India - 2024
കന്യാസ്ത്രീകള്‍ക്കുള്ള സിംഗിള്‍ റേഷന്‍ കാര്‍ഡ് വിതരണം ഇഴയുന്നു
11-04-2021 - Sunday
കോട്ടയം: കന്യാസ്ത്രീ, സന്യാസ മഠങ്ങളിലും അഗതിമന്ദിരങ്ങളിലും ഏര്‍പ്പെടുത്തിയ സിംഗിള്‍ റേഷന്‍കാര്‍ഡ് വിതരണം ഇഴയുന്നു. ലാമിനേഷന്‍ യന്ത്രം കേടാണെന്നും അച്ചടിക്കാനുള്ള കാര്‍ഡുകള്‍ എത്തിയില്ലെന്നുമുള്ള സാങ്കേതിക കാര്യങ്ങളാണ് സപ്ലൈ ഓഫീസുകളില്‍നിന്ന് ലഭിക്കുന്നത്. എണ്ണായിരത്തോളം അപേക്ഷകളാണു വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത്. മാര്‍ച്ച് മുതല്‍ സിംഗിള്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ധാന്യം വാങ്ങിത്തുടങ്ങാമെന്നായിരുന്നു അറിയിപ്പ്. തെരഞ്ഞെടുപ്പ് പബ്ലിസിറ്റിയുടെ ഭാഗമായി ആയിരത്തില്‍ താഴെ പേര്‍ക്കു ജില്ലയില്‍ കാര്‍ഡ് നല്‍കിയശേഷം അപേക്ഷകള്‍ പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥരും താത്പര്യം കാണിക്കുന്നില്ല.
കഴിഞ്ഞ രണ്ടാഴ്ച ഏറെ ജീവനക്കാരും തെരഞ്ഞെടുപ്പ് സ്‌പെഷല്‍ ഡ്യൂട്ടിയിലായിരുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിരവധി പേര്‍ അവധിയെടുക്കുകയും ചെയ്തു. കുടുംബങ്ങള്‍ക്കുള്ള സൗജന്യ കിറ്റായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഒന്നാം നന്പറെങ്കിലും കിറ്റ് വിതരണം ഇപ്പോഴും ഇഴഞ്ഞുതന്നെ. മാര്‍ച്ചിലെ കിറ്റ് ബിപിഎല്‍ വിഭാഗത്തില്‍ പിങ്ക്, മഞ്ഞ കാര്‍ഡുകള്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. എപിഎല്‍ വിഭാഗത്തിലെ നീല, വെള്ള കാര്‍ഡുകളുടെ വിതരണം ഇഴയുകയുകയാണ്. ഏപ്രിലിലെ വിഷു കിറ്റ് വിതരണവും അനിശ്ചിതമായി നീളുകയാണ്.