ്ദേഹത്തിന്റെ സ്നേഹിതരും ശിഷ്യരുമായവർ അദ്ദേഹത്തെ എതിർത്തിരുന്നു എന്നു സ്ഥാപിക്കാൻ ഇസ്ലാമിസ്റ്റുകൾ ഉപയോഗിക്കുന്ന ഒരു സംഭവമാണ് പൗലോസും ബർണബാസും തമ്മിലുണ്ടായ അഭിപ്രായഭിന്നത. പൗലോസിന്റെ സ്നേഹിതനും സഹപ്രവർത്തകനുമായിരുന്ന ബർണബാസ്‌ പ്രേഷിതയാത്രകളിൽ യോഹന്നാന്‍ മര്‍ക്കോസിനൊപ്പം പൗലോസിനെ അനുഗമിച്ചു (കൊളോ 4,10). യാത്രയ്ക്കിടെ യോഹന്നാന്‍ ജെറുസലേമിലേക്കു മടങ്ങി (നട 13, 13). അതിന്റെ കാരണം വിശദമാക്കപ്പെടുന്നില്ല. പിന്നീടുള്ള യാത്രയിൽ യോഹന്നാന്‍ മര്‍ക്കോസിനെയും കൂട്ടാമെന്നുള്ള ബർണബാസിന്റെ നിർദേശം പൗലോസിനു സ്വീകാര്യമായില്ല. അവർക്കിടയിൽ അഭിപ്രായവ്യത്യാസം ഉണ്ടായതായി നടപടിപ്പുസ്തകം പറയുന്നു (15,36-41).

ഇതും ഏതെങ്കിലും ദൈവശാസ്ത്രനിലപാടിന്റെ പേരിലുണ്ടായ ഭിന്നതയായി കാണുന്നത് ശരിയല്ല. കാരണം, രണ്ടുപേരും അവരവരുടെ നിലയ്ക്ക് പ്രേഷിതപ്രവർത്തനം തുടർന്നു നടത്തിയെന്നു മാത്രമല്ല, ഇരുവർ പരസ്പരമുള്ള ആദരവ് നിലനിർത്തുകയും ചെയ്‌തു. ബർണബാസിനു പിന്തുണ നൽകാൻ പിന്നീട് വിശുദ്ധ പൗലോസ് ആവശ്യപ്പെടുന്നുണ്ടല്ലോ (1 കോറി 9:6). വിശുദ്ധ പൗലോസും ബർണബാസും തമ്മിലുണ്ടായ നീരസം രേഖപ്പെടുത്തുന്നതിൽ ലൂക്കാ കാണിച്ച ആർജവം അംഗീകരിക്കേണ്ടതല്ലേ? അതുകൊണ്ട് ദൈവാരൂപിയുടെ നിയന്ത്രണത്തിലാണ് ലൂക്കാ എഴുതിയതെന്നു വ്യക്തം.

വിശുദ്ധ പൗലോസും അറേബ്യയിൽ പ്രവർത്തിച്ചതിനെപ്പറ്റി ഖുർആൻ സംസാരിക്കുണ്ടോ? അദ്ദേഹത്തിന്റെ അറേബ്യയിലെ ദൗത്യം വിജയിച്ചില്ലെന്നു വിശുദ്ധ ജെറോമും മറ്റു പിൽക്കാല എഴുത്തുകാരും പറയുന്നുണ്ട്. മുഹമ്മദിനുമുമ്പ് അറേബ്യയിൽ എത്തിച്ചേർന്ന ഒരു ദൂതനെപ്പറ്റി ഇസ്ലാമിക ഗ്രന്ഥങ്ങൾ പറയുന്നുണ്ട്. ഇവിടെ ഉദ്ദേശിക്കുന്നത് പൗലോസിനെയാണോ എന്നു വ്യക്തമല്ല. ഈശോയെക്കുറിച്ചും മറ്റുമുള്ള തെറ്റായ കഥകൾപോലെ ശ്ലീഹന്മാരെക്കുറിച്ചും ആ പുസ്തകത്തിൽ സൂചനകൾ ഉണ്ടാകാം. 'സാലിഹ്' എന്ന കഥാപാത്രം സാവൂളിനെയാകാം സൂചിപ്പിക്കുന്നത്. ബി.സി.100-നും എ.ഡി.100-നും ഇടയ്ക്കാണത്രേ തമൂദ് ഗോത്രം തിരസ്കരിച്ച ആ ദൂതന്റെ കാലം. വിശുദ്ധ പൗലോസ് അറിയപ്പെട്ടിരുന്നത് സാവൂൾ എന്നാണല്ലോ. അതിന്റെ അറബിയിലെ തത്ഭവമാകാം സാലിഹ്. ഈ സാലിഹിന്റെ പ്രബോധനം എന്താണെന്നോ എന്തുകൊണ്ട് അദ്ദേഹത്തെ തമൂദ് ഗോത്രക്കാർ തിരസ്കരിച്ചെന്നോ ഖുർആൻ പറയുന്നില്ല. വിശുദ്ധ പൗലോസിന്റെ വ്യക്‌തിത്വം ന്യൂനീകരിക്കാനുള്ള ശ്രമമായി മാത്രമേ ഇസ്ലാമിസ്റ്റുകളുടെ ബർണബാസ്‌ വിവരണത്തെ കാണാനാകൂ.

4. ന്യായപ്രമാണം: ഈശോയ്ക്കും പോളിനും വ്യത്യസ്ത നിലപാടുകളോ? ‍

പൗലോസിനെതിരായുള്ള ഇസ്ലാമിസ്റ്റുകളുടെ ആരോപണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് യഹൂദന്യായപ്രമാണത്തെ സംബന്ധിച്ചതാണ്. ഇസ്ലാം വിശ്വാസമനുസരിച്ച് പശ്ചാത്താപവും പരിഹാരബലികളും അള്ളായെ പ്രസാദിപ്പിക്കുകയില്ല, ഇസ്ലാമിൽ ഒരു രക്ഷകസങ്കൽപ്പവും ഇല്ല. സ്വർഗ്ഗത്തിലേക്കുള്ള ഏകമാർഗം ശരിയത്ത് നിയമം പാലിക്കുകയാണ്. ന്യായപ്രമാണത്തെ സംബന്ധിച്ച് ഈശോയും പൗലോസും വ്യത്യസ്‌ത നിലപാടുകളാണു സ്വീകരിച്ചിരിക്കുന്നതെങ്കിൽ പൗലോസിന്റെ അപ്പസ്തോലപദവിയും ക്രിസ്‌തുശിഷ്യത്വവുമൊക്ക ചോദ്യം ചെയ്യപ്പെടാം.

പക്ഷേ, നിയമപാലനത്തെ സംബന്ധിച്ച് ഈശോയും പൗലോസും പുലർത്തിയിരുന്നത് ഒരേ നിലപാടുകളാണ് എന്നതാണ് വാസ്‌തവം.

മോശയുടെ ന്യായപ്രമാണം ആധികാരികമായി വ്യാഖ്യാനിക്കുകയും തിരുത്തുകയും ചെയ്‌ത ഈശോ നിയമങ്ങളെല്ലാം അനുസരിച്ചുകൊണ്ടാണ് ജീവിച്ചത്. തനിക്കു പതിവായിരുന്നതുപോലെ ഈശോ സിനഗോഗിൽ പോവുകയും ഇതരനിയമങ്ങൾ പാലിക്കുകയും ചെയ്‌തിരുന്നു. (ലൂക്കാ 4,16). നിയമത്തോടുള്ള ഈശോയുടെ മനോഭാവം അവിടുന്നു വ്യക്തമാക്കുന്നതു ശ്രദ്ധിക്കുക: 'നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാൻ വന്നതെന്നു നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂർത്തിയാക്കാനാണ് ഞാൻ വന്നത്' (മത്തായി 5, 17). നിയമങ്ങൾ ഒഴിവാക്കി ജീവിക്കാനാണ് ഈശോ പഠിപ്പിക്കുന്നത്. പഴയവ അസാധുവാക്കുകയുമല്ല അവിടുത്തെ ഉദ്ദേശ്യം. പിതാവിന്റെ ഇഷ്ടം നിറവേറ്റുന്ന പുത്രനായ ഈശോ നിയമാനുസരണത്തിലൂടെ നിയമങ്ങൾ പൂർത്തിയാക്കി. അങ്ങനെ തന്നെക്കുറിച്ചുള്ള പിതാവിന്റെ ഇംഗിതവും പ്രവാചകന്മാരുടെ വചനങ്ങളും സഫലമാക്കി.

തന്നെപ്പോലെ നിയമം അനുസരിക്കുന്ന ഒരു ദൈവജനത്തെയാണ് ഈശോ രൂപപ്പെടുത്താൻ ആഗ്രഹിച്ചത്. അവിടുന്നു പ്രസംഗിച്ച ദൈവരാജ്യം നിയമാനുഷ്ഠാനത്തിന്റെ സങ്കുചിതത്വത്തിൽ ഒതുങ്ങുന്ന ഒന്നായിരുന്നില്ല തോറായുടെ ആധികാരികതയെ ഈശോ ചോദ്യം ചെയ്‌തില്ല. എന്നാൽ, തോറായുടെ ആന്തരിക ചൈതന്യമായ സ്നേഹവും കാരുണ്യവും സർവപ്രധാനമാണെന്നു അവിടുന്ന് പഠിപ്പിച്ചു.

വിശുദ്ധ പൗലോസും ഈശോയെപ്പോലെ പുതിയൊരു ദൈവജനത്തെ വിഭാവനം ചെയ്‌തു. പരമ്പരാഗതമായി മോശയുടെ ന്യായപ്രമാണം പാലിച്ചു പോന്ന യഹൂദർ മാത്രമല്ല, യഹൂദരുടെ ദൃഷ്ടിയിൽ വിജാതീയരായ ഇതര ജനതകൾക്കും ഈ ദൈവജനത്തിൽ അംഗത്വമുണ്ട്. കാരണം ദൈവത്തിന് മുഖം നോട്ടമില്ല; പക്ഷപാതവുമില്ല. ഇരുകൂട്ടരെയും ഒന്നിപ്പിക്കുന്ന ദൈവത്തിന്റെ രക്ഷാകരപദ്ധതി ഈശോയിലൂടെയാണു നിറവേറുന്നതെന്ന് വിശുദ്ധ പൗലോസ് പറയുന്നു.

ഈശോ നിയമങ്ങൾ അനുസരിച്ചവനാണ് (ഗലാ 4,4). പിതാക്കന്മാരോടുള്ള വാഗ്ദാനങ്ങൾ നിറവേറ്റുവാൻ യഹൂദരുടെ ഇടയിൽ ശുശ്രൂഷ നിർവഹിച്ചവനാണ് അവിടുന്ന് (റോമാ 15, 8). എന്നാൽ യഹൂദരെയും വിജാതീയരെയും ഒന്നിപ്പിക്കുന്ന പുതിയൊരു ദൈവജനസൃഷ്ടിയാണ് ഈശോയുടെയും പൗലോസിന്റെയും ലക്‌ഷ്യം. നിയമത്തിന്റെ ആന്തരികതയാണ് ഇക്കാര്യത്തിൽ മൗലികമായി പാലിക്കപ്പെടേണ്ടത്. ദൈവത്തിന്റെ കരുണയ്ക്ക് അതിർത്തി നിശ്ചയിക്കാതെ അവിടുന്നിൽ അഭയം ഗമിക്കുകയാണ് ഒരു വിശ്വാസിക്ക് കരണീയമായിട്ടുള്ളത്. നിയമം അനുസരിക്കുന്ന യഹൂദരെയും പാപികളായി മുദ്രകുത്തപ്പെട്ടിരുന്ന ആളുകളെയും ഒരേപോലെ സ്നേഹിച്ച് ഈശോയുടെ അതേ നിലപാടാണ് വിശുദ്ധ പൗലോസും പുലർത്തിയിരുന്നത് എന്നു സാരം.

ചുരുക്കത്തിൽ, ഇസ്ലാമിസ്റ്റുകൾ വിമർശിക്കുന്ന വിശുദ്ധ പൗലോസ് അവരുടെ സങ്കൽപ്പത്തിലുള്ള ഒരു കഥാപാത്രമാണ്. കാരണം യഥാർത്ഥ വിശുദ്ധ പൗലോസ് വിമർശകർ ചിത്രീകരിക്കുന്ന ആളല്ല. ഈശോയിൽ നിന്നു ശിക്ഷണം സ്വീകരിച്ച വിശുദ്ധ പൗലോസ് ഈശോയുടെ ശ്ലീഹായും അവിടുന്നു പ്രസംഗിച്ച സുവിശേഷത്തിന്റെ പ്രഘോഷകനുമായിരുന്നു. സ്വന്തമായി ഒരു മതം സ്ഥാപിക്കുകയോ ഈശോയുടെ പ്രബോധനങ്ങളെ തിരുത്തുകയോ അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. വിശുദ്ധ പൗലോസ് സ്ത്രീപുരുഷന്മാരായ നിരവധി സഹപ്രവർത്തകരുമായി ചേർന്നു പ്രവർത്തിച്ച ഒരു ശ്ലീഹായാണ്. മാനുഷികമായ ഇഷ്ടാനിഷ്ടങ്ങളും സ്വഭാവരീതികളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അവയെല്ലാം ആശയപരമായ ഭിന്നതകളായി ചിത്രീകരിക്കുന്നതു ശരിയല്ല. ഈശോമിശിഹായാകുന്ന അസ്തിവാരത്തിൽ ദൈവജനത്തെ കെട്ടിപ്പടുക്കാൻ അധ്വാനിച്ച ആളെന്ന നിലയിൽ വിശുദ്ധ പൗലോസിന് തിരുസഭയിൽ അനന്യമായ സ്ഥാനമാണുള്ളത്. ഈശോയുടെ ദൈവത്വം വിശുദ്ധ പൗലോസാണ് ഏറ്റവും ആധികാരികമായി സ്ഥാപിച്ചത്. വിശുദ്ധ പൗലോസ് ഇല്ലാക്കഥകള്‍ ഉണ്ടാക്കിയ ആളാണെന്ന് വരുത്തി ഈശോ മിശിഹായുടെ ദൈവത്വം നിഷേധിക്കുകയാണ് ഇസ്ലാമിസ്റ്റുകൾ ലക്ഷ്യമിടുന്നത് എന്ന് കരുതുന്നതിൽ തെറ്റില്ല.

ഖുർആനിലെ അള്ളാ വിശുദ്ധ പൗലോസിനെ വിമർശിക്കുന്നില്ല. ഈ പൗലോസിനെ ഇസ്ലാമിസ്റ്റുകൾ വിമർശിക്കുന്നതിന്റെ സാംഗത്യം വ്യക്തമല്ല. മറ്റൊരു സുപ്രധാന കാര്യം, അവർ തെറ്റാണെന്നും അസ്വീകാര്യമാണെന്നും കുറ്റപ്പെടുത്തുന്ന ബൈബിൾ തന്നെ ആധാരമാക്കിയാണ് അവർ പൗലോസിനെ വിമർശിക്കുന്നത് എന്നതാണ്. ഇതൊരു വിരോധാഭാസമല്ലേ? മറ്റൊരു സ്രോതസ്സും അവർക്കു ചൂണ്ടിക്കാണിക്കാനില്ല. പരസ്പര വിരുദ്ധവും ചരിത്രപരമായി നിലനിൽപ്പില്ലാത്തതുമായ വാദഗതികളാണ് സെന്റ് പൗലോസിനെപ്പറ്റി ഇസ്ലാമിസ്റ്റുകൾ ഉന്നയിക്കുന്നത്.

(''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം).

➤ ➤➤➤ (തുടരും...) ➤➤➤

ഈ ലേഖനപരമ്പരയുടെ ആദ്യ എട്ടുഭാഗങ്ങള്‍:

ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ‍

യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 ‍

ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 ‍

വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 ‍

പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 ‍

ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05 ‍

വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06 ‍

ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും | ലേഖനപരമ്പര 07 ‍

ബൈബിളിലെ പ്രവാചകരും ഇസ്ലാമിലെ മുഹമ്മദും | ലേഖനപരമ്പര 08 ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുകളിലെ ലേഖനത്തിന് ആധാരമായ കുറിപ്പുകൾ ‍

1. David B. Capes, Rodney Reeves, E, Randolph Richards, Rediscovering Paul (Downers Grove , II. IVP, 2007 ).

2. Mark Beaumont (ed), Arab Christians and the Quran from the Origins of Islam to the Medieval Period (The History of Christian-Muslim Relations 35; Leiden: Brill 2018).

3. Timo Giizelmansur (ed), Die offiziellen Dokumente der katholischen Kirche zum Dialog mit dem Islam (Regensburg: Pustet, 2009).

4. David G. Horell, An Introduction to the Study of Paul (London - New York : Continuum, 2000).

5. Christian Troll, SJ, Als Christ dem Islam begegnen (Wuerzburg: Echter, 2007).

6. "Der Koran und die Bibel", Welt und Umwelt der Bibel Vol 5, I (2000).

7. "Der Koran: mehr als ein Buch", Welt und Umvelt der Bibel Vol 17, I (2012).


Related Articles »