Life In Christ - 2024

രാജ്യത്തിന് കത്തോലിക്ക സഭ നല്‍കിയ സംഭാവന നന്ദിയോടെ അനുസ്മരിച്ച് ഘാന പ്രസിഡന്റ്

പ്രവാചകശബ്ദം 24-03-2023 - Friday

അക്ര: വത്തിക്കാനുമായി വിവിധ മേഖലകളിൽ സഹകരണത്തിന് രാജ്യം സന്നദ്ധമാണെന്നും രാജ്യത്തിന് സഭ നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുകയാണെന്നും ആഫ്രിക്കൻ രാജ്യമായ ഘാനയുടെ പ്രസിഡന്റ് നാന അടോ. ഫ്രാൻസിസ് പാപ്പ കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് രാജ്യത്തു നടന്ന പരിപാടിയിൽ സംബന്ധിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. മനുഷ്യക്കടത്ത്, ആരോഗ്യ പുരോഗതി, കാലാവസ്ഥാ വൃതിയാനം തുടങ്ങിയ മേഖലകളിൽ സഹകരണം സാധ്യമാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

മതസ്വാതന്ത്ര്യം, മനുഷ്യാവകാശം, സമത്വം തുടങ്ങിയവ സംബന്ധിച്ച് ഘാനയും, വത്തിക്കാനും സമാനമായ തത്വങ്ങളാണ് പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യ തലസ്ഥാനമായ അക്രയിൽവെച്ച് നടന്ന ചടങ്ങിൽ 10 വർഷം മുന്‍പായിരുന്നു ഘാന വത്തിക്കാനിലേക്ക് തങ്ങളുടെ ആദ്യ നയതന്ത്ര പ്രതിനിധിയെ അയച്ചതെന്ന് പ്രസിഡന്റ് നാന അടോ സ്മരിച്ചു. എന്നാൽ ഏതാണ്ട് ഒരു നൂറ്റാണ്ട് മുൻപേ തന്നെ രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനുവേണ്ടി കത്തോലിക്ക സഭ സംഭാവനകൾ നൽകുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സഭയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അയ്യായിരത്തോളം പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളും, 13 കോളേജുകളും, രണ്ട് യൂണിവേഴ്സിറ്റി കോളേജുകളും, ഒരു യൂണിവേഴ്സിറ്റിയും സ്ഥാപിക്കപ്പെട്ടു. കൂടാതെ സഭയുടെ നേതൃത്വത്തിൽ 49 ആശുപത്രികളും, 94 ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം സ്മരിച്ചു. ഭാവിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക സന്ദർശനത്തിന് ഘാന വേദിയാകുമെന്ന പ്രതീക്ഷയിലാണ് പൗരന്മാരെന്നും പ്രസിഡന്റ് നാന കൂട്ടിച്ചേർത്തു. ഘാനയിലെ ജനസംഖ്യയുടെ പകുതിയിലധികവും ക്രൈസ്തവരാണ്.

More Archives >>

Page 1 of 87