Arts

‘പാദ്രെ പിയോ’ ജൂൺ രണ്ടിന് തീയേറ്ററുകളിലേക്ക്

പ്രവാചകശബ്ദം 30-03-2023 - Thursday

ന്യൂയോര്‍ക്ക്: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ മിസ്റ്റിക്കുകളില്‍ പ്രധാനിയും പഞ്ചക്ഷതധാരിയുമായ ഇറ്റാലിയന്‍ വൈദികന്‍ വിശുദ്ധ പാദ്രെ പിയോയുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ ജൂൺ രണ്ടിന് തീയേറ്ററുകളിലെത്തും. യഹൂദ വിശ്വാസം ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ച ഷിയ ലാബ്യൂഫ് അഭിനയിച്ച സിനിമ, നോർത്ത് അമേരിക്കയിൽ 'ഗ്രാവിറ്റാസ് വെഞ്ചേഴ്‌സ്' ആണ് തീയേറ്ററുകളിലേക്ക് എത്തിക്കുക. ‘പാദ്രെ പിയോ’ എന്ന്‍ തന്നെ പേര് നല്‍കിയിരിക്കുന്ന ചിത്രം 2022 സെപ്റ്റംബറിൽ വെനീസ് ഫിലിം ഫെസ്റ്റിവലിലും ഈ മാസമാദ്യം മാമോത്ത് ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരിന്നു.

പാദ്രെ പിയോയെ അവതരിപ്പിക്കുവാന്‍ ലാബ്യൂഫ്, കപ്പൂച്ചിൻ സന്യാസിമാർക്കൊപ്പം നാല് മാസം ആശ്രമത്തില്‍ താമസിച്ചിരിന്നു. 'വേർഡ് ഓൺ ഫയർ' മിനിസ്ട്രിയുടെ സ്ഥാപകൻ ബിഷപ്പ് റോബർട്ട് ബാരണുമായി കഴിഞ്ഞ വര്‍ഷം നടത്തിയ അഭിമുഖത്തില്‍ താന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചതിന് പിന്നില്‍ വിശുദ്ധ പാദ്രെപിയോയുടെ ഇടപെടല്‍ ഉണ്ടായിരിന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരിന്നു. വിശുദ്ധ പാദ്രെ പിയോയുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രത്തിൽ അഭിനയിച്ചതാണ് വഴിത്തിരിവായ തീരുമാനത്തിന് പിന്നിലെ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് വ്യക്തിപരമായ നിരവധി പ്രശ്നങ്ങൾ തന്നെ അലട്ടിയിരുന്നതായി ലാബ്യൂഫ് അഭിമുഖത്തില്‍ അന്നു വെളിപ്പെടുത്തി. സൂപ്പര്‍ഹിറ്റ്‌ ചിത്രമായ ട്രാന്‍സ്ഫോര്‍മേഴ്സിലെയും ഇന്ത്യാന ജോണ്‍സ് സിനിമകളിലെയും അഭിനയത്തിന് പുറമേ നിരവധി ഡിസ്നി ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രസിദ്ധനാണ് ലാബ്യൂഫ്. 2014-ല്‍ ഫ്യൂരി എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇദ്ദേഹം യഹൂദ മതത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നത്. എങ്കിലും കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരിന്നില്ല.

More Archives >>

Page 1 of 54