Social Media
കുരിശ് സ്വർഗ്ഗത്തിലേക്കുള്ള ഗോവണി | തപസ്സു ചിന്തകൾ 30
ഫാ. ജെയ്സണ്‍ കുന്നേല്‍ എംസിബിഎസ് 21-03-2023 - Tuesday
"കുരിശല്ലാതെ സ്വർഗ്ഗത്തിലേക്കു പോകാൻ നമുക്കു മറ്റൊരു ഗോവണി ഇല്ല" - ലീമായിലെ വിശുദ്ധ റോസ.
നമ്മുടെ ജീവിതത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു സഹനങ്ങളും കുരിശുകളും രക്ഷകരമാണ്, സ്വർഗ്ഗ സൗഭാഗ്യത്തിലേക്കു നയിക്കുന്ന ചവിട്ടുപടികളാണവ. അവയെ ഓർത്തു നന്ദി പറയാൻ നമുക്കാവണം. നമ്മുടെ ഉദ്യമങ്ങൾക്കെതിരെയുള്ള എതിർപ്പുകൾ ഉണ്ടാകുമ്പോൾ, കുടുംബ -സമൂഹ ജീവിതങ്ങളിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ, നല്ല നിയോഗങ്ങളെ ദുർവ്യാഖ്യാനം ചെയ്യുമ്പോൾ, മറ്റുള്ളവരിൽ നിന്നു എളിമപ്പെടുത്തലുകൾ ഉണ്ടാകുമ്പോൾ, കഠിനമായ രീതിയിൽ നമ്മളോടു പെരുമാറുമ്പോൾ, തെറ്റായ സംശയങ്ങൾക്ക്, അനാരോഗ്യത്തിനും ശക്തിയില്ലായ്മക്കും, ആത്മപരിത്യാഗത്തിനും, നമ്മോടു തന്നെ സമരം ചെയ്യേണ്ടി വരുമ്പോൾ അവയെ ഓർത്തു നിരാശപ്പെടാതെ ഈശോയുടെ കുരിശോടു ചേർത്തു വയ്ക്കുക. അവ രക്ഷാകരമാകും, സ്വർഗ്ഗത്തോടു നമ്മളെ കൂടുതൽ അടുപ്പിക്കും.
ഈശോ വി. ഫൗസ്റ്റീനയ്ക്കു നൽകിയ സ്വകാര്യ വെളിപാടിൽ ഇപ്രകാരം പറഞ്ഞതായി സാക്ഷ്യപ്പെടുത്തുന്നു."സഹനങ്ങളെ പ്രതി നി ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്. സഹനങ്ങളെ നീ കൂടുതൽ സ്നേഹിക്കാൻ തുടങ്ങുമ്പോൾ എന്നോടുള്ള നിന്റെ സ്നേഹം കൂടുതൽ പരിശുദ്ധമായിത്തീരും". നോമ്പിലെ മുപ്പതാംനാൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന കഷ്ടപ്പാടുകളും, രോഗങ്ങളും സഹനങ്ങും വിലമതിക്കാൻ നമുക്കു പഠിക്കാം അങ്ങനെ അനുദിന ജീവിതത്തിലെ കുരിശുകളെ സ്നേഹത്തോടെ വഹിച്ചുകൊണ്ടു സ്വർഗ്ഗരാജ്യ പ്രവേശനം നമുക്കു യാഥാർത്ഥ്യമാക്കാം.