Arts

ആഫ്രിക്കയില്‍ സേവനം ചെയ്യുന്ന കത്തോലിക്ക കന്യാസ്ത്രീകള്‍ക്ക് ബില്‍ഡേഴ്‌സ് ഓഫ് ആഫ്രിക്കാസ് ഫ്യൂച്ചര്‍ അവാര്‍ഡ്

പ്രവാചകശബ്ദം 11-04-2023 - Tuesday

സാന്റാ ക്ലാര: ആഫ്രിക്കയില്‍ നടത്തിയ വിവിധങ്ങളായ വികസന പദ്ധതികള്‍ കണക്കിലെടുത്ത് മൂന്ന്‍ കത്തോലിക്ക കന്യാസ്ത്രീകള്‍ക്ക് ആഫ്രിക്കന്‍ ഡയാസ്പോര നെറ്റ്‌വര്‍ക്കിന്റെ (എ.ഡി.എന്‍) ന്റെ ‘ബില്‍ഡേഴ്സ് ഓഫ് ആഫ്രിക്കാസ് ഫ്യൂച്ചര്‍ (ബി.എ.എഫ്) 2022’ അവാര്‍ഡ്. 1971-ല്‍ സാംബിയയിലെ മോണ്‍സെ രൂപതയില്‍ സ്ഥാപിതമായ സിസ്റ്റേഴ്സ് ഓഫ് ദി ഹോളി സ്പിരിറ്റ്‌ സമൂഹാംഗമായ സിസ്റ്റര്‍ ജൂണ്‍സാ ക്രിസ്റ്റബേല്‍ മവാങ്ങാനി, ഉഗാണ്ടയിലെ ഡോട്ടേഴ്സ് ഓഫ് ചൈല്‍ഡ് ജീസസ് സമൂഹാംഗമായ സിസ്റ്റര്‍ ഫ്രാന്‍സസ് കബാഗാജു, ഉഗാണ്ടയിലെ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ്‌ ഫ്രാന്‍സിസ് സമൂഹാംഗമായ സിസ്റ്റര്‍ റോസ് തുമിത്തോ എന്നിവരാണ് അവാര്‍ഡിനു അര്‍ഹരായിരിക്കുന്നത്.

തന്റെ സന്യാസ സമൂഹത്തിന്റെ സഹായത്തോടെ 2019-ല്‍ സാംബിയയിലെ മസാബുക്കായിലെ മഗോയെയിലെ മുലാണ്ടോ ഗ്രാമത്തില്‍ നടപ്പിലാക്കിയ ‘എമര്‍ജിംഗ് ഫാര്‍മേഴ്സ് ഇനീഷ്യെറ്റീവ്’ എന്ന പദ്ധതിയാണ് സിസ്റ്റര്‍ ജൂണ്‍സായെ അവാര്‍ഡിനര്‍ഹയാക്കിയത്. ഒരു സെക്കണ്ടറി സ്കൂളിന്റെ പശ്ചാത്തലത്തില്‍ ഒരു ഉല്‍പ്പാദക യൂണിറ്റ് തന്നെ പ്രവര്‍ത്തിപ്പിക്കുകയും, പരിശീലനം നല്‍കുകയും ചെയ്യുന്ന പദ്ധതിയാണ് എമര്‍ജിംഗ് ഫാര്‍മേഴ്സ് ഇനീഷ്യെറ്റീവ്’. ഭൂരിഭാഗം സ്കൂളുകളും വിദ്യാഭ്യാസകാര്യങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍, എമര്‍ജിംഗ് ഫാര്‍മേഴ്സ് ഇനീഷ്യെറ്റീവ് വിദ്യാഭ്യാസത്തിനും, പഠനത്തിനും പുറമേ, കോഴി, താറാവ് ഫാം, മുട്ട ഉല്‍പ്പാദക യൂണിറ്റ്, പച്ചക്കറി തോട്ടം, പഴവര്‍ഗ്ഗങ്ങളുടെ തോട്ടം, ചോളകൃഷി തുടങ്ങിയവ നടത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഉഗാണ്ട-കോംഗോ അതിര്‍ത്തിയിലെ റ്വെന്‍സോരിയിലെ എന്‍കുരുബായില്‍ ആരോഗ്യപരിപാലന കേന്ദ്രം നടത്തിവരികയാണ് നേഴ്സായും, ക്ലിനിക്കല്‍ ഓഫീസറായും സേവനം ചെയ്യുന്ന സിസ്റ്റര്‍ ഫ്രാന്‍സസ് കബാഗാജു. സിസ്റ്ററുടെ സേവനം അനേകരെയാണ് കൈപിടിച്ചു ഉയര്‍ത്തിയത്. തനിക്ക് കിട്ടുന്ന അവാര്‍ഡ് തുക അമ്മമാരുടെയും, നവജാത ശിശുക്കളുടെയും പരിചരണത്തിനു ഉപയോഗിക്കുമെന്നു സിസ്റ്റര്‍ കബാഗാജു പറഞ്ഞു. സ്ത്രീകളുടെയും, യുവജനങ്ങളുടെയും ഉന്നമനത്തിനുള്ള അവസരങ്ങള്‍ നല്‍കുന്ന ജിന്‍ജയിലെ മദര്‍ കെവില്‍ പ്രോവിഡന്‍സ് സോഷ്യല്‍ എന്റര്‍പ്രൈസ് എന്ന സംരഭത്തിന്റെ സ്ഥാപകരില്‍ ഒരാളാണ് സിസ്റ്റര്‍ റോസ് തുമിത്തോ.

തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കും, പഠനം ഉപേക്ഷിച്ചവര്‍ക്കും വേണ്ട പരിശീലനം നല്‍കുക വഴി അവരെ യഥാര്‍ത്ഥ ലോകത്തെ നേരിടുവാന്‍ പ്രാപ്തരാക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നു സിസ്റ്റര്‍ ജൂണ്‍സാ പറയുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ സംരഭകത്വവും, സാമ്പത്തിക പുരോഗതിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിലിക്കണ്‍വാലി ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് 2010-ല്‍ സ്ഥാപിതമായ ആഫ്രിക്കന്‍ ഡയാസ്പോര നെറ്റ്വര്‍ക്ക്. 25,000/- ഡോളറാണ് അവാര്‍ഡിനര്‍ഹരായവര്‍ക്ക് ലഭിക്കുന്ന തുക.

More Archives >>

Page 1 of 55